മോദിയെ എതിര്‍ക്കുന്നവര്‍ പാക്കിസ്ഥാനിലേക്കു പോകണമെന്നു ബിജെപി നേതാവ് ഗിരിരാജ് സിംഗ്
Monday, April 21, 2014 11:08 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെ എതിര്‍ക്കുന്നവര്‍ പാക്കിസ്ഥാനിലേക്കു പോകണമെന്ന വിവാദ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായി ബിജെപി നേതാവ് ഗിരിരാജ് സിംഗ്.

പ്രസ്താവനയ്ക്കെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയില്‍ ഗിരിരാജ് സിംഗിനെ തള്ളിപ്പറഞ്ഞു ബിജെപി രംഗത്തെത്തിയതിനു പിന്നാലെയാണു താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നതായി ബിഹാറിലെ മുതിര്‍ന്ന നേതാവായ ഗിരിരാജ് സിംഗ് വ്യക്തമാക്കിയത്. രാജ്യത്തെ വിഭജിക്കാനാണ് ഇവരുടെ ശ്രമമെന്ന് ആരോപിച്ചു ഗിരിരാജ് സിംഗിനും ബിജെപി മുന്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്കുമെതിരേ കോണ്‍ഗ്രസും ഐക്യജനതാദളും തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കി.

ജാര്‍ഖണ്ഡില്‍ ശനിയാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണു ഗിരിരാജ് സിംഗ് പ്രകോപനപരമായ രീതിയില്‍ പ്രസ്താവന നടത്തിയത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതു തടയാന്‍ ശ്രമിക്കുന്നവര്‍ പാക്കിസ്ഥാനോടാണു കൂറു പുലര്‍ത്തുന്നതെന്നു ഗിരിരാജ് സിംഗ് പറഞ്ഞു. മോദി അധികാരത്തിലെത്തിയാല്‍ വരുംദിവസങ്ങളില്‍ അവര്‍ക്ക് ഇന്ത്യയില്‍ ഇടമുണ്ടാകില്ല.

അവര്‍ക്കു പാക്കിസ്ഥാനിലേ സ്ഥലമുണ്ടാകൂ. അവര്‍ അങ്ങോട്ടു പോകേണ്ടി വരും: ബിജെപി മുന്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരികൂടി പങ്കെടുത്ത വേദിയില്‍ ബിഹാറിലെ നവാഡയിലെ സ്ഥാനാര്‍ഥികൂടിയായ ഗിരിരാജ് സിംഗ് പറഞ്ഞു.


രാജ്യത്തു വിഭാഗീയതയും കലാപവും സൃഷ്ടിക്കാനാണു ബിജെപി നേതാക്കള്‍ ശ്രമിക്കുന്നതെന്നു കോണ്‍ഗ്രസും ജെഡിയുവും ആര്‍ജെഡിയും പ്രതികരിച്ചു. ഗിരിരാജ് സിംഗിനെ ഉടന്‍ അറസ്റ് ചെയ്തു ജയിലിലടയ്ക്കണമെന്നു കോണ്‍ഗ്രസ് നേതാവ് മീം അഫ്സല്‍ ആവശ്യപ്പെട്ടു. ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രസ്താവനയാണു ഗിരിരാജിന്റേതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. മിത്തല്‍ പറഞ്ഞു. ബിജെപിയുടെ ഫാസിസ്റ് പ്രത്യയശാസ്ത്രമാണു ഗിരിരാജ് സിംഗിന്റെ പ്രസംഗത്തില്‍ തെളിഞ്ഞതെന്ന് ജെഡിയു നേതാവ് അലി അന്‍വര്‍ ആരോപിച്ചു.

എന്നാല്‍, ഗിരിരാജ് സിംഗ് നടത്തിയതുപോലുള്ള നിരുത്തരവാദപരമായ പ്രസ്താവനകളുടെ ഉത്തരവാദിത്വം പാര്‍ട്ടിക്ക് ഏറ്റെടുക്കാനാവില്ലെന്നു ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിംഗ് വ്യക്തമാക്കി. പ്രസ്താവനയുമായി പാര്‍ട്ടിക്കു ബന്ധമില്ല. മോദി പ്രധാനമന്ത്രിയായാല്‍ എതിര്‍ക്കുന്നവര്‍ക്കു പാക്കിസ്ഥാനിലേക്കു പോകേണ്ടിവരുമെന്ന് ആരാണു ഗിരിരാജിനോടു പറഞ്ഞതെന്നും രാജ്നാഥ് ചോദിച്ചു.

പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുന്ന ഇത്തരം വിവാദ പ്രസ്താവനകളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്നു ഗിരിരാജിനോടു ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.