മുഖ്യമന്ത്രിമാരെ എതിര്‍ത്തു മഹാരാഷ്ട്രയിലും ആസാമിലും കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിവച്ചു
Tuesday, July 22, 2014 12:10 AM IST
മുംബൈ: മുഖ്യമന്ത്രിയെ മാറ്റാത്തതില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലും ആസാമിലും മുതിര്‍ന്ന കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിവച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനെ മാറ്റാത്തതില്‍ പ്രതിഷേധിച്ച് വ്യവസായമന്ത്രി നാരായണ്‍ റാണെയും ആസാം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയെ എതിര്‍ത്തു വിദ്യാഭ്യാസമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുമാണു രാജിവച്ചത്.

38 എംഎല്‍എമാര്‍ വിമതപക്ഷത്തു നിലയുറപ്പിച്ചതോടെ ആസാം സര്‍ക്കാര്‍ പ്രതിസന്ധിയിലായി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലും ഏറ്റവും വലിയ തിരിച്ചടി നേരിട്ട കോണ്‍ഗ്രസിന് മന്ത്രിമാരുടെ രാജി ഇരുട്ടടിയായി.

ഇന്നലെ മുഖ്യമന്ത്രിയെ കണ്ട് നാരായണ്‍ റാണെ രാജിക്കത്തു കൈമാറി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മകന്‍ നിലേഷ് പരാജയപ്പെട്ടതിനെത്തുടര്‍ന്നു നാരായണ്‍ റാണെ രാജിവച്ചെങ്കിലും കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചിരുന്നില്ല.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍വിയുടെ പങ്കാളിയാകാന്‍ ആഗ്രഹമില്ലെന്നു രാജിവച്ചശേഷം റാണെ പറഞ്ഞു. ചവാന്റെ കടുത്ത എതിരാളിയാണു റാണെ. മുഖ്യമന്ത്രിസ്ഥാനത്തുനിന്നു ചവാനെ മാറ്റുന്നില്ലെന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചതോടെ റാണെ രാജിക്കൊരുങ്ങുകയായിരുന്നു. ചവാന്റേതു മെല്ലപ്പോക്ക് നയമാണെന്നും തീരുമാനങ്ങള്‍ വൈകുകയാണെന്നും റാണെ കുറ്റപ്പെടുത്തുന്നു.

മുമ്പ് ശിവസേനയിലായിരുന്ന റാണെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു. 2005ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന തനിക്ക് ആറു മാസത്തിനകം മുഖ്യമന്ത്രിസ്ഥാനം നല്കാമെന്നു കോണ്‍ഗ്രസ് നേതൃത്വം നല്കിയ വാഗ്ദാനം ഒമ്പതു വര്‍ഷമായിട്ടും പാലിച്ചില്ലെന്നു റാണെ കുറ്റപ്പെടുത്തി. എന്നാല്‍, കോണ്‍ഗ്രസ് വിട്ടുപോകില്ലെന്നു റാണെ വ്യക്തമാക്കി. കൊങ്കണ്‍ മേഖലയിലെ കരുത്തനായ മറാത്ത രാഷ്ട്രീയക്കാരനാണു റാണെ. ഒക്ടോബറിലാണു മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ്.


ആസാമിലെ വിമത കോണ്‍ഗ്രസ് എംഎല്‍എമാരുടെ നേതാവായ ഹിമന്ത ബിശ്വ ശര്‍മ ഇന്നലെ ഗവര്‍ണര്‍ ജെ.ബി. പട്നായിക്കിനെ സന്ദര്‍ശിച്ചു രാജിക്കത്ത് നല്കി. മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയില്‍ തനിക്കു വിശ്വാസം നഷ്ടമായെന്നു ഹിമന്ത പറഞ്ഞു. രാജി നല്കാന്‍ രാജ്ഭവനിലേക്കുപോയ തനിക്കൊപ്പം 38 എംഎല്‍എമാരുണ്ടായിരുന്നുവെന്നും ഇവര്‍ നിയമസഭയില്‍ ക്രിയാത്മ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും ഹിമന്ത പറഞ്ഞു.

തരുണ്‍ ഗൊഗോയി മാറണമെന്ന ആവശ്യം ഹൈക്കമാന്‍ഡ് നിരസിച്ചതോടെയാണു ഹിമന്ത രാജിവച്ചത്. ഗൊഗോയിയുടെ നേതൃത്വത്തില്‍ 2016ല്‍ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ കോണ്‍ഗ്രസ് ഒറ്റ അക്കത്തിലെത്തുമെന്നു ഹിമന്ത പക്ഷക്കാര്‍ ചൂണ്ടിക്കാട്ടി. ഗോഗോയിക്കെതിരേ വിമതനീക്കം ശക്തമായതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ആസാമിലേക്കു നിരീക്ഷകനായി അയച്ചിരുന്നു. എല്ലാ എംഎല്‍എമാരെയും ഖാര്‍ഗെ നേരിട്ടു കണ്ടിരുന്നു. തുടര്‍ന്ന് ഖാര്‍ഗെ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നേതൃമാറ്റം വേണ്െടന്നു ഹൈക്കമാന്‍ഡ് തീരുമാനിച്ചു. 126 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 77 എംഎല്‍എമാരാണുള്ളത്.

രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിനെതിരേയുള്ള പ്രതിഷേധമാണ് ആസാം മന്ത്രി ഹിമന്തയുടെ രാജിയെന്ന വാദം കോണ്‍ഗ്രസ് നേതൃത്വം തള്ളി. ചില നേതാക്കള്‍ക്ക് ആസാം മുഖ്യമന്ത്രിയോട് അതൃപ്തിയുണ്ടായിരുന്നെങ്കിലും ഭൂരിപക്ഷവും മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്നുണ്െടന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.