വിവാദ പ്രസംഗം: തൊഗാഡിയായ്ക്കെതിരേ മോദി
വിവാദ പ്രസംഗം: തൊഗാഡിയായ്ക്കെതിരേ മോദി
Wednesday, April 23, 2014 12:29 AM IST
ന്യൂഡല്‍ഹി: വിശ്വഹിന്ദു പരിഷത് നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ വിവാദ പ്രസംഗത്തിനെതിരേ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി രംഗത്തെത്തി. തൊഗാഡിയയെ പേരെടുത്തു പറയാതെയാണു ട്വിറ്ററിലൂടെ മോദി വിമര്‍ശിച്ചത്. നിരുത്തരവാദപരമായ പ്രസ്താവനകള്‍ ആരും തന്നെ നടത്തരുതെന്നാണു മോദി ആവശ്യപ്പെട്ടത്. ഇത്തരം പ്രസ്താവനകളെ താന്‍ അംഗീകരിക്കുന്നില്ല. ഇത്തരം പ്രസ്താവനകളില്‍ നിന്നു പിന്മാറണം എന്നാണു താന്‍ ആവശ്യപ്പെടുന്നതെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. ബിജെപിയുടെ അഭ്യുദയകാംക്ഷികളെന്ന് അവകാശപ്പെടുന്നവര്‍ നടത്തുന്ന വിലകുറഞ്ഞ പ്രസ്താവനകള്‍ നല്ല ഭരണവും വികസനും മുന്നോട്ടു വയ്ക്കുന്ന പ്രചാരണത്തില്‍ നിന്നു ശ്രദ്ധമാറ്റുമെന്നും മോദി പറയുന്നു.


പ്രവീണ്‍ തൊഗാഡിയയുടെയും ബിജെപി നേതാവ് ഗിരിരാജ് സിംഗിന്റെയും പ്രസ്താവനകള്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്ന ഭയം ബിജെപി നേതാക്കളില്‍ പലരും പങ്കുവച്ചിരുന്നു. തൊഗാഡിയയുടെ പ്രസ്താവനയുടെ വീഡിയോ പരിശോധിക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിക്കുകയും ഗിരിരാജ് സിംഗിനെതിരെ വിദ്വേഷപ്രസംഗത്തിന് കേസെടുക്കാനും തീരുമാനിച്ച സാഹചര്യത്തിലാണ് മോദി തന്നെ ഇവര്‍ക്കെതിരായി രംഗത്തെത്തിയത്. തൊഗാഡിയ പറഞ്ഞതിന്റെ ഒരുപടി കൂടി കടന്ന് നരേന്ദ്രമോദിയെ പിന്തുണയ്ക്കാത്തവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്നായിരുന്നു ബിഹാറിലെ ബിജെപി നേതാവ് ഗിരിരാജ് സിംഗിന്റെ പ്രസംഗം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.