മുംബൈയില്‍ ബലാബലം
മുംബൈയില്‍ ബലാബലം
Wednesday, April 23, 2014 12:33 AM IST
ബിജോ മാത്യു

രാജ്യത്തിന്റെ സാമ്പത്തികതല സ്ഥാനത്തെ ആറു മണ്ഡലങ്ങളില്‍ ഇക്കുറി പോരാട്ടം ബലാബലത്തിലാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ കുടിയേറിപ്പാര്‍ക്കുന്ന മുംബൈ ഇന്ത്യയുടെ മിനി പതിപ്പാണ്. മുംബൈ നോര്‍ത്ത് വെസ്റ്, മുംബൈ നോര്‍ത്ത് ഈസ്റ്, മുംബൈ നോര്‍ത്ത്, മുംബൈ നോര്‍ത്ത് സെന്‍ട്രല്‍, മുംബൈ സൌത്ത് സെന്‍ട്രല്‍, മുംബൈ സൌത്ത് എന്നിവയാണു മുംബൈയിലെ ലോക്സഭാ മണ്ഡലങ്ങള്‍. ആറും മണ്ഡലങ്ങളും യുപിഎയുടെ പക്കലാണ്-അഞ്ചു പേര്‍ കോണ്‍ഗ്രസുകാരും ഒരാള്‍ എന്‍സിപിക്കാരനും. കോണ്‍ഗ്രസ്-എന്‍സിപി സഖ്യവും ബിജെപി-ശിവസേന സഖ്യവും നേര്‍ക്കു നേര്‍ പോരാടുന്ന മുംബൈയില്‍ ഇരു കൂട്ടരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിക്കാന്‍ എംഎന്‍എസ്, എഎപി, എസ്പി കക്ഷികളും രംഗത്തുണ്ട്. നാളെയാണ് ഈ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്.

മുംബൈ നോര്‍ത്ത് വെസ്റ്

ഇവിടെ ബഹുകോണ മത്സരമാണ് അരങ്ങേറുന്നത്. സിറ്റിംഗ് എംപി ഗുരുദാസ് കാമത്ത്(കോണ്‍ഗ്രസ്), ഗജാനന്‍ കിരിത്കര്‍(ശിവസേന), മഹേഷ് മഞ്ജരേക്കര്‍(എംഎന്‍എസ്), മയങ്ക് ഗാന്ധി(എഎപി) എന്നിവരാണ് ഇവിടത്തെ പ്രമുഖര്‍. പുഷ്പ ഭോലെ(ബിഎസ്പി), കമല്‍ ഖാന്‍(എസ്പി) എന്നിവരും ഒരു കൈ നോക്കാനുണ്ട്. എംഎന്‍എസ് സ്ഥാനാര്‍ഥിയുടെ സാന്നിധ്യം ശിവസേനയ്ക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തുന്നു. അതേസമയം, മയങ്ക്ഗാന്ധി കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ത്തുമെന്നാണു ശിവസേനയുടെ വിലയിരുത്തല്‍. ആറാം വിജയത്തിനാണു ഗുരുദാസ് കാമത്ത് ശ്രമിക്കുന്നത്. ബോളിവുഡുമായി ബന്ധപ്പെട്ട 90 ശതമാനം പ്രവര്‍ത്തനങ്ങളും ഈ മണ്ഡലത്തിലാണ്. താരങ്ങളിലേറെയും വസിക്കുന്നതും ഇവിടെത്തന്നെ.

കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമാണ് മുംബൈ നോര്‍ത്ത് വെസ്റ്. 1884, 1989, 1991, 1999, 2004 ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ഇവിടെ ജയിച്ചത് സുനില്‍ ദത്താണ്. 1996,1998 വര്‍ഷങ്ങളില്‍ ശിവസേനയുടെ മധുകര്‍ സര്‍പോദ്കര്‍ വിജയിച്ചു. 2005ല്‍ സുനില്‍ ദത്തിന്റെ മരണശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ മകള്‍ പ്രിയ ദത്ത് വിജയിച്ചു.

കഴിഞ്ഞതവണ 38,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഗജാനന്‍ കിരിത്കറെ കാമത്ത് തോല്പിച്ചത്. അതിനു മുമ്പ് മുംബൈ നോര്‍ത്ത് ഈസ്റ് മണ്ഡലത്തെയാണു കാമത്ത് പ്രതിനിധീകരിച്ചിരുന്നത്. മറാത്ത സ്വാധീനമേഖലയായ ഇവിടെ ജയം ലക്ഷ്യമാക്കിത്തന്നെയാണ് എംഎന്‍എസ് ഇറങ്ങിയിരിക്കുന്നത്. ഗുജറാത്തി, വടക്കേയിന്ത്യന്‍, മുസ്ലിം, ദളിത് വോട്ടുകളും ഇവിടെ നിര്‍ണായകമാണ്.

