ശ്രീപദ്മനാഭസ്വാമി ക്ഷേത്രം: അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലെ പ്രധാനനിര്‍ദേശങ്ങള്‍
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം: അമിക്കസ് ക്യൂറിയുടെ  റിപ്പോര്‍ട്ടിലെ പ്രധാനനിര്‍ദേശങ്ങള്‍
Sunday, April 20, 2014 12:42 AM IST
ന്യൂഡല്‍ഹി: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണസമിതിയെക്കുറിച്ചും നടത്തിപ്പിനെക്കുറിച്ചും സുപ്രധാന നിര്‍ദേശങ്ങള്‍ അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലുണ്ട്. ക്ഷേ ത്രം പുനരുദ്ധാരണത്തിനു സ്ഥിരം സമിതി, കല്ലറകളില്‍ സിസിസി ടിവി കാമറകള്‍ സ്ഥാപിക്കുക, ഓട്ടോ ഡ്രൈവറുടെ മരണത്തില്‍ പുനരന്വേഷണം, ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും പരിഹരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലുള്ളത്.

നിലവിലുള്ള ട്രസ്റികളും കുടുംബാംഗങ്ങളും നേരിട്ടോ അല്ലാതെയോ ക്ഷേത്ര ഭരണത്തില്‍ ഇടപെടുന്നതു തടയണം. രാജാവിന് പ്രാര്‍ഥിക്കാനുള്ള അവകാശം മാത്രമേ ഉണ്ടാകൂ. രാജാവിനു എന്തെങ്കിലും ശിപാര്‍ശകളുണ്െടങ്കില്‍ പുതിയ ഭരണസമിതിക്കു നല്‍കാവുന്നതാണെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. സ്വര്‍ണാഭരണങ്ങള്‍ കണ്െടത്തിയ ക്ഷേത്രത്തിലെ എല്ലാ നിലവറകളും മുദ്രവയ്ക്കണമെന്നും അവയുടെ താക്കോല്‍ തിരുവനന്തപുരം ജില്ലാ ജഡ്ജിക്കു കൈമാറണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. നിലവറകള്‍ക്കു താഴെ ഭൂമിക്കടിയില്‍ ലോഹവസ്തുക്കളുടെ സാന്നിധ്യം കണ്െടത്താന്‍ വിഎസ്എസ്സിയുമായി ചേര്‍ന്നു ചെന്നൈയിലെ നാഷണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് ഗവേഷണം നടത്തണം.

നിലവറകള്‍ക്ക് അകത്തും പുറത്തും സിസിടിവി കാമറ സ്ഥാപിക്കണം. എല്ലാ മതിലകം രേഖകളും പരിശോധിച്ചു തിരുവനന്തപുരം ജില്ലാ ജഡ്ജിക്കു കൈമാറേണ്ടതാണ്. ക്ഷേത്രത്തിന്റെ യഥാര്‍ഥ ചിത്രം മതിലകം രേഖകളില്‍ നിന്നെടുത്ത് സുപ്രീംകോടതിക്കു നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മുന്‍ ട്രസ്റി മാര്‍ത്താണ്ഡവര്‍മയുടെ നിര്‍ദേശപ്രകാരം എടുത്ത എല്ലാ ഫോട്ടോഗ്രാഫുകളും ഹാജരാക്കാന്‍ തിരുവനന്തപുരത്തെ മഹാരാജാസ് സ്റുഡിയോയ്ക്കു നിര്‍ദേശം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ട്രസ്റിയും എക്സിക്യൂട്ടീവ് ഓഫീസര്‍ ഭുവനേന്ദ്രന്‍നായരും അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജയശേഖരന്‍നായരും അടങ്ങുന്ന നിലവിലെ ഭരണസംവിധാനത്തിനു പകരം മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സച്ചിദാനന്ദന് എക്സിക്യൂട്ടീവ് ഓഫീസറുടെ ചുമതല നല്‍കണം. സച്ചിദാനന്ദനു പുറമെ തന്ത്രിമാരായ സതീശന്‍ നമ്പൂതിരിപ്പാട്, സജി നമ്പൂതിരിപ്പാട്, കുട്ടന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ ക്ഷേത്രത്തിലെ പ്രധാന നമ്പി, ഗോശാല വാസുദേവന്‍, വി. ജനാര്‍ദനന്‍ പോറ്റി, വിഷ്ണുനാരായണന്‍ നമ്പൂതിരി എന്നിവരടങ്ങുന്ന ഭരണസമിതിക്കു രൂപം നല്‍കണമെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്.


ഭരണസമിതിയുടെ അധ്യക്ഷനായി പ്രത്യക്ഷ നികുതിബോര്‍ഡ് മുന്‍ അധ്യക്ഷന്‍ ടി.ടി. രംഗാചാരിയെ നിയമിക്കണം. ഗൌതം പദ്മനാഭനെ അസിസ്റന്റ് എക്സിക്യൂട്ടീവ് ഓഫീസറാക്കണം. അസിസ്റന്റ് ശ്രീകാര്യക്കാരനായ രാജനെ ഭരണസമിതിയുടെ എക്സിക്യൂട്ടീവ് അസിസ്റന്റായി നിയമിക്കണം. ക്ഷേത്ര സുരക്ഷയുടെ ചുമതല യുള്ള അസിസ്റന്റ് കമന്‍ഡാന്റ് രാജനെ ചീഫ് വിജിലന്‍സ് ഓഫീസറാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ക്ഷേത്രത്തിനായി പുനരുദ്ധാരണ സമിതിക്കും ശിപാര്‍ശയുണ്ട്. പ്രഫ. എം.ജി. ശശിഭൂഷണ്‍, ലക്ഷ്മി ബായി, ഡോ. എം. വേലായുധന്‍നായര്‍ എന്നിവര്‍ സമിതിയിലെ അംഗങ്ങളായിരിക്കും. ക്ഷേത്രത്തിലെ വൃത്തിയും പാരമ്പര്യവും പുനഃസ്ഥാപിക്കുന്നതിനും അവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പദ്മനാഭന്‍ വര്‍മയെയും ലക്ഷ്മിബായിയെയും ചുമതലപ്പെടുത്തണം. പദ്മനാഭന്‍ വര്‍മയുമായും ലക്ഷ്മിബായിയുമായും ഓഡിറ്റര്‍മാരുമായും ആലോചിച്ചു ജീവനക്കാരുടെ ശമ്പളവുംമറ്റും കൂട്ടാന്‍ ഭരണസമിതി തീരുമാനമെടുക്കണം.

ആഭ്യന്തര ഓഡിറ്ററായി തിരുപ്പൂരിലെ ചാര്‍ട്ടേഡ് അക്കൌണ്ടന്റ് സ്ഥാപനമായ എന്‍. രാമചന്ദ്രന്‍ ആന്‍ഡ് കമ്പനിയിലെ പാര്‍ട്ണര്‍ ടി. ആര്‍. രാമനാഥനെ നിയമിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.