സഖ്യങ്ങള്‍ പഴങ്കഥ; പുതുച്ചേരിയില്‍ സ്ഥാനാര്‍ഥികള്‍ 30
Wednesday, April 23, 2014 12:28 AM IST
മാഹി: ദക്ഷിണേന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന നാലു ജില്ലകള്‍ ഉള്‍ക്കൊള്ളുന്നതാണു പുതുച്ചേരി ലോക്സഭാ മണ്ഡലം. കേരളത്തിനു നടുവിലെ മാഹി, ആന്ധ്രാതീരത്തെ യാനം, തമിഴ്നാട്ടിലെ പുതുച്ചേരിയും കാരിക്കലും എന്നിവ ഈ കേന്ദ്ര ഭരണപ്രദേശത്തു വരുന്നു. മാഹിയില്‍നിന്നു യാനത്തെത്താന്‍ 1,300 കിലോമീറ്റര്‍ സഞ്ചരിക്കണം. തമിഴ്, തെലുങ്ക്, മലയാളം ഭാഷകള്‍ക്കു പുറമെ ഫ്രഞ്ചും ഇംഗ്ളീഷും സംസാരിക്കുന്നവര്‍ ഈ മണ്ഡലത്തിലുണ്ട്.

നാളെ തെരഞ്ഞെടുപ്പ് നടക്കുന്ന പുതുച്ചേരി മണ്ഡലത്തില്‍ പ്രചാരണ കൊട്ടിക്കലാശം ഇന്നലെ കഴിഞ്ഞു. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി ഭാഷകളിലും മാഹിയില്‍ പ്രചാരണം നടന്നു. 9,01,357 ആണു പുതുച്ചേരി മണ്ഡലത്തിലെ വോട്ടര്‍മാരുടെ എണ്ണം. മാഹിയില്‍ 30,060 വോട്ടര്‍മാരുണ്ട്. 2009 നേക്കാള്‍ 2000 വോട്ടുകള്‍ മാഹിയില്‍ കൂടിയിട്ടുണ്ട്.

പഴയ സഖ്യങ്ങള്‍ ശിഥിലമായ മണ്ഡലത്തില്‍ 30 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നു. സ്ഥാനാര്‍ഥികളുടെ ബാഹുല്യം മൂലം ഇത്തവണ രണ്ടു പോളിംഗ് യന്ത്രങ്ങളുണ്ടായിരിക്കും. കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായി അറിയപ്പെടുന്ന പുതുച്ചേരിയില്‍ കഴിഞ്ഞ ഏതാനും ദശകങ്ങളായി കോണ്‍ഗ്രസോ അവര്‍ പിന്തുണയ്ക്കുന്നവരോ ആണ് ലോക്സഭയിലെത്തിയിട്ടുള്ളത്. എന്നാല്‍ ഇത്തവണ രാഷ്ട്രീയ സഖ്യങ്ങള്‍ അടിമുടി മാറിയിരിക്കുന്നു.

കോണ്‍ഗ്രസ് ഇത്തവണ ഒറ്റയ്ക്കാണു മത്സരം. സിറ്റിംഗ് എംപിയും പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള കേന്ദ്രമന്ത്രിയുമായ വി. നാരായണസ്വാമിയാണു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. 1985 മുതല്‍ മൂന്നുതവണ രാജ്യസഭാംഗമായും രണ്ടുതവണ ലോക്സഭാംഗവുമായ നാരായണസ്വാമി ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധേയനായ നേതാവാണ്. നെഹ്റു കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു. അരലക്ഷത്തിലേറെ വോട്ടിനായിരുന്നു കഴിഞ്ഞതവണ നാരായണസ്വാമിയുടെ വിജയം.

