സിക്ക് വിരുദ്ധ കലാപം പോലീസിന്റെ ഒത്താശയോടെയെന്നു വെളിപ്പെടുത്തല്‍
Wednesday, April 23, 2014 12:31 AM IST
ന്യൂഡല്‍ഹി: സിക്കു വിരുദ്ധ കലാപം ഡല്‍ഹിയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ആയിരുന്നെന്നു വെളിപ്പെടുത്തല്‍. അന്വേഷണാത്മക വെബ്സൈറ്റായ കോബ്ര പോസ്റാണു കലാപത്തെ സംബന്ധിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

1984 ഒക്ടോബര്‍ 13നു പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്നുണ്ടായ സിക്ക് വിരുദ്ധ കലാപത്തില്‍ സിക്കുകാരെ ഒരു പാഠം പഠിപ്പിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നിഷ്ക്രിയരായി നിന്നെന്നാണു കോബ്ര പോസ്റിന്റെ ഒളികാമറാ സംഭാഷണങ്ങളിലൂടെ വെളിപ്പെട്ടത്. അന്നു സര്‍വീസിലുണ്ടായിരുന്നിട്ടു വിരമിച്ച പോലീസ് ഉദ്യോഗസ്ഥരാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. പോലീസുകാര്‍ കലാപകാരികളെ പ്രോത്സാഹിപ്പിച്ചിരുന്നതായും കോബ്രാ പോസ്റ് വെളിപ്പെടുത്തുന്നു.

കോബ്രാ പോസ്റിന്റെ പ്രത്യേക ലേഖകന്‍ ആസിത് ദീക്ഷിത് നടത്തിയ അന്വേഷണങ്ങളിലും ഒളികാമറാ റിക്കാര്‍ഡിംഗിലുമാണു സിക്കു വിരുദ്ധ കലാപത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറം ലോകമറിയുന്നത്. കലാപ സാധ്യതകളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ പോലീസ് പാടേ അവഗണിച്ചു. കലാപത്തിനും തീവയ്പിനും കൂട്ടു നില്‍ക്കുകയും ചെയ്തു. കലാപത്തെക്കുറിച്ചു പോലീസ് കണ്‍ട്രോള്‍ റൂമുകളിലേക്കെത്തിയ സന്ദേശങ്ങളില്‍ രണ്ടു ശതമാനം മാത്രമാണു കൃത്യമായി രേഖപ്പെടുത്തിയത്.

പല ഓഫീസര്‍മാരും സ്ഥലം മാറ്റത്തെയും ശിക്ഷാനടപടികളെയും ഭയന്നാണു കലാപത്തിനെതിരേ നടപടിയെടുക്കാന്‍ മുതിരാതിരുന്നത്. കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഒളിപ്പിച്ചുവച്ചു കലാപത്തിന്റെ രൂക്ഷത കുറച്ചു കാണിക്കാനും പോലീസ് ശ്രമിച്ചു. കലാപ ബാധിതരുടെ കേസുകള്‍ രജിസ്റര്‍ ചെയ്യാനും പോലീ സ് തയാറായില്ല.


കലാപകാരികള്‍ക്കു നേരേ നിറയൊഴിക്കരുതെന്നു പോലീസുകാര്‍ക്ക് ഉന്നതങ്ങളില്‍ നിന്നു നിര്‍ദേശമുണ്ടായിരുന്നു. ചാപ്റ്റര്‍-84 എന്ന പേരില്‍ കോബ്രാ പോസ്റ് നടത്തിയ ഒളികാമറ ഓപ്പറേഷനില്‍ അന്നത്തെ കല്യാണ്‍ പുരി സ്റേഷന്‍ ഹൌസ് ഓഫീസറായിരുന്ന ശൂര്‍വീര്‍ സിംഗ് ത്യാഗി, ഡല്‍ഹി കന്റോണ്‍മെന്റിലെ രൊഹ്താസ് സിംഗ്, കൃഷ്ണനഗര്‍ സ്റേഷനിലെ എസ്.എന്‍ ഭാസ്കര്‍, ശ്രീനിവാസപുരിയിലെ ഒ.പി യാദവ്, മെഹ്റോളിയിലെ സ്റേഷനിലെ ജയ്പാല്‍ സിംഗ് എന്നീ പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ സംഭാഷണളുണ്ട്.

അന്നത്തെ പോലീസ് മേധാവിയായിരുന്ന എസ്.സി ഠണ്ഠന്‍ ചോദ്യങ്ങളില്‍ നിന്നൊഴിഞ്ഞു മാറിയപ്പോള്‍ അസിസ്റന്റ് പോലീസ് കമ്മീഷണറായിരുന്ന ഗൌതം കൌള്‍ ആരോപണങ്ങളെ പാടേ നിഷേധിക്കുകയായിരുന്നു. തെരഞ്ഞെടുപ്പു വേളയില്‍ വിവാദങ്ങളിലകപ്പെടാന്‍ താത്പര്യമില്ലെന്നു പറഞ്ഞാണു ഠണ്ഠന്‍ കോബ്രാ പോസ്റ്റിന്റെ ചോദ്യങ്ങളില്‍ നിന്നൊഴിഞ്ഞു മാറിയത്.

എന്നാല്‍ കലാപത്തെക്കുറിച്ചു അന്വേഷണം നടത്തിയ പല സമിതികളും ഠണ്ഠന്റെ പങ്കിനെക്കുറിച്ചും പോലീസ് നിഷ്ക്രീയത്വം പാലിച്ചതിനെക്കുറിച്ചും വ്യക്തമായി ചൂണ്ടിക്കാട്ടിയിരുന്നു.

കലാപത്തിനു നേരേ കണ്ണടച്ച 72 പോലീസ് ഉന്ന ഉദ്യോഗസ്ഥരെ ജസ്റീസ് രംഗനാഥ മിശ്ര കമ്മീഷനും കണ്െടത്തിയിരുന്നു. ഇതേത്തുടര്‍ന്നു 30 ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ നിന്നു പുറത്താക്കപ്പെട്ടിരുന്നു. നിയമ വാഴ്ച തകര്‍ന്നെന്നാരോപിച്ചു പോലീസ് മേധാവിയായിരുന്ന ഠണ്ഠനെതിരേ ജസ്റീസ് മിശ്ര കമ്മീഷന്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. കപൂര്‍ കൌസും മിത്തല്‍ കമ്മിറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഠണ്ഠന്റെ പങ്കിനെക്കുറിച്ചു സവിസ്തരം ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.