റോഡ് അപകടം: നിര്‍ദേശങ്ങള്‍ക്കു ജഡ്ജി തല സമിതി
Wednesday, April 23, 2014 12:28 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: റോഡ് അപകടങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനായി സുപ്രീം കോടതി ജഡ്ജിതല സമിതിക്കു രൂപം നല്‍കി. സുപ്രീം കോടതിയിലെ ജസ്റീസ് കെ.എസ്. രാധാകൃഷ്ണന്‍ അധ്യക്ഷനായ സമിതിയില്‍ മുന്‍ കേന്ദ്ര ഗതാഗത സെക്രട്ടറി എസ്. സുന്ദര്‍, ട്രാഫിക് എഞ്ചിനീയറിംഗ് ആന്‍ഡ് സേഫ്റ്റി വിഭാഗം മുന്‍ തലവന്‍ ഡോ. നിഷി മിത്തല്‍ എന്നിവരാണ് അംഗങ്ങള്‍. റോഡ് വികസനകത്തിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനും ശാസ്ത്രീയമായ മാര്‍ഗ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനായി ചീഫ് ജസ്റീസ് പി. സദാശിവം അധ്യക്ഷനായ ബെഞ്ചാണ് സമിതിയെ നിയോഗിച്ചത്.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ 2010 ല്‍ മാത്രം 4,30,654 റോഡപകടങ്ങളുണ്ടായെന്നും അതില്‍ 1,26,896 പേര്‍ കൊല്ലപ്പെട്ടതായും 4,66,600 പേര്‍ക്ക് പരിക്കേറ്റതായും ചൂണ്ടിക്കാട്ടിയിരുന്നു. ഓരോ നാലു മിനിട്ടിനുള്ളിലും ഒരു അപകടമുണ്ടാകുന്നുണ്െടന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം വിലയിരുത്തിയാണ് അപകടങ്ങള്‍ നിയന്ത്രിക്കുന്നതിനു സുരക്ഷാ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി സുപ്രീം കോടതി ജഡ്ജിതല സമിതിക്ക് രൂപം നല്‍കിയത്. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിമാര്‍ സമിതിക്കു മുമ്പാകെ ആറു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. റോഡ് നിയമങ്ങള്‍ കാര്യകക്ഷമമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കണം. മോട്ടോര്‍ വാഹനനിയമത്തില്‍ ഭേദഗതി ആവശ്യമെങ്കില്‍ സമര്‍പ്പിക്കാമെന്നും സമിതിയോട് നിര്‍ദേശിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.