കോണ്‍ഗ്രസ് വിട്ട് എന്‍. രംഗസ്വാമി രൂപീകരിച്ച എന്‍.ആര്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി എന്‍. രാധാകൃഷ്ണന്‍ ബിജെപി പിന്തുണയോടെ മത്സരിക്കുന്നു. കഴിഞ്ഞ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ സ്പീക്കറായിരുന്ന രാധാകൃഷ്ണന്‍ മുന്‍ എംഎല്‍എ ആര്‍. രാമനാഥന്റെ മകനാണ്. 2001, 2006 വര്‍ഷങ്ങളില്‍ എംഎല്‍എയും ചേരി നിര്‍മാര്‍ജന ബോര്‍ഡ് ചെയര്‍മാനുമായിരുന്നു.


സിപിഐയുടെ കേന്ദ്രകമ്മിറ്റിയംഗവും സംസ്ഥാന സെക്രട്ടറിയുമായ ആര്‍. വിശ്വനാഥനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. മുന്‍ എംഎല്‍എയും മുന്‍ മന്ത്രിയുമാണ് ഈ തൊഴിലാളി നേതാവ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനോടൊപ്പം നിലയുറപ്പിച്ചിരുന്ന സിപിഐ ആദ്യമായാണു സിപിഎമ്മിനൊപ്പംനിന്നു മത്സരിക്കുന്നത്.

കാരക്കലില്‍ നിന്നുള്ള എംഎല്‍എ എ.എം.എച്ച്. നാജിമാണു ഡിഎംകെ സ്ഥാനാര്‍ഥി. കേരളത്തില്‍ കോണ്‍ഗ്രസിനൊപ്പമുള്ള മുസ്ലിംലീഗ് പുതുച്ചേരിയില്‍ ഡിഎംകെയെ പിന്തുണയ്ക്കുന്നു. കേരളത്തിലെ ലീഗ് നേതാക്കള്‍ മാഹിയില്‍ നാജിമിന് വോട്ടഭ്യര്‍ഥിച്ചു പ്രചാരണം നടത്തിയിരുന്നു. കാരക്കലില്‍നിന്ന് തുടര്‍ച്ചയായി നിയമസഭയിലേക്കു ജയിച്ചുവരുന്ന നാജിം മുന്‍ ആരോഗ്യമന്ത്രി കൂടിയാണ്. യാനത്തും മാഹിയിലുമുള്ള ന്യൂനപക്ഷ വോട്ടുകള്‍ അനുകൂലമാക്കാനായാല്‍ അട്ടിമറി വിജയം കൈവരിക്കാനാവുമെന്നു ഡിഎംകെ കരുതുന്നു.

പിഎംകെ സ്ഥാനാര്‍ഥിയായി മുന്‍ എംഎല്‍എ ആനന്ദരാമനും എഐഎഡിഎംകെ സ്ഥാനാര്‍ഥിയായി മുന്‍ എംഎല്‍എ ഓമലിംഗവും സ്വതന്ത്രനായി മുന്‍ എംപി പ്രഫ. എം. രാമദാസും ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ഡോ. രംഗരാജനും സജീവമായി രംഗത്തുണ്ട്. പ്രമുഖ സ്ഥാനാര്‍ഥികളെല്ലാം മാഹിയിലെത്തി വോട്ട് തേടി.

പുതുച്ചേരിക്കു സംസ്ഥാന പദവി ലഭ്യമാക്കുമെന്നും അഴിമതി നിര്‍മാര്‍ജനം ചെയ്യുമെന്നും പുതിയ തൊഴില്‍ സംരംഭങ്ങള്‍ സൃഷ്ടിക്കുമെന്നുമൊക്കെയായിരുന്നു പ്രധാനസ്ഥാനാര്‍ഥികളുടെയെല്ലാം വാഗ്ദാനം. കോണ്‍ഗ്രസും എന്‍.ആര്‍. കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന എന്‍ഡിഎയും മുസ്ലിംലീഗ് പിന്തുണയുള്ള ഡിഎംകെയും തമ്മിലാണു പ്രധാന മത്സരം. രാഷ്ട്രീയ സഖ്യങ്ങള്‍ മാറിയതിനാല്‍ ഫലപ്രവചനം ഇത്തവണ തീര്‍ത്തും അസാധ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.