നാവികസേനാ മേധാവി ധവന്‍ ചുമതലയേറ്റു
നാവികസേനാ മേധാവി ധവന്‍ ചുമതലയേറ്റു
Friday, April 18, 2014 11:44 PM IST
ന്യൂഡല്‍ഹി: നാവികസേനാ മേധാവിയായി അഡ്മിറല്‍ റോബിന്‍ കെ. ധവന്‍ ചുമതലയേറ്റു. മുങ്ങിക്കപ്പല്‍ ദുരന്തത്തെത്തുടര്‍ന്ന് അഡ്മിറല്‍ ഡി.കെ. ജോഷി രാജിവച്ച ഒഴിവിലാണു ധവന്‍ ചുമതലയേറ്റത്.

ജോഷിയുടെ രാജിക്കുശേഷം നാവിക സേനയുടെ ആക്ടിംഗ് ചീഫായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അഡ്മിറല്‍ റോബിന്‍ കെ. ധവന്‍. വെസ്റേണ്‍ നേവല്‍ കമന്‍ഡാന്റ് ആയിരുന്ന വൈസ് അഡ്മിറല്‍ ശേഖര്‍ സിന്‍ഹയെ മറികടന്നാണു റോബിന്‍ ധവന്‍ നാവികസേനയുടെ തലപ്പത്തെത്തിയിരിക്കുന്നത്. ശേഖര്‍ സിന്‍ഹയാണ് ഇപ്പോള്‍ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെങ്കിലും തന്റെ ചുമതലയിലുള്ള മേഖലയിലാണു നാവികസേനാ യാനങ്ങളുടെ രണ്ടു പ്രധാന അപകടങ്ങള്‍ നടന്നതെന്നത് അദ്ദേഹത്തിനു വിനയാവുകയായിരുന്നു. സിന്‍ഹ അടുത്ത ഓഗസ്റില്‍ വിരമിക്കുകയും ചെയ്യും.


ഇതേത്തുടര്‍ന്നാണ്, രണ്ടാമത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ റോബിന്‍ ധവനെ നാവികസേനാ മേധാവിയാക്കാന്‍ മന്ത്രാലയം തീരുമാനിച്ചത്. അമ്പത്തൊമ്പതുകാരനായ ധവന് 25 മാസത്തെ സര്‍വീസ് കാലാവധി കൂടിയുണ്ട്. ഡി.കെ. ജോഷിയുടെ രാജിക്കുശേഷം രണ്ടുമാസം നാവികസേനയ്ക്കു പുതിയ മേധാവിയെ നിയമിക്കാതിരുന്നതു പ്രതിരോധമന്ത്രാലയത്തെ ഏറെ സമ്മര്‍ദത്തിലാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.