തമിഴ്നാട്ടില്‍ കുഴല്‍ക്കിണറില്‍ വീഴുന്ന കുട്ടികളെ രക്ഷപ്പെടുത്താന്‍ സ്വദേശി റോബോട്ട്
Friday, April 18, 2014 11:07 PM IST
ചെന്നൈ: കഴിഞ്ഞ 14നു തിരുനല്‍വേലിയില്‍ കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തിയത് ഒരു റോബോട്ടാണ്, മധുര സ്വദേശി മണികണ്ഠന്‍ രൂപം നല്കിയ യന്ത്രക്കൈകളുള്ള റോബോട്ട്.

2003 ല്‍ കുഴല്‍ക്കിണറില്‍ വീണ തന്റെ മകന്റെ നിസഹായാവസ്ഥയാണു കുഴല്‍ക്കിണര്‍ റോബോട്ട് നിര്‍മിക്കാന്‍ മണികണ്ഠനെ പ്രേരിപ്പിച്ചത്. അന്ന് എന്റെ മകനെ അഗ്നിശമനസേനാംഗങ്ങള്‍ രക്ഷപ്പെടുത്തി. ഇന്ന് നിരവധി കുട്ടികള്‍ മൂടിയില്ലാത്ത കിണറില്‍ വീണു മരിക്കുന്നു. എല്ലാ ദിവസവും പ്രാര്‍ഥിക്കും, ഈ റോബോട്ട് ഇന്നു കുഴല്‍ക്കിണറില്‍ ഇറങ്ങാന്‍ ഇടവരുത്തരുതേ എന്ന് 43 കാരനും ഐടിഐ വിദ്യാര്‍ഥിയുമായ മണികണ്ഠന്‍ പറയുന്നു.

രണ്ടടി ഉയരമുള്ള ഇരുമ്പുചട്ടമുള്‍പ്പെടെ റോബോട്ടിന് അഞ്ചു കിലോഗ്രാം ഭാരമുണ്ട്. എത്ര ആഴമുള്ള കിണറിലും കയറുമായി ബന്ധിപ്പിക്കാന്‍ ഈ ഇരുമ്പുചട്ടത്തിന് ഒരു കൊളുത്തുണ്ട്. ഇരുട്ടിലും കിണറിലെ ചിത്രങ്ങള്‍ പകര്‍ത്തുന്ന ഹൈ റസലൂഷന്‍ കാമറയുണ്ട്. മറ്റൊരു സവിശേഷത റോബോട്ടിന്റെ കൈകളാണ്. കാമറക്കണ്ണുകളിലൂടെ കുട്ടിയെ കണ്െടത്തിയാല്‍ പിന്നീട് എത്തിപ്പിടിക്കാന്‍ ശ്രമിക്കും. കിണറിനുള്ളിലെ ചിത്രങ്ങള്‍ കംപ്യൂട്ടര്‍ സ്ക്രീനിലൂടെ കാണാം. അങ്ങനെ റോബോട്ടിനെ നിയന്ത്രിക്കാം. അന്‍പതു കിലോഗ്രാം ഭാരംവരെ ഈ റോബോട്ടിനു വഹിക്കാനാകും.

കഴിഞ്ഞ 14നു തിരുനല്‍വേലിയില്‍ കിണറിനുള്ളില്‍ എത്തിച്ച ആദ്യ റോബോട്ടിന് റബര്‍ കൈകളായിരുന്നു. പേടികൊണ്ടാവാം കുട്ടി അതു തട്ടിമാറ്റി. പിന്നീടാണു ക്ളാമ്പ് കൈകളെക്കുറിച്ചു ചിന്തിച്ചത്. അങ്ങനെ കുട്ടി റോബോട്ടിന്റെ ക്ളാമ്പു കൈകള്‍ക്കുള്ളിലാവുകയും ചെയ്തു.


കുട്ടികള്‍ കിണറ്റില്‍ വീണു മണിക്കൂറുകള്‍ക്കുശേഷമാവും അപകടത്തെക്കുറിച്ച് അറിയിക്കുക. കുട്ടി അബോധാവസ്ഥയിലായാല്‍ രക്ഷപ്പെടുത്താനുള്ള സാധ്യത കുറയും. റോബോട്ടുകളുടെ നിര്‍മാണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണു മണികണ്ഠന്റെ ആവശ്യം. റോബോട്ടുകള്‍ നിര്‍മിച്ച് അഗ്നിശമന സേനാംഗങ്ങള്‍ക്കു നല്കണം. ഒരു റോബോട്ടിന് 60,000 രൂപയില്‍ കൂടുതല്‍ ചെലവാകില്ലെന്നും മണികണ്ഠന്‍ പറയുന്നു.

പത്തുവര്‍ഷത്തിനിടയില്‍ തമിഴ്നാട്ടില്‍ 22 കുട്ടികളാണു മൂടിയില്ലാത്ത കിണറ്റില്‍ വീണു മരിച്ചിട്ടുള്ളത്. 2014 ഏപ്രില്‍ ഏഴിനു വില്ലുപുരത്ത് ത്യാഗതുരുകം പള്ളച്ചേരി രാമചന്ദ്രന്റെ മകള്‍ മധുമിത 500 അടി താഴ്ചയുള്ള കിണറില്‍ വീണു മരിച്ചു. 2009 ഫെബ്രുവരി ആറിന് ആണ്ടിപ്പട്ടിയില്‍ ആറുവയസുള്ള പെണ്‍കുട്ടി മായി മരിച്ചത് മുപ്പതുമണിക്കൂര്‍ മരണത്തോടുമല്ലിട്ടാണ്. അതേവര്‍ഷം ഓഗസ്റ് 27നു തിരുവണ്ണാമലൈ തണ്ടരാംപട്ടിയില്‍ മൂന്നു വയസുള്ള ഗോപിനാഥ് എന്ന കുട്ടിയും മരിച്ചു. 2011 സെപ്റ്റംബര്‍ എട്ടിനു നെല്ലൈയിലെ കൈലാസനാഥപുരത്ത് 200 അടി താഴ്ചയുള്ള കിണറില്‍ വീണാണു സുദര്‍ശന്‍ മരിച്ചത്. 2012 ഓഗസ്റ് ഒന്നിനു കൃഷ്ണഗിരിയിലെ തളിയില്‍ മൂന്നു വയസുള്ള ഗുണ എന്ന കുട്ടി 50 അടി താഴ്ചയുള്ള കിണറ്റില്‍ വീണു മരിച്ചു.

2013 ഏപ്രില്‍ 28ന് കരൂരില്‍ മുത്തുലക്ഷ്മിയെന്ന പിഞ്ചുകുട്ടി മരിച്ചു. ഇതേ വര്‍ഷം സെപ്റ്റംബര്‍ 28ന് തിരുവണ്ണാമലൈയിലെ പുലവന്‍പട്ടിയില്‍ പത്തുമണിക്കൂറോളം കുഴല്‍ക്കിണറില്‍ അകപ്പെട്ട നാലുവയസുള്ള ദേവി രക്ഷാപ്രവര്‍ത്തകര്‍ ശ്രമം ഉപേക്ഷിച്ചതിനെത്തുടര്‍ന്നാണു മരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.