കന്യാകുമാരിയില്‍ ഷഡ്കോണ മത്സരം
കന്യാകുമാരിയില്‍ ഷഡ്കോണ മത്സരം
Wednesday, April 23, 2014 12:35 AM IST
ഗിരീഷ് പരുത്തിമഠം

നാഞ്ചിനാടിന്റെ ഹൃദയഭൂമികയായ കന്യാകുമാരിയില്‍ പതിനാറാം ലോക്സഭ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് പരിസമാപ്തിയായി. തിളച്ചു പൊള്ളിക്കുന്ന വേനലിനെക്കാള്‍ തേര്‍തലി (തെരഞ്ഞെടുപ്പ്)നാണു ചൂടെന്നു തമിഴകം മൊഴിയുന്നു.

രാജ്യത്തിന്റെ തെക്കേയറ്റത്തു ള്ള ഈ ലോക്സഭാ മണ്ഡലത്തില്‍ നാളെ നടക്കുന്ന വോട്ടെടുപ്പില്‍ പ്രമുഖ രാഷ്ട്രീയ കക്ഷികളെല്ലാം മത്സരരംഗത്തുണ്ട്. ദേശീയ കക്ഷികള്‍ ഒപ്പമില്ലാതെ തമിഴകത്തെ പ്രാദേശിക കക്ഷികളായ എഡിഎംകെയും ഡിഎംകെ യും മത്സരിക്കുന്ന തെരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. എച്ച്. വസന്തകുമാര്‍- കോണ്‍ഗ്രസ്, പൊന്‍ രാധാകൃഷ്ണന്‍- ബിജെപി, എ.വി. ബെല്ലാര്‍മിന്‍ -സിപിഎം, ഡി. ജോണ്‍ തങ്കം -എഡിഎംകെ, എഫ്.എം. രാജരത്നം- ഡിഎംകെ, എസ്.പി. ഉദയകുമാര്‍- ആം ആദ്മി പാര്‍ട്ടി എന്നിവരാണു കന്യാകുമാരി തെരഞ്ഞെടുപ്പ് ഗോദായിലെ പ്രമുഖര്‍.

സ്ഥാനാര്‍ഥികളില്‍ പലരും കന്യാകുമാരിക്കു ചിരപരിചിതരാണെന്നതു യുദ്ധത്തിന്റെ വീറും വാശിയും വര്‍ധിപ്പിക്കുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കൂടിയായ പൊന്‍ രാധാകൃഷ്ണന്‍ 1999- ല്‍ പഴയ നാഗര്‍കോവില്‍ മണ്ഡലത്തില്‍ നിന്നു വിജയിച്ചു കേന്ദ്രമന്ത്രിയായിട്ടുണ്ട്. അന്നു ഡിഎംകെ പിന്തുണയോടെയാണു ജനവിധി തേടിയത്. 2004 -ല്‍ വിജയാശ്രീലാളിതനായ സിപിഎമ്മിലെ എ.വി. ബെല്ലാര്‍മിന്‍ ഇക്കുറി വീണ്ടും പ്രതീക്ഷ പുലര്‍ത്തുന്നു. ഡിഎംകെ പിന്തുണയോടെയായിരുന്നു ചരിത്രം കുറിച്ച ആ കന്നിയങ്കം.

തിരുനല്‍വേലി ജില്ലയിലെ നാങ്കുനേരിയില്‍ നിന്നു നിയമസഭയിലെത്തിയിട്ടുള്ള എച്ച്. വസന്തകുമാര്‍ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. തമിഴ്നാട്ടിലെ ഒരു പ്രസിദ്ധ വ്യവസായ ശൃംഖലയുടെ അമരക്കാരനായ വസന്തകുമാര്‍ മണ്ഡലത്തിന്റെ പഴയകാല കോണ്‍ഗ്രസ് പെരുമ ആവര്‍ത്തിക്കാനുള്ള അക്ഷീണ പ്രയത്നത്തിലാണ്. കുളച്ചല്‍ മുന്‍ എംഎല്‍എ യായ എഫ്.എം. രാജരത്നത്തെയാണ് ഡിഎംകെ തെരഞ്ഞെടുപ്പു ഗോദയിലിറക്കിയിരിക്കുന്നത്. എഡിഎംകെ യുടെ ജോണ്‍ തങ്കവും ആം ആദ്മി പാര്‍ട്ടിയുടെ എസ്.പി. ഉദയകുമാറും ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നു. ബിഎസ്പി, സിപിഐ -എംഎല്‍ ലിബറേഷന്‍, സിപിഐ -എംഎല്‍ റെഡ്സ്റാര്‍, ഇന്ത്യന്‍ വിക്ടറി പാര്‍ട്ടി മുതലായ കക്ഷികളുടെ മത്സരാര്‍ഥികളും 15 സ്വതന്ത്ര സ്ഥാനാര്‍ഥികളും കന്യാകുമാരിയില്‍ മത്സര രംഗത്തുണ്ട്.


ഓരോ തെരഞ്ഞെടുപ്പിലും പുതുമയുള്ള രാഷ്ട്രീയ സമവാക്യങ്ങള്‍ക്കാണു കന്യാകുമാരി സാക്ഷ്യം വഹിച്ചിട്ടുള്ളത്. കന്യാകുമാരി, കുളച്ചല്‍, കിള്ളിയൂര്‍, നാഗര്‍കോവില്‍, പത്മനാഭപുരം, വിളവന്‍കോട് എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് കന്യാകുമാരി ലോക്സഭ മണ്ഡലം. കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ഈ മണ്ഡലം നിലവില്‍വന്നത്. നേരത്തെ കന്യാകുമാരി നിയമസഭാ മണ്ഡലം തിരുച്ചെന്തൂര്‍ ലോക്സഭാ മണ്ഡലത്തിലും മറ്റു നിയോജകമണ്ഡലങ്ങള്‍ നാഗര്‍കോവില്‍ ലോക്സഭാ മണ്ഡലത്തിലുമായിരുന്നു. യുപിഎ മുന്നണിയില്‍ മത്സരിച്ച ഡിഎംകെയുടെ ഹെലന്‍ ഡേവിഡ്സണാണ് നിലവിലുള്ള എംപി.

തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ബിജെപി യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയും കന്യാകുമാരി മണ്ഡലത്തിലെത്തിയിരുന്നു. 25 സ്ഥാനാര്‍ഥികളുടെ വിധി നിര്‍ണയിക്കാന്‍ മണ്ഡലത്തിലാകെ 14,62,442 വോട്ടര്‍മാരാണുള്ളത്.

1951 മുതല്‍ നാല് ദശകത്തോളം കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയായിരുന്നു പഴയ നാഗര്‍കോവില്‍ മണ്ഡലം. ടിടിഎന്‍സിയിലെ എ. നേശമണിയാണ് 1951 -ല്‍ വിജയിച്ചത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രതിനിധിയായി 1962 ലും 1967 ലും അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

1957 -ല്‍ കോണ്‍ഗ്രസിലെ പി. താണുലിംഗ നാടാര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചു. എന്‍സിഒ സ്ഥാനാര്‍ഥികളായ കെ. കാമരാജ് നാടാര്‍ 1971 ലും കുമരി അനന്തന്‍ 1977 ലും നാഗര്‍കോവിലിന്റെ താരങ്ങളായി.

1980 മുതല്‍ 1998 വരെ എന്‍. ഡെന്നിസ് മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1980 ലും 1984 ലും 1989 ലും 1991 ലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും 1996 ലും 1998 ലും തമിഴ് മാനിലാ കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ഥിയായിരുന്നു അദ്ദേഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.