കാലവര്‍ഷം കുറയുമെന്നു കാലാവസ്ഥാ വകുപ്പും
കാലവര്‍ഷം കുറയുമെന്നു  കാലാവസ്ഥാ വകുപ്പും
Friday, April 25, 2014 11:18 PM IST
ന്യൂഡല്‍ഹി: തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) കുറവാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പും (ഐഎംഡി). ദീര്‍ഘകാല ശരാശരിയുടെ 95 ശതമാനം മഴയേ ഈ ജൂണ്‍ - സെപ്റ്റംബറില്‍ ലഭിക്കാനിടയുള്ളൂവെന്നാണ് ഐഎംഡിയുടെ ഒന്നാംവട്ട പ്രവചനം. ജൂണില്‍ രണ്ടാംവട്ട പ്രവചനമുണ്ടാകും. ഇപ്പോഴത്തെ പ്രവചന ത്തില്‍ അഞ്ചു ശതമാനമാണു തെറ്റുസാധ്യത. അതായത്, ദീര്‍ഘകാല ശരാശരിയുടെ 90-100 ശതമാനത്തില്‍ എവിടെയുമാകാം മഴയുടെ തോത്. 1951 മുതല്‍ 2000 വരെയുള്ള 50 വര്‍ഷത്തെ മഴയുടെ ശരാശരിയായ 89 സെന്റിമീറ്ററാണ് ദീര്‍ഘകാല ശരാശരി.

ഐഎംഡി ഇത്തവണ ഔപചാരിക പ്രവചനത്തിനു പുറമേ മറ്റു രണ്ടു പരീക്ഷണ പ്രവചനങ്ങള്‍കൂടി നടത്തി. ഇതില്‍ ഒന്നാമത്തേതായ മണ്‍സൂണ്‍ മിഷന്‍ മോഡലി ലെ പ്രവചനം ശരാശരിയുടെ 96 ശതമാനം മഴ കിട്ടുമെന്നാണ്. ര ണ്ടാ മത്തേതായ സീസണല്‍ ഫെര്‍കാസ്റ് മോഡല്‍ പറയുന്നത് ദീര്‍ഘകാല ശരാശരിയുടെ 88 ശതമാനം മഴയേ കിട്ടൂ എന്നത്രെ. ഇവയുടെ തെറ്റുസാധ്യതയും അഞ്ചു ശതമാനമാണ്. രണ്ടാമത്തെ പ്രവചനപ്രകാരം രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും വരള്‍ച്ചയിലാകും.

ഐഎംഡിയുടെ ഔപചാരിക പ്രവചനത്തില്‍ പ്രാദേശികതലത്തി ല്‍ മഴ എങ്ങനെയാകും എന്നു പറയുന്നില്ല. രാജ്യത്തു മൊത്തം മഴ 90 ശതമാനത്തിലും കുറവാകാന്‍ 23 ശതമാനവും 90-96 ശതമാനം മേഖലയിലാകാന്‍ 33 ശതമാനവും സാധ്യതയാണു പ്രവചനത്തില്‍ പറയുന്നത്. ശരാശരിക്കടുത്ത മഴ (96-104 ശതമാനം) കിട്ടാന്‍ സാധ്യത 35 ശതമാനം. അധിക മഴയ്ക്കു സാധ്യത ഒമ്പതുശതമാനം മാത്രം.

പസഫിക് സമുദ്രത്തില്‍ എല്‍ നീനോ പ്രതിഭാസം രൂപമെടുത്ത സാഹചര്യത്തില്‍ ഇന്ത്യയടക്കം ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും ഓസ്ട്രേലിയയിലും മഴ കുറയുമെന്നു മറ്റു കാലാവസ്ഥാ നിരീക്ഷണ സ്ഥാപനങ്ങളും പ്രവചിച്ചിട്ടുണ്ട്. ഇന്ത്യയിലെ സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റും പതിവില്‍ കുറഞ്ഞ മഴയേ കാലവര്‍ഷത്തില്‍ കിട്ടൂ എന്നാണു പ്രവചിച്ചത്.


കഴിഞ്ഞദിവസം വിവിധ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ കാലാവസ്ഥാ വിശകലനക്കാര്‍ പൂനെയില്‍ സമ്മേളിച്ചപ്പോഴും ഇന്ത്യയില്‍ മഴ കുറയുമെന്ന നിഗമനമാണുണ്ടായത്.

ദക്ഷിണ - പശ്ചിമ - മധ്യ ഇന്ത്യകളിലാകും മഴക്കുറവിന്റെ രൂക്ഷത. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഴ സാധാരണപോലെ ലഭിച്ചേക്കും. കഴിഞ്ഞവര്‍ഷം ശരാശരി മഴ കിട്ടുമെന്നാണ് ഐഎംഡി പ്രവചിച്ചത്. ലഭിച്ചത് 106 ശതമാനം മഴ. ദക്ഷിണേന്ത്യയില്‍ ദീര്‍ഘകാല ശരാശരിയുടെ 115 ശതമാനം മഴ കിട്ടി. 2012ല്‍ ശരാശരി മഴ കിട്ടുമെന്ന് ഐഎംഡി പ്രവചിച്ചെങ്കിലും ലഭിച്ചതു 93 ശതമാനം മാത്രം. അക്കൊല്ലം കേരളത്തില്‍ മഴ 90 ശതമാനം മാത്രമായിരുന്നു. ഈ നൂറ്റാണ്ടില്‍ മൂന്നു വരള്‍ച്ചാവര്‍ഷങ്ങളാണ് ഇന്ത്യയിലു ണ്ടായത്. 2002 ല്‍ 22 ശതമാനവും 2004 ല്‍ 17 ശതമാനവും 2009 ല്‍ 27 ശതമാനവും കുറവ് മഴ ലഭിച്ചപ്പോഴാണത്.

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കുറയുമ്പോള്‍ രാജ്യത്തെ ഒന്നാംകൃഷി (ഖാരിഫ്)യില്‍ വിള മോശമാകും. രണ്ടാംകൃഷി (റാബി)ക്കു വേണ്ട ജലസേചനത്തിനുള്ള ജലം സംഭരണികളില്‍ ലഭിക്കുകയില്ലാത്തതിനാല്‍ ആ വിളയും കുറയും. ധാന്യങ്ങള്‍, എണ്ണക്കുരുക്കള്‍, പഞ്ചസാര, പയര്‍വര്‍ഗങ്ങള്‍ എന്നിവയുടെ ഉത്പാദനം കുറയുന്നതു വിലക്കയറ്റം കൂട്ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.