സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഭാഷാപരമായ വിവേചനം ഉണ്ടാകില്ലെന്നു കേന്ദ്രം
Saturday, July 26, 2014 12:20 AM IST
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഭാഷാപരമായ വിവേചനം ഉണ്ടാകില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ്. യുപിഎസ്സി പരീക്ഷ പുനഃക്രമീകരിച്ചപ്പോള്‍ പ്രാദേശിക ഭാഷകളെ അവണിച്ചതിനെതിരേ പാര്‍ലമെന്റിന്റെ അകത്തും പുറത്തും ഇന്നലെ പ്രതിഷേധമിരമ്പി. തുടര്‍ന്നു ഈ വിഷയത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്കു ഭാഷാപരമായ ഒരനീതിയും ഉണ്ടാവില്ലെന്നു പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള സഹമന്ത്രി ജിതേന്ദര്‍ സിംഗ് രാജ്യസഭയില്‍ വ്യക്തമാക്കി. ഭാഷാ പ്രശ്നത്തെ ഉദ്യോഗാര്‍ഥികളുടെ കഴിവുകളുമായി കൂട്ടിക്കുഴയ്ക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല.

യുപിഎസ്സി അഡ്മിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്തത് സര്‍ക്കാര്‍ തീരുമാനമനുസരിച്ചായിരുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. ഇക്കാര്യത്തില്‍ തൃപ്തികരമായ ഒരു പരിഹാരമുണ്ടാക്കാന്‍ പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും പ്രത്യേകം ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്നു രാജ്യസഭ 12 മണി വരെ നിര്‍ത്തിവെച്ചു. ഇതു സംബന്ധിച്ചു കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി സ്മൃതി ഇറാനി വിശദീകരണം നല്‍കുമെന്നറിയിച്ചെങ്കിലും ചോദ്യോത്തരവേള നിര്‍ത്തിവെച്ചു പ്രശ്നം ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷം ആവശ്യപ്പെട്ടത്. ലോക്സഭയില്‍ ഇതേ വിഷയത്തില്‍ പ്രതിപക്ഷം ബഹളമുയര്‍ത്തിയപ്പോള്‍ ചോദ്യോത്തര വേളയ്ക്കു ശേഷം പരിശോധിക്കാമെന്നു സ്പീക്കര്‍ അറിയിക്കുകയായിരുന്നു.


പ്രാദേശിക ഭാഷകളെയും ഹിന്ദിയെയും സിവില്‍ സര്‍വീസ് പരീക്ഷയില്‍ തഴയുന്നുവെന്ന് ആരോപിച്ച് പരീക്ഷ എഴുതുവാന്‍ തയാറെടുക്കുന്ന നിരവധി പേരാണ് ഇന്നലെ പാര്‍ലമെന്റിലേക്കു മാര്‍ച്ചു നടത്തിയത്. പാര്‍ലമെന്റിലേക്കു പ്രതിഷേധവുമായി നീങ്ങിയവരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. വ്യാഴാഴ്ച നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ പോലീസും പരീക്ഷാര്‍ഥികളും തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. ഇതേ തുടര്‍ന്ന് 20 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രതിഷേധ പ്രകടനം നടത്തിയവര്‍ ഒരു പോലീസ് ജീപ്പും യാത്രാ ബസും കത്തിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.