രാത്രി സ്വന്തം വീട്ടിലുറങ്ങണമെന്നു മോദിക്കു വാശി
രാത്രി സ്വന്തം വീട്ടിലുറങ്ങണമെന്നു മോദിക്കു വാശി
Wednesday, April 23, 2014 12:34 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: രാജ്യമെങ്ങും ഓടിനടന്നു പ്രചാരണം നടത്തുന്ന ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കു രാത്രി ഗുജറാത്തിലെ വീട്ടിലെത്തിയാലേ ഉറക്കം വരൂ. പകല്‍ എവിടെ പ്രചാരണത്തിനു പോയാലും രാത്രി മോദിയെ വീട്ടിലെത്തിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് ഒരു ജെറ്റ് വിമാനവും രണ്ടു ഹെലികോപ്ടറുകളും സദാ സന്നദ്ധമായി നില്‍ക്കുന്നു.

മിക്കവാറും ദിവസങ്ങളില്‍ അഹമ്മദാബാദിലെ എയര്‍പോര്‍ട്ടില്‍ നിന്നു ഇഎംബി-135ബിജെ എന്ന എംബ്രേയര്‍ വിമാനത്തിലാണു മോദി പറന്നുയരുന്നത്. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കര്‍ണാവതി ഏവിയേഷന്റേതാണ് ഈ ജെറ്റ് വിമാനം. എന്നാല്‍ രാജ്യത്തിന്റെ ഏതു മൂലയില്‍ പ്രചാരണത്തിനു പോയാലും രാത്രി മോദി തിരികെ അഹമ്മദാബാദിലെത്തും എന്നാണു എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഉദ്യോഗസ്ഥരുടെ വിശദീകരണം. എല്ലാ ദിവസവും മോദിയുടെ രണ്ട് യാത്രകള്‍ വിമാനത്താവളത്തില്‍ റിക്കാര്‍ഡ് ചെയ്യുന്നുണ്െടന്നും അവര്‍ പറയുന്നു.

2.4 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് ഇതുവരെ രാജ്യമെമ്പാടും 150ലധികം റാലികളില്‍ മോദി പങ്കെടുത്തു കഴിഞ്ഞു. ഏറ്റവും ചെറിയ യാത്രയ്ക്കുപോലും മോദി ഹെലികോപ്ടറാണു ഉപയോഗിക്കുന്നത്.

ഉത്തര്‍പ്രദേശിലും ബിഹാറിലും മോദി ഉപയോഗിച്ചതു ഡിഎല്‍എഫ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള അഗസ്ത എഡബ്ള്യൂ-139 ഹെലികോപ്ടറാണ്. സ്വകാര്യ ഉടമസ്ഥതയിലുള്ള ബെല്‍ 412 ഹെലികോപ്ടറും മോദി പ്രചാരണത്തിനുപയോഗിക്കുന്നുണ്ട്. ഗുജറാത്തിലെ വഡോദരയിലും യുപിയിലെ വാരാണസിയിലുമായി രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുന്ന മോദിയുടെ പ്രചാരണ വേഗം ഇനിയും കൂടുന്നതോടെ ആകാശ യാത്രകളുടെ എണ്ണവും കൂടും.

വ്യോമയാന വിദഗ്ധരുടെ വിലയിരുത്തലനുസരിച്ചു സിംഗിള്‍ എന്‍ജിന്‍ ഹെലികോപ്ടര്‍ യാത്രയ്ക്കു മണിക്കൂറില്‍ 70,000 രൂപ ചെലവാകും. ഇരട്ട എന്‍ജിനുള്ള ഹെലികോപ്ടറിനു മണിക്കൂറില്‍ 75,000 രൂപയും ജെറ്റ് വിമാനത്തിനു മണിക്കൂറില്‍ മൂന്നു ലക്ഷം രൂപയും ചെലവാകും.

ഒരു മാസത്തിനുള്ളില്‍ ന്യൂഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന സ്വകാര്യ വിമാനങ്ങളുടെ എണ്ണത്തില്‍ നേതാക്കളുടെ പറക്കല്‍ പ്രചാരണത്തെത്തുടര്‍ന്നു 40 ശതമാനം വര്‍ധനയുണ്ടായി. വിവിധ രാഷ്ട്രീയകക്ഷികളുടെ നേതാക്കള്‍ ഉപയോഗിച്ച സ്വകാര്യ ജെറ്റുകളുടെയും ഹെലികോപ്ടറുകളുടെയും കണക്കുകള്‍ ഉള്‍പ്പടെയാണിത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുമാണു കഴിഞ്ഞ മാസത്തില്‍ ഡല്‍ഹിയില്‍ നിന്ന് ഏറ്റവുമധികം വിമാനയാത്രകള്‍ നടത്തിയത്.


ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്നു തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പറന്നുയര്‍ന്ന നേതാക്കളില്‍ ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിംഗും ബിഎസ്പി നേതാവ് മായാവതിയും ഉള്‍പ്പെടുന്നു. ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ പലപ്പോഴും രാപകല്‍ അധികസമയം ഡ്യൂട്ടി ചെയ്താണ് ഈ സ്വകാര്യ വിമാന യാത്രകള്‍ ഷെഡ്യൂള്‍ ചെയ്തിരുന്നത്. എല്ലായ്പ്പോഴും മുന്‍കൂട്ടി കൃത്യമായി ഷെഡ്യൂള്‍ ചെയ്തായിരുന്നില്ല നേതാക്കളുടെ വിമാന യാത്രകള്‍ സംഘടിപ്പിച്ചിരുന്നതെന്നതും വിമാനത്താവളത്തിലെ അധികൃതരെ പലപ്പോഴും വെട്ടിലാക്കിയിരുന്നു.

പ്രതിദിനം 850ല്‍ അധികം വിമാനങ്ങള്‍ നിയന്ത്രിക്കുന്ന ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ നേതാക്കളുടെ സ്വകാര്യ യാത്രകള്‍ ഉണ്ടാക്കിയ കുഴപ്പങ്ങളും ചില്ലറയല്ല. തന്റെ വിമാനയാത്രകളില്‍ മനഃപൂര്‍വം കാലതാമസം ഉണ്ടാക്കുന്നുവെന്നു പറഞ്ഞു നരേന്ദ്രമോദി രംഗത്തു വന്നിരുന്നു. ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങള്‍ പറന്നുയരുന്നതിനും ഇറങ്ങുന്നതിനും രണ്ടു മണിക്കൂര്‍ മുമ്പു പൈലറ്റുമാരെ വിവരം ധരിപ്പിച്ചിരിക്കണമെന്നാണു ചട്ടം. എന്നാല്‍, നേതാക്കളുടെ സ്വകാര്യ ജെറ്റ് യാത്രകള്‍ കൂടിയതോടെ ഇതാകപ്പാടെ താളം തെറ്റി.

ഹെലികോപ്ടറുകളും ബിസിനസ് ജെറ്റുകളും വിവിധ രാഷ്ര്ട്രീയപാര്‍ട്ടികള്‍ ചാര്‍ട്ടര്‍ ചെയ്തു പ്രചാരണത്തിനുപയോഗിക്കുന്നതു മൂലം 130ലധികം സ്വകാര്യ വ്യോമയാന കമ്പനികളാണു ലാഭം കൊയ്യുന്നത്.

കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി നഷ്ടത്തിലായിരുന്ന സ്വകാര്യ വ്യോമയാന ഗതാഗതമേഖല തെരഞ്ഞെടുപ്പു പ്രചാരണം ആരംഭിച്ചതോടെ ലാഭത്തിലായെന്നു ബിസിനസ് എയര്‍ക്രാഫ്റ്റ് ഓപ്പറേറ്റേഴ് അസോസിയേഷന്‍ സെക്രട്ടറി ആര്‍.കെ. ബാലി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.