വോട്ട് ചെയ്യുന്നതു നിര്‍ബന്ധമാക്കണം: അഡ്വാനി
വോട്ട് ചെയ്യുന്നതു നിര്‍ബന്ധമാക്കണം: അഡ്വാനി
Monday, April 21, 2014 11:12 PM IST
ന്യൂഡല്‍ഹി: പൌരന്മാര്‍ വോട്ടവകാശം നിര്‍ബന്ധമായും വിനിയോഗിക്കുന്നതു നിയമനിര്‍മാണത്തിലൂടെ ഉറപ്പാക്കണമെന്ന് ബിജെപി നേതാവ് എല്‍. കെ. അഡ്വാനി. വോട്ടുചെയ്യാന്‍ വിസമ്മതിക്കുന്നവരെ ഭാവിയില്‍ വോട്ടുചെയ്യാന്‍ അനുവദിക്കരുതെന്നും അഡ്വാനി നിര്‍ദേശിച്ചു. 1952 മുതലാണു തെരഞ്ഞെടുപ്പുകളെ അടുത്തുപരിചയപ്പെടുന്നത്. വിദേശത്തെ തെരഞ്ഞെടുപ്പ് നടപടികളെക്കുറിച്ചും പഠിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണു വോട്ടവകാശം വിനിയോഗിക്കുന്നതു നിര്‍ബന്ധമാക്കണമെന്നു നിര്‍ദേശിക്കുന്നതെന്ന് അഡ്വാനി പറഞ്ഞു.

ഇറ്റലിയിലും ഓസ്ട്രേലിയയിലും സമാനമായ നിയമമുണ്ട്. വോട്ടുചെയ്യാത്തവര്‍ക്കു ചെറിയ ശിക്ഷയും ഈ രാജ്യങ്ങളില്‍ നിലവിലുണ്ട്. ചില രാജ്യങ്ങളില്‍ പിഴശിക്ഷയാണ്. എന്നാല്‍, പാവപ്പെട്ടവര്‍ ഏറെയുള്ളതിനാല്‍ പിഴശിക്ഷയ്ക്കു പകരം ആജീവനാന്ത വിലക്കാണ് ഇവിടെ വേണ്ടത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നത് നിര്‍ബന്ധമാക്കിയ രാജ്യത്തെ ആദ്യസംസ്ഥാനം ഗുജറാത്താണ്. ഗവര്‍ണറുടെ അംഗീകാരം ലഭിച്ചെങ്കിലും നിയമം ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ല. പുതുതായി അധികാരത്തിലെത്തുന്ന സര്‍ക്കാര്‍ ഇത്തരം നിര്‍ദേശങ്ങളോടു ക്രിയാത്മകമായി പ്രതികരിക്കുമെന്നാണു പ്രതീക്ഷയെന്നും അഡ്വാനി പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.