മോദിയും അജയ്റായിയും: അങ്കക്കളമായി വാരാണസി
Friday, April 18, 2014 10:10 PM IST
സെബി മാത്യു

ന്യൂഡല്‍ഹി: പ്രാര്‍ഥനകളുടെ തണലില്‍ തലയുയര്‍ത്തി നില്‍ക്കുന്ന വിശ്വാസങ്ങളുടെ മഹാഗോപുരങ്ങളാണു വാരാണസിയുടെ മുഖമുദ്ര. സ്നാന ഘട്ടങ്ങളിലെ മന്ത്രോച്ചാരണങ്ങള്‍ മാത്രം പതിഞ്ഞ ശബ്ദത്തില്‍ കേട്ടിരുന്ന ക്ഷേത്ര നഗരിയില്‍ തെരഞ്ഞെടുപ്പിന്റെ പോര്‍വിളികളാണിപ്പോള്‍ മുഴങ്ങിക്കേള്‍ക്കുന്നത്.

വാരാണസിയില്‍ വിജയിക്കും എന്നുറച്ച വിശ്വാസത്തിലാണു നരേന്ദ്ര മോദിയും ബിജെപിയും. കടുത്ത വെല്ലുവിളിയുമായി അരവിന്ദ് കേജരിവാളും പ്രചാരണ രംഗത്തു ചൂടുപിടിപ്പിക്കുന്നു. കോണ്‍ഗ്രസിന്റെ അജയ് റായിയും പ്രചാരണത്തില്‍ ഒട്ടും തന്നെ പിന്നിലല്ല. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി കേജരിവാള്‍ കഴിഞ്ഞ ദിവസം പ്രചാരണത്തിനിറങ്ങിയതോടെയാണു വാരാണസി ശരിക്കും ചൂടുപിടിച്ചതെന്നു പറയാം. ഇവിടെ രൂപപ്പെട്ടു വരുന്ന മോദി വിരുദ്ധ തരംഗം തങ്ങള്‍ക്കെതിരായ ധ്രുവീകരണമുണ്ടാകുമെന്ന ആശങ്ക ബിജെപിക്കുള്ളില്‍ ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. വാരാണസിയിലെ 18 ശതമാനത്തോളം വരുന്ന മുസ്ലിം വോട്ടര്‍മാര്‍ക്കിടയില്‍ മോദി വിരുദ്ധ വികാരം ഉണ്ടായാല്‍ ബിജെപിക്കു തിരിച്ചടിയാകുമെന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം കടുത്ത ആശങ്കയിലാണ്. പ്രാദേശിക പാര്‍ട്ടികളും കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ബിഎസ്പി എന്നീ പാര്‍ട്ടികളും രംഗത്തുണ്െടങ്കിലും മോദിക്കെതിരായ ശക്തനായ എതിരാളി എന്ന അവകാശവാദമുന്നയിച്ചു കേജരിവാള്‍ മുതലെടുക്കുമെന്നാണു ലഭിക്കുന്ന സൂചന.

മഹന്തുകളും മഠാധിപന്‍മാരും ഉള്‍പ്പെടുന്ന വാരാണസിയിലെ സന്യാസിസംഘം മോദിക്കെതിരായി ശബ്ദമുയര്‍ത്തിത്തുടങ്ങിയിട്ടുണ്ട്. ഗുജറാത്തില്‍ കൊട്ടിഘോഷിച്ചു നടത്തിയെന്നവകാശപ്പെടന്ന വികസനപ്രവര്‍ത്തനങ്ങള്‍ വാരാണസിയില്‍ മോദിക്കു നേരെ തിരിഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്. റോഡ് വികസനത്തിന്റെ പേരില്‍ മോദി സര്‍ക്കാര്‍ അഹമ്മദാബാദിലെ 150ല്‍ അധികം ക്ഷേത്രങ്ങള്‍ ഇടിച്ചുനിരത്തിയതായി സരസ്വതീ വിദ്യാമഠത്തിലെ സ്വാമി അവിമുക്തേശ്വരാന്ദ പറയുന്നു. തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങളില്‍ പലതും നൂറ്റാണ്ടുകളോളും പഴക്കമുള്ളവയായിരുന്നു. മാത്രമല്ല സബര്‍മതി നദിയില്‍ അണകെട്ടി കൃത്രിമ കനാലിലൂടെ ജലം വഴിതിരിച്ചു വിട്ടു മോദി ഭൂമാഫിയയക്കു നദീതീരം പതിച്ചുകൊടുത്തെന്നും അദ്ദേഹം ആരോപിച്ചു. അധികാരത്തിലെത്തിയാല്‍ ഇതേരീതിയില്‍ വാരാണസിയില്‍ പുണ്യനദിയായ ഗംഗയേയും വഴി തിരിച്ചുവിടുമോയെന്നാണ് അദ്ദേഹം ചോദിക്കുന്നത്. മുമ്പു വാരാണസിയിലെ സന്യ ാസി ശ്രേഷ്ഠന്‍മാരുടെ എതിര്‍പ്പിനെ തുടര്‍ന്നാണു മോദിയെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള ഹര ഹര മോദി മുദ്രാവാക്യം പിന്‍വലിക്കാന്‍ മോദി അനുകൂലികളും ബിജെപിയും നിര്‍ബന്ധിതരായത്. യാദവരും കുര്‍മികളും ഉള്‍പ്പടെ വമ്പിച്ച അനുയായികളുള്ള കബീര്‍ ദാസ് മഠാധിപതി പറയുന്നതു മോദിക്കു മതേരത്വം നിലനിര്‍ത്താനാവില്ലെന്നാണ്. പ്രതികൂല സാഹചര്യങ്ങളെ മറികടക്കാന്‍ ബിജെപിയില്‍ നിന്നു പതിനായിരവും അനുബന്ധ പോഷക സംഘടനകളായ ആര്‍എസ്എസ്, വിഎച്ച്പി, ശിവ സേന, എബിവിപി, ബജ്രംഗ ദള്‍, ദുര്‍ഗാവാഹിനി എന്നിവയില്‍ നിന്ന് ഇരുപതിനായിരവും വോളന്റിയര്‍മാര്‍ മോദിയുടെ പ്രചാരണത്തിനായി വാരാണസിയിലുണ്െടന്നാണു റിപ്പോര്‍ട്ട്.

പ്രചാരണത്തിനായി വാരാണസിയിലെത്തിയ ഉടന്‍ അരവിന്ദ് കേജരിവാള്‍ ബനാറസിലെ ഖാസി ഗുലാം നസീറുമായി കൂടിക്കാഴ്ച നടത്തുകയും പിന്തുണ അഭ്യര്‍ഥിക്കുകയും ചെയ്തു. വിജയത്തിനുവേണ്ടി പ്രാര്‍ഥിക്കാമെന്നു ഖാസി കേജരിവാളിന് ഉറപ്പു നല്‍കുകയും ചെയ്തു. ഇതോടൊപ്പം തന്നെ വാല്‍മീകി സമാജത്തിന്റെ നേതാക്കളുമായി ചര്‍ച്ച നടത്തി. ദളിതര്‍ക്കു ഭൂരിപക്ഷമുള്ള മേഖലയിലും കേജരിവാള്‍ സന്ദര്‍ശിച്ചു.

വാരാണസിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന സങ്കടമോചന്‍ മന്ദിറിലെ മഹന്ദ് വീരഭദ്ര മിശ്രയുടെ സഹോദരന്‍ വിപ്ളവ മിശ്രയോടൊപ്പമാണു കേജരിവാള്‍ താമസിച്ചത്.


ഈ മാസം 23നു വാരാണസിയില്‍ കേജരിവാള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. അതിനു മുമ്പായി അമേത്തിയില്‍ രാഹുല്‍ ഗാന്ധിക്കെതിരേ മത്സരിക്കുന്ന പാര്‍ട്ടി സ്ഥാനാര്‍ഥി കുമാര്‍ വിശ്വാസിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കെടുക്കും. മോദിക്കു വോട്ടു ചെയ്ത് ഉള്ള കൃഷിഭൂമി കൂടി നഷ്ടപ്പെടുത്തരുതെന്നാണു കേജരിവാള്‍ വാരാണസിയിലെ ജനങ്ങള്‍ക്കു നല്‍കുന്ന മുന്നറിയിപ്പ്. ബിജെപിയുടെ വന്‍കിട റാലികള്‍ക്കും പ്രചാരണങ്ങള്‍ക്കും മീതെ ലാളിത്യം കൊണ്ടു ജനഹൃദയം കീഴടക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ തന്ത്രം. ചെറിയ മീറ്റിംഗുകളില്‍ ചോദ്യോത്തര പരിപാടികളിലൂടെ ജനങ്ങളുമായി സംവദിക്കാനാണു പാര്‍ട്ടിയുടെ ശ്രമം. വാരാണസിയിലെ പ്രചാരണത്തിനായി 45 ലക്ഷം രൂപയുടെ ബജറ്റാണു ആം ആദ്മി പാര്‍ട്ടി തയാറാക്കിയിരിക്കുന്നത്.

മുസ്ലിം വോട്ടുകളുടെ ധ്രുവീകരണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടിയായി ബിജെപി നേതാക്കള്‍ പറയുന്നതു വാരാണസിയില്‍ മോദിയുടെ വിജയം ഉറപ്പിച്ചതാണെന്നും ഭൂരിപക്ഷത്തിനു വേണ്ടി മാത്രമാണ് മത്സരം നടക്കുന്നതെന്നുമാണ്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായ് ആരോപിക്കുന്നതു ബിജെപി വര്‍ഗീയധ്രുവീകരണത്തിലൂടെ വോട്ടുകള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ബിജെപി ഇതേ പ്രവൃത്തിയാണ് നടത്തിയതെന്നും റായ് ആരോപിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന റായിയെ പരാജയപ്പെടുത്താന്‍ ബിജെപി മുസ്ലിം അഭിമതനും ബിഎസ്പി സ്ഥാനാര്‍ഥിയുമായ മുക്താര്‍ അന്‍സാരിയുമായി ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം പറയുന്നു. പിന്നീടാണ് അന്‍സാരിയും സഹോദരന്‍മാരും ക്വയാമി ഏകതാ ദള്‍ രൂപീകരിക്കുന്നത്. ആദ്യം മോദിക്കെതിരേ മത്സരിക്കുമെന്നു പ്രസ്താവിച്ച അന്‍സാരി മോദിവിരുദ്ധ വോട്ടുകളില്‍ ഭിന്നിപ്പുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നു തെരഞ്ഞെടുപ്പില്‍ നിന്നു പിന്‍മാറുകയായിരുന്നു.

സമാജ്വാദി പാര്‍ട്ടിയുടെ കൈലാഷ് ചൌരസ്യയും ബിഎസ്പിയുടെ വിജയ് പ്രകാശ് ജയ്സ്വാളും ന്യൂനപക്ഷ ദളിത് വോട്ടുകളിലാണു പ്രതീക്ഷയര്‍പ്പിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഇപ്പോള്‍ രംഗത്തെത്തിയ അജയ് റായ് മുമ്പു ബിജെപി നേതാവായിരുന്നെന്നും പല പാര്‍ട്ടികള്‍ മാറിമാറി നടക്കുന്ന അദ്ദേഹത്തെ വാരാണസിയിലെ ജനങ്ങള്‍ തിരസ്കരിക്കുമെന്നാണു സമാജ്വാദി പാര്‍ട്ടി നേതാക്കള്‍ പ്രചാരണം നടത്തുന്നത്. വാരാണസിയിലെ മുതിര്‍ന്ന മുസ്ലിം നേതാക്കള്‍ മോദിക്കെതിരായി ഉച്ചത്തില്‍ ശബ്ദമുയര്‍ത്തുന്നില്ലെങ്കിലും അഴിമതിക്കെതിരേ പോരാടുന്നവരെ പിന്തുണയ്ക്കുമെന്ന നിലപാട് അറിയിച്ചിട്ടുണ്ട്. പ്രാദേശിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പ്രാധാന്യം നല്‍കുന്നവരോടൊപ്പമേ നില്‍ക്കൂ എന്നും അവര്‍ വ്യക്തമാക്കുന്നു. 2009 ലോക്സഭാ തെരഞ്ഞെടുപ്പില്‍ അന്‍സാരിക്കനുകൂലമായി മുസ്ലിം വോട്ടുകളുടെ ധ്രുവീകരണം ഉണ്ടായിരുന്നെങ്കിലും ബിജെപിയുട മുരളി മനോഹര്‍ ജോഷിയാണു വിജയിച്ചത്. എന്നാല്‍ അന്ന് അന്‍സാരിയെ പരാജയപ്പെടുത്താന്‍ ബിജെപിയെ പിന്തുണച്ചവര്‍ ഇന്നു മോദിക്കെതിരായി എതിര്‍സ്ഥാനാര്‍ഥികളോടൊപ്പം നില്‍ക്കാനുമിടയുണ്ട്.

ഗാന്ധിയനും പ്രമുഖ ഖാദി പ്രചാരകനുമായ ഉസ്മാന്‍ ഗാനി പറയുന്നത് മതേതര ഇന്ത്യയെന്ന സ്വപ്നം ആം ആദ്മി പാര്‍ട്ടി പൂര്‍ത്തീകരിക്കുമെന്നാണ്. മാത്രമല്ല കയാമി ഏകതാ ദള്‍ കേജരിവാളിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറയുന്നു. കേജരിവാള്‍ ഇന്നലെ മുതല്‍ തന്നെ വാരാണസിയില്‍ ഗ്രാമങ്ങള്‍ തിരിച്ചുള്ള പ്രചാരണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.