അഭിമാനത്തോടെ അമിക്കസ് ക്യൂറി
Friday, April 25, 2014 11:18 PM IST
ന്യൂഡല്‍ഹി: തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുവിവരങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രമണ്യത്തിന് ഇത് അഭിമാനത്തിന്റെ വേള.

അമിക്കസ് ക്യൂറി തയാറാക്കിയ റിപ്പോര്‍ട്ടിലെ സുപ്രധാന കണ്െടത്തലുകളെല്ലാം ശരിവച്ചു കൊണ്ടാണു സുപ്രീം കോടതി ഇന്നലെ ക്ഷേത്രം ഭരണസമിതി ഉടച്ചു വാര്‍ത്ത്കൊണ്ടു ഇടക്കാല ഉത്തരവിറക്കിയത്. രാജകുടുംബവും നിലവിലുണ്ടായിരുന്ന ക്ഷേത്ര ഭരണസമിതിയും ഉയര്‍ത്തിയ എതിര്‍പ്പുകളെ മറികടന്നായിരുന്നു അമിക്കസ് ക്യൂറി അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയത്.

പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ കണ്െടത്തലുകള്‍ ഗൌരവമുള്ളതാണെന്നു സുപ്രീംകോടതി ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. അമിക്കസ് ക്യൂറിക്കെതിരേ ആരും വിരല്‍ ചൂണ്ടരുതെന്നു ശക്തമായ മുന്നറിയിപ്പും സുപ്രീം കോടതി നല്‍കിയിരുന്നു.

ക്ഷേത്രത്തിലെ സ്വത്തുക്കളും മറ്റും അന്യാധീനപ്പെടുകയും കൊള്ളയടിക്കുകയും ചെയ്യുന്നതു സംബന്ധിച്ചു നിര്‍ണായക കണ്െടത്തലുകളായിരുന്നു അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ക്ഷേത്രത്തില്‍ നിന്നും ഉന്നതരുടെ ഇടപെടലോടെ പുറത്തേക്കു വന്‍ തോതില്‍ സ്വര്‍ണം കടത്തിയിരുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

575 പേജുള്ള റിപ്പോര്‍ട്ടിലെ 247 മുതല്‍ 252 വരെ പേജുകളിലാണ് പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണക്കടത്തിനെക്കുറിച്ചു പറയുന്നത്.

മാര്‍ത്താണ്ഡവര്‍മ 17 കിലോ സ്വര്‍ണവും മൂന്നു ശരപ്പൊളിമാലയും കൈമാറിയെന്ന് സ്വര്‍ണപ്പണിക്കാരനായ രാജു മൊഴി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മണലില്‍ കലര്‍ത്തിയാണ് സ്വര്‍ണം പുറത്തേ ക്കു കടത്തിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ക്ഷേത്രഭരണം മാഫിയകളുടെ കൈകളിലാണെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കിയിരുന്നു.


ഒന്നാം നമ്പര്‍ പണിപ്പുര തുറക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ താക്കോല്‍ ഇല്ലെന്ന് ക്ഷേത്രം അധികൃതര്‍ പറഞ്ഞു. പോലീസിന്റെ സഹായത്തോടെ പൂട്ടു പൊട്ടിച്ചാണ് പണിപ്പുര തുറന്നത്. സ്വര്‍ണപ്പണികള്‍ നടന്നതിന്റെ ലക്ഷണം മുറിക്കകത്ത് ഉണ്ടായിരുന്നു. അവിടെ നിന്നു ലഭിച്ച ഒരു പെട്ടിക്കകത്ത് സ്വര്‍ണ്ണം മണലില്‍ കലര്‍ത്തിയ നിലയില്‍ കണ്െടത്തി.

അതിന്റെ ചിത്രങ്ങളും അമിക്കസ് ക്യൂറി കോടതിയില്‍ നല്‍കിയിരുന്നു. ക്ഷേത്ര ഭരണം മാഫിയകളുടെ കൈകളിലാണെന്നും കൊട്ടാരത്തിന്റെ പേരിലാണ് അതൊക്കെ നടക്കുന്നതെന്നും 496-ാം പേജില്‍ അമിക്കസ് ക്യൂറി വിശദീകരിക്കുന്നു.

സ്വര്‍ണവും വെള്ളിയും ക്ഷേത്രത്തില്‍ ഉണ്ടാക്കുന്നതു സ്വാഭാവികമാണെന്നും എന്നാല്‍ ഒരു ക്ഷേത്രത്തില്‍ സ്വര്‍ണം പൂശുന്ന യന്ത്രം എന്തിനാണെന്നു മനസിലാകുന്നില്ലെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞിരുന്ന കാര്യമായിരുന്നു ക്ഷേത്രത്തിലെ വരവു - ചെലവു കണക്കുകള്‍ പരിശോധിക്കാന്‍ മുന്‍ സിഎജി വിനോദ് റായിയെ ചുമതലപ്പെടുത്തണമെന്നത്. ഇത് ഇന്നലെ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 2 ജി സ്പെക്ട്രം അഴിമതി ഉള്‍പ്പെടെയുള്ള നിരവധി സാമ്പത്തിക ക്രമക്കേടുകള്‍ പുറത്തു കൊണ്ടുവന്ന മുന്‍ സിഎജിയാണ് വിനോദ് റായ്.

പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ചുമതലപ്പെടുത്തിയിരിക്കുന്ന സതീഷ് കുമാര്‍ ഐഎഎസ് മുന്‍പു തിരുവനന്തപുരം ജില്ലാ കളക്ടര്‍ ആയിരുന്നു. ഇപ്പോള്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ആണ് ഇദ്ദേഹം. ഗുരുവായൂര്‍ ദേവസ്വം കമ്മീഷണര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകനായി പോയിരിക്കുകയാണ് സതീഷ് കുമാര്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.