ജോഗേശ്വരി ഈസ്റ്, ദിന്‍ഡോഷി, ഗോരെഗാവ്, വെര്‍സോ, അന്ധേരി വെസ്റ്, അന്ധേരി ഈസ്റ് എന്നിവയാണു മുംബൈ നോര്‍ത്ത് വെസ്റിന്റെ കീഴില്‍ വരുന്ന നിയമസഭാ മണ്ഡലങ്ങള്‍.

മുംബൈ നോര്‍ത്ത് ഈസ്റ്

കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ എന്‍സിപിയാണു മുംബൈ നോര്‍ത്ത് ഈസ്റില്‍ യുപിഎ പക്ഷത്തുനിന്നു മത്സരിക്കുന്നത്. സിറ്റിംഗ് എംപി സഞ്ജയ് ദിന പാട്ടീല്‍ ആണ് എന്‍സിപി സ്ഥാനാര്‍ഥി. ബിജെപിയുടെ കിരിത് സോമയ്യയാണു പ്രധാന എതിരാളി. എഎപി സ്ഥാനാര്‍ഥിയായ മേധാ പട്കറുടെ രംഗപ്രവേശമാണ് ഈ മണ്ഡലത്തെ ശ്രദ്ധേയമാക്കുന്നത്. കഴിഞ്ഞതവണ വെറും 2933 വോട്ടിനാണ് സഞ്ജയ് പാട്ടീല്‍ വിജയിച്ചുകയറിയത്. എംഎന്‍എസ് സ്ഥാനാര്‍ഥി ശിശിര്‍ ഷിന്‍ഡെ ഇവിടെ രണ്ടാം സ്ഥാനത്തെത്തി. നരേന്ദ്ര മോദിയുമായുള്ള ധാരണപ്രകാരം ഇക്കുറി എംഎന്‍എസ് ഇവിടെ മത്സരിക്കുന്നില്ല. അത് ബിജെപി സ്ഥാനാര്‍ഥിക്കു നല്കുന്ന ആശ്വാസം ചില്ലറയല്ല. മൂന്നുവട്ടം പ്രമോദ് മഹാജന്‍-ഗുരുദാസ് കാമത്ത് പോരാട്ടത്തിനു വേദിയായ മണ്ഡലമാണിത്. രണ്ടു വിജയം ഗുരുദാസ് കാമത്തിനായിരുന്നു.

മുളുന്ദ്, വിഖ്രോളി, ഭാണ്ഡുപ്പ് വെസ്റ്, ഘാട്കോപ്പര്‍ വെസ്റ്, ഘാട്കോപ്പര്‍ ഈസ്റ്, മങ്കുര്‍ഡ് ശിവാജി നഗര്‍ എന്നിവയാണു മുംബൈ നോര്‍ത്ത് ഈസ്റിനു കീഴിലെ നിയമസഭാ മണ്ഡലങ്ങള്‍.

മുംബൈ നോര്‍ത്ത് സെന്‍ട്രല്‍

രാഷ്ട്രീയ അതികായരുടെ പെണ്‍മക്കളുടെ വീറുറ്റ പോരാട്ടമാണു മുംബൈ നോര്‍ത്ത് സെന്‍ട്രലില്‍ നടക്കുന്നത്. സുനില്‍ ദത്തിന്റെ മകളും സിറ്റിംഗ് എംപിയുമായ പ്രിയ ദത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായും അന്തരിച്ച ബിജെപി നേതാവ് പ്രമോദ് മഹാജന്റെ മകള്‍ പൂനം മഹാജന്‍ ബിജെപി സ്ഥാനാര്‍ഥിയായും മത്സരിക്കുന്നു. കഴിഞ്ഞതവണ 1.74 ലക്ഷം വോട്ടിന്റെ മികച്ച വിജയമാണു പ്രിയ നേടിയതെന്നതു പൂനത്തെ ഭയപ്പെടുത്തുന്നില്ല. മോദി തരംഗത്തിലാണു പൂനത്തിന്റെ പ്രതീക്ഷയത്രയും. വിലേ പാര്‍ലെ നിയമസഭാ മണ്ഡലത്തില്‍ ഗുജറാത്തി വോട്ട് രക്ഷയ്ക്കെത്തുമെന്നാണു ബിജെപിയുടെ വിലയിരുത്തല്‍. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ 25,000 വോട്ടിനു പരാജയപ്പെട്ടിരുന്നുവെന്നതു മറക്കാനാണു പൂനം മഹാജന്‍ ശ്രമിക്കുന്നത്. ശിവസേന, എംഎന്‍എസ് സ്ഥാനാര്‍ഥികള്‍ മൊത്തം നേടിയ വോട്ടിനേക്കാള്‍ 42,000 വോട്ട് പ്രിയ ദത്ത് അധികം നേടിയിരുന്നു. കുര്‍ല, കാലിന, ബാന്ദ്ര(ഈസ്റ്) മണ്ഡലങ്ങളിലെ മുസ്ലിം വോട്ട് ലക്ഷ്യമിട്ട് സമാജ്വാദി പാര്‍ട്ടി ഹോട്ടല്‍ വ്യവസായി ഫര്‍ഹാന്‍ ആസ്മിയെ നിര്‍ത്തിയിരിക്കുന്നു. ഇത് പ്രിയ ദത്തിനു ദോഷം ചെയ്തേക്കാം. പരേതനായ നാനി പാല്‍ക്കിവാലയുടെ അനന്തരവന്‍ ഫിറോസ് പാല്‍ക്കിവാലയാണ് എഎപി സ്ഥാനാര്‍ഥി. വിലേ പാര്‍ലെ, ചാണ്ഡിവലി, കുര്‍ള, ബാന്ദ്ര ഈസ്റ്, ബാന്ദ്ര വെസ്റ്, കാലിന എന്നിവയാണു മുംബൈ നോര്‍ത്ത് സെന്‍ട്രലിനു കീഴില്‍ വരുന്ന നിയമസഭാ മണ്ഡലങ്ങള്‍. കുര്‍ള എന്‍സിപി പ്രതിനീധികരിക്കുന്നു. ബാന്ദ്ര ഈസ്റ് ശിവസേനയുടെ പക്കലാണ്. മറ്റു നാലു മണ്ഡലങ്ങള്‍ കോണ്‍ഗ്രസിനൊപ്പമാണ്.


മുംബൈ നോര്‍ത്ത്

മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംപി സഞ്ജയ് നിരുപം വീണ്ടും അങ്കത്തിനിറങ്ങിയിരിക്കുന്നു. രണ്ടു തവണ എംഎല്‍എയായ ഗോപാല്‍ ഷെട്ടിയാണു ബിജെപി സ്ഥാനാര്‍ഥി. 2009ല്‍ വെറും 5779 വോട്ടിനാണു ബിജെപിയുടെ മുതിര്‍ന്ന നേതാവ് രാം നായ്കിനെ നിരുപം മറികടന്നത്. എംഎന്‍എസ് സ്ഥാനാര്‍ഥി 147,502 വോട്ട് നേടി. ഇക്കുറി എംഎന്‍എസിനു സ്ഥാനാര്‍ഥിയില്ല. ചേരിനിവാസികളുടെ പ്രശ്നങ്ങളുയര്‍ത്തിക്കാട്ടി എഎപി സ്ഥാനാര്‍ഥി സതീഷ് ജെയിനും രംഗത്തുണ്ട്. ഉത്തരേന്ത്യക്കാരും ഗുജറാത്തികളും ഈ മണ്ഡലത്തില്‍ നിര്‍ണായകമാണ്.

ബോറിവിലി, ദഹിസാര്‍, മാഗാതാനെ, കാണ്ഡിവലി ഈസ്റ്, ചാര്‍കോപ്, മലാഡ് വെസ്റ് എന്നിവയാണ് മുംബൈ നോര്‍ത്തിനു കീഴില്‍ വരുന്ന നിയമസഭാ മണ്ഡലങ്ങള്‍.

മുംബൈ സൌത്ത്

മുംബൈയിലെ സമ്പന്നരുടെ വാസകേന്ദ്രമായ മുംബൈ സൌത്തില്‍ മൂന്നാം വിജയത്തിനിറങ്ങിയിരിക്കുന്ന കേന്ദ്ര സഹമന്ത്രി മിലിന്ദ് ദേവ്രയ്ക്ക് എംഎന്‍എസ്, ശിവസേന, എഎപി, കക്ഷികള്‍ വെല്ലുവിളിയുയര്‍ത്തുന്നു. മുംബൈയിലെ വ്യവസായികള്‍ വസിക്കുന്ന മുംബൈ സൌത്ത് മണ്ഡലമാണു നഗരഹൃദയം. 2008 നവംബറില്‍ ഭീകരാക്രമണം നടന്നത് ഈ മണ്ഡലത്തിലാണ്.

കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ ശിവസേന, എംഎന്‍എസ് കക്ഷികള്‍ ഭിന്നിച്ചതുമൂലമാണു കഴിഞ്ഞതവണ മിലിന്ദ് ദേവ്ര വന്‍ വിജയം നേടിയത്. 2009ല്‍ ദേവ്ര 2.72 ലക്ഷം വോട്ട് നേടിയപ്പോള്‍ എംഎന്‍എസിന്റെ ബാല നന്ദ്ഗാവ്ങ്കര്‍ 1.59 ലക്ഷം വോട്ടും ശിവസേനയുടെ മോഹന്‍ റാവലെ 1.46 ലക്ഷംവോട്ടും നേടി. ഇക്കുറിയും നന്ദ്ഗാവ്ങ്കര്‍ എംഎന്‍എസ് ബാനറില്‍ പോരിനിറങ്ങിയിട്ടുണ്ട്. അരവിന്ദ് സാവന്ത് ശിവസേനയുടെയും ബാങ്കറായ മീരാ സന്യാല്‍ എഎപിയുടെയും സ്ഥാനാര്‍ഥികളാണ്.

വര്‍ളി, ശിവാദി, ബൈക്കുള, മലബാര്‍ ഹില്‍, മുംബാദേവി, കൊളാബ എന്നിവയാണു മുംബൈ സൌത്തിനു കീഴില്‍ വരുന്ന നിയമസഭാ മണ്ഡലങ്ങള്‍.

മുംബൈ സൌത്ത് സെന്‍ട്രല്‍

മുംബൈ സൌത്ത് സെന്‍ട്രല്‍ മണ്ഡലം ശിവസേനയുടെ കോട്ടയായാണ് അറിയപ്പെട്ടിരുന്നത്. 1984 മുതല്‍ 2004 വരെ തുടര്‍ച്ചയായി ഏഴു തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച ശിവസേനയ്ക്ക് 2009ല്‍ കാലിടറി. കോണ്‍ഗ്രസിന്റെ ജയന്റ് കില്ലര്‍ ഏക്നാഥ് എം. ഗേയ്ക്ക്വാദ് ആണ് ശിവസേന കോട്ടയില്‍ കോണ്‍ഗ്രസ് പതാക പാറിച്ചത്. സാധാരണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ മണ്ഡലത്തിലെ പ്രധാന സമുദായം ദളിതരാണ്. ഗേയ്ക്ക്വാദ് ദളിത് സമുദായാംഗമാണ്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍നിന്നുള്ള എംഎല്‍എയായിരുന്നു ഏക്നാഥ് ഗേയ്ക്ക്വാദ്. മണ്ഡലത്തിന്റെ സ്പന്ദനങ്ങള്‍ അറിയാവുന്ന ഗേയ്ക്ക്വാദ് മഹാരാഷ്ട്രയില്‍ രണ്ടുവട്ടം മന്ത്രിയുമായിരുന്നു. 2004ല്‍ ശിവസേനയുടെ മുതിര്‍ന്ന നേതാവും ബ്രാഹ്മണനുമായ മനോഹര്‍ ജോഷിയെ തോല്പിച്ച് ചരിത്രം സൃഷ്ടിച്ചയാളാണു ഗേയ്ക്ക്വാദ്.

മണ്ഡലം തിരിച്ചുപിടിക്കാന്‍ കൊണ്ടുശ്രമിക്കുന്ന ശിവസേനയ്ക്കു വെല്ലുവിളിയായി എംഎന്‍എസ് സ്ഥാനാര്‍ഥി ആദിദ്യ ശിരോദ്കര്‍ രംഗത്തുണ്ട്.

ഒരു ലക്ഷം ഗ്രീറ്റിംഗ് കാര്‍ഡുകള്‍ വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്ത് പ്രചാരണം നടത്തിയ ശിരോദ്കര്‍ സോഷ്യല്‍ മീഡിയയും പ്രചാരണത്തിന് ഉപയോഗിക്കുന്നു.

അണുശക്തി നഗര്‍, ചെമ്പൂര്‍, ധാരാവി(എസ്സി), സിയോന്‍ കോലിവാഡ, വാദാല, മാഹിം എന്നിവയാണു മുംബൈ സൌത്ത് സെന്‍ട്രലിനു കീഴില്‍ വരുന്ന നിയമസഭാ മണ്ഡലങ്ങള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.