ഉത്തരാഖണ്ഡ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വന്‍ വിജയം
Saturday, July 26, 2014 12:04 AM IST
ജോര്‍ജ് കള്ളിവയലില്‍

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തറപറ്റിയ കോണ്‍ഗ്രസിന് ഉത്തരാഖണ്ഡ് നിയമസഭയിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ വന്‍ വിജയം. മുഖ്യമന്ത്രി ഹരീഷ് റാവത്ത് മത്സരിച്ചതുള്‍പ്പെടെ ഉപതെരഞ്ഞെടുപ്പു നടന്ന മൂന്നു സീറ്റിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ജയിച്ചു. മുന്‍ മുഖ്യമന്ത്രിയും ബിജെപിയുടെ പ്രബല നേതാവുമായ രമേഷ് പൊഖ്റിയാലിന്റെ സിറ്റിംഗ് സീറ്റ് അടക്കം രണ്ടു സീറ്റുകള്‍ ബിജെപിയില്‍നിന്നു കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തരാഖണ്ഡില്‍ സമ്പൂര്‍ണ വിജയം നേടിയ ബിജെപിക്ക് ഉപതെരഞ്ഞെടുപ്പിലെ പൂര്‍ണപരാജയം കനത്ത തിരിച്ചടിയായി. ലോക്സഭയിലേക്ക് ആകെയുള്ള അഞ്ചു സീറ്റും ബിജെപി തൂത്തുവാരിയിരുന്നു. ജനങ്ങള്‍ക്കു വലിയ പ്രതീക്ഷ നല്‍കി അധികാരത്തിലെത്തിയ ബിജെപിയോടുള്ള അനുഭാവം കുറയുന്നതിന്റെയും മോദി തരംഗം സാവധാനം ഇല്ലാതാകുന്നതിന്റെയും സൂചനയാണു ബിജെപിയുടെ സിറ്റിംഗ് സീറ്റുകള്‍ പോലും നഷ്ടമാക്കിയതെന്നാണു കോണ്‍ഗ്രസ് വിലയിരുത്തല്‍.


മുഖ്യമന്ത്രി റാവത്തിന്റേതടക്കം മൂന്നു സീറ്റുകളില്‍ വിജയിച്ചതോടെ 70 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം 35 ആയി വര്‍ധിച്ചു. ഫലം മറിച്ചായിരുന്നെങ്കില്‍ സര്‍ക്കാരിന്റെ നിലനില്‍പ്പുപോലും തുലാസിലാകുമായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിനും മുഖ്യമന്ത്രി റാവത്തിനും പുതിയ പിസിസി അധ്യക്ഷന്‍ കിഷോര്‍ ഉപാധ്യായയ്ക്കും ഉപതെരഞ്ഞെടുപ്പു ഫലം ഇരട്ടിമധുരവും പുതിയ പ്രതീക്ഷയുമായി.

മുഖ്യമന്ത്രി ഹരീഷ് റാവത്ത് ദര്‍ച്ചുള മണ്ഡലത്തില്‍നിന്ന് 20,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഡോയിവാല, സോമേശ്വ ര്‍ സീറ്റുകള്‍ ബിജെപിയി ല്‍നിന്നു കോണ്‍ഗ്രസ് പിടിച്ചെടുക്കുകയും ചെയ്തു. വിജയ് ബഹുഗുണയ്ക്കു പകരം മുഖ്യമന്ത്രി പദത്തിലെത്തിയ ഹരീഷ് റാവത്തിനു വേണ്ടി കോണ്‍ഗ്രസ് അംഗം ഹരീഷ് ധാമിയാണ് ദര്‍ച്ചുള സീറ്റ് ഒഴിഞ്ഞുകൊടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.