240 കോടി രൂപയും ഒരു കോടി ലിറ്റര്‍ മദ്യവും മയക്കുമരുന്നും പിടിച്ചെടുത്തു
Thursday, April 24, 2014 11:48 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി കരുതിവച്ചിരുന്ന 240 കോടി രൂപയും ഒരു കോടിയോളം ലിറ്റര്‍ മദ്യവും 30,000 കിലോ മയക്കുമരുന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ പിടിച്ചെടുത്തു. 28 സംസ്ഥാനങ്ങളിലും ഏഴു കേന്ദ്രഭരണ പ്രദേശങ്ങളിലും ഈ മാസം 17നു മുമ്പു നടത്തിയ തെരച്ചിലിലാണ് ഇത്രയധികം പണവും മയക്കു മരുന്നുകളും പിടിച്ചെടുത്തതെന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പിടിച്ചെടുത്ത പണത്തിന്റെ ഏറ്റവും പുതിയ കണക്കുകളാണിത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനും തെരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്ന ചെലവു തുകയുടെ പരിധിക്കപ്പുറം ചെലവഴിക്കാനും വിവിധ കക്ഷികള്‍ സംഭരിച്ചു വച്ചതാണു പണവും മദ്യവും മയക്കുമരുന്നുകളും.

തെരഞ്ഞെടുപ്പിനു വോട്ടര്‍മാരെ പണവും മദ്യവും നല്‍കി സ്വാധീനിക്കുന്നതു പരസ്യമായ രഹസ്യമാണെങ്കിലും ഇതാദ്യമായാണ് ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ നേരിട്ടിടപെട്ടു നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നതും പണവുമുള്‍പ്പടെയുള്ളവ പിടിച്ചെടുക്കുന്നതും. ഏറ്റവുമധികം മയക്കുമരുന്നുകള്‍ പിടിച്ചെടുത്തതു ഹിമാചല്‍ പ്രദേശില്‍നിന്നും രാജസ്ഥാനില്‍നിന്നുമാണ്. കള്ളപ്പണത്തിന്റെയും മദ്യത്തിന്റെയും കാര്യത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്നത് ആന്ധ്രപ്രദേശ് ആണ്. 102 കോടി രൂപയാണു ആന്ധ്രയില്‍നിന്നു പിടിച്ചെടുത്തത്. തമിഴ്നാട്ടില്‍നിന്നു 39 കോടിയും കര്‍ണാടകയില്‍ 20.53 കോടിയും പിടിച്ചെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നുകളില്‍ ഹെറോയിന്‍, ഓപ്പിയം, ഹാഷിഷ്, കെമിക്കലുകള്‍ എന്നിവയും ഉള്‍പ്പെടുന്നു. ആയിരത്തിലധികം കോടി രൂപയുടെ മയക്കുമരുന്നുകള്‍ പിടിച്ചെടുത്തിട്ടുണ്െടന്നാണു റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ പുറത്തുവിടാനിരിക്കുന്നതേയുള്ളൂ.


തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അനധികൃത പണവും മദ്യവും ഒഴുകുന്നതു തടയാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ചു കമ്മിറ്റി രൂപവത്കരിച്ചിരുന്നു. ഇന്‍കം ടാക്സ് ഇന്റലിജന്റ്സ്, ഫിനാന്‍ഷ്യല്‍ ഇന്റലിജന്റ്സ്, ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്റ്സ്, സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജന്റ്സ് ബ്യൂറോ, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന്റെ ഇന്റലിജന്റ്സ് വിംഗ്, സീമാ സുരക്ഷാ ബല്‍, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് എന്നിവയാണു തെരഞ്ഞെടുപ്പു കമ്മീഷന്‍ രൂപവത്കരിച്ചിരുന്ന കമ്മിറ്റിയിലുള്ളത്.

വോട്ടര്‍മാര്‍ക്കിടില്‍ വിതരണം ചെയ്യാനുള്ള കള്ളപ്പണം ഹെലികോപ്റ്റര്‍ മാര്‍ഗം കടത്തുന്നതും ഈ സമിതിയുടെ നിരീക്ഷണത്തില്‍ പെട്ടിരുന്നു. ഇതു നിയന്ത്രിക്കുന്നതിനായി മുംബൈയിലെ ജൂഹു കേന്ദ്രീകരിച്ചു അന്വേഷണസംഘം നിലയുറപ്പിച്ചു. പരിശോധനകളിലും അന്വേഷണങ്ങളിലും പ്രത്യേകിച്ചു സ്ത്രീകളുമായി ബന്ധപ്പെട്ട കേസുകളിലും പ്രത്യേക ജാഗ്രത വേണമെന്ന് ഉദ്യോഗസ്ഥര്‍ക്കു കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. പിടിച്ചെടുത്ത സാധനങ്ങള്‍ കോടതിയുടെ കസ്റഡിയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.