എയര്‍ഫോഴ്സ് ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴു മരണം
Saturday, July