നക്സലുകളെന്നു തെറ്റിദ്ധരിച്ച് ദൌത്യസേനയുടെ വെടിവയ്പ്: യുവാവ് കൊല്ലപ്പെട്ടു
നക്സലുകളെന്നു തെറ്റിദ്ധരിച്ച് ദൌത്യസേനയുടെ വെടിവയ്പ്: യുവാവ് കൊല്ലപ്പെട്ടു
Sunday, April 20, 2014 12:30 AM IST
മംഗലാപുരം: ശൃംഗേരിക്കു സമീപം വാഹനപരിശോധനയ്ക്കിടെ നക്സല്‍ വിരുദ്ധസേന നടത്തിയ വെടിവയ്പില്‍ കാലിക്കച്ചവടക്കാരനായ യുവാവ് മരിച്ചു. മംഗലാപുരത്തിനടുത്ത സൂറത്കല്‍ ജൊക്കാട്ടെ സ്വദേശി കബീര്‍(22) ആണു മരിച്ചത്. ഇന്നലെ പുലര്‍ച്ചെ മൂന്നിനു ശൃംഗേരിക്കു സമീപം ചിക്ക്മഗളൂര്‍-കാര്‍ക്കള സംസ്ഥാനപാതയില്‍പ്പെട്ട ചെങ്കോട് ചെക്ക്പോസ്റിലായിരുന്നു സംഭവം.

ചിക്ക്മഗളൂരില്‍നിന്നു മംഗലാപുരത്തേക്കു മഹീന്ദ്ര പിക്കപ്പ് വാനില്‍ കാലികളുമായി വരികയായിരുന്നു കബീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം. കബീറും ബന്ധു സര്‍ഫറാസും കാലികള്‍ക്കൊപ്പം വാഹനത്തിനു പിന്നിലാണ് ഇരുന്നത്. ഡ്രൈവര്‍ പ്രമോദ്, റാഫിക്, ഫാറൂഖ് എന്നിവരും വാഹനത്തിലുണ്ടായിരുന്നു. ചെക്പോസ്റിനു സമീപം വാഹനം എത്തിയപ്പോള്‍ പരിശോധനയ്ക്കായി കൈകാട്ടിയെങ്കിലും വാഹനം നിര്‍ത്താതെ പോകുകയായിരുന്നുവെന്നും ഇതേത്തുടര്‍ന്നാണു വെടിവച്ചതെന്നും ദൌത്യസേനാവൃത്തങ്ങള്‍ പറഞ്ഞു.

എന്നാല്‍, പരിശോധനയ്ക്കായി വാഹനം നിര്‍ത്തുകയും താനും പ്രമോദും രേഖകളുമായി ചെക്പോസ്റിലേക്കു പോയപ്പോള്‍ മുന്നറിയിപ്പില്ലാതെ ദൌത്യസേന വാഹനത്തിനു പിന്നിലിരുന്ന കബീറിനു നേരെ വെടിവയ്ക്കുകയായിരുന്നുവെന്നും റാഫിക് പറഞ്ഞു. വെടിവയ്പുണ്ടായയുടന്‍ വാഹനം നിര്‍ത്തി തങ്ങള്‍ ഓടിരക്ഷപ്പെട്ടെന്നും പിന്നീട് നാട്ടിലെത്തി കബീറിന്റെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നുവെന്നും റാഫിക് വിശദീകരിച്ചു. തങ്ങള്‍ അനധികൃതമായല്ല കാലികളെ കടത്തിയതെന്നും ആവശ്യമായ രേഖകളെല്ലാം കൈവശമുണ്ടായിരുന്നുവെന്നും രേഖകള്‍ ഉദ്യോഗസ്ഥരെ കാട്ടിയശേഷം വാഹനത്തിലേക്കു മടങ്ങുമ്പോള്‍ യാതൊരു പ്രകോപനവുമില്ലാതെ ദൌത്യസേനാംഗങ്ങള്‍ വെടിവയ്ക്കുകയായിരുന്നുവെന്നും റാഫിഖ് പറഞ്ഞു. വെടിവയ്പില്‍ പരിക്കേറ്റ ഫാറൂഖ് ദൌത്യസേനയുടെ കസ്റഡിയിലാണെന്നും റാഫിഖ് കൂട്ടിച്ചേര്‍ത്തു.


കബീര്‍ ആശുപത്രിയിലാണു മരിച്ചത്. വിവരമറിഞ്ഞു ജൊക്കാട്ടെയിലും കൃഷ്ണാപുരയിലും നാട്ടുകാര്‍ ബന്ദാചരിച്ചു. അക്രമാസക്തരായി തടിച്ചുകൂടിയ ജനക്കൂട്ടത്തെ മംഗലാപുരം നോര്‍ത്ത് എംഎല്‍എ മൊയ്തീന്‍ ബാവ ഇടപെട്ടാണു പിന്തിരിപ്പിച്ചത്. സംഭവത്തേക്കുറിച്ചു സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ആഭ്യന്തരമന്ത്രി കെ.ജെ.ജോര്‍ജിനും ഫാക്സ് സന്ദേശം അയച്ചതായി എംഎല്‍എ അറിയിച്ചു.

മൃതദേഹം പോസ്റ്മോര്‍ട്ടത്തിനായി മണിപ്പാല്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി. തഹസില്‍ദാര്‍ സംഭവസ്ഥലത്തെത്തി മഹസര്‍ തയാറാക്കിയിരുന്നു. അതേസമയം, സംഭവത്തെത്തുടര്‍ന്നു കബീറിന്റെ ബന്ധുകൂടിയായ ജൊക്കാട്ടെ സ്വദേശി സര്‍ഫറാസിനെ(24) കാണാതായതായും റിപ്പോര്‍ട്ടുണ്ട്. ഇയാളും വെടിവയ്പില്‍ മരിച്ചതായി ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും ഇതിനു സ്ഥിരീകരണമില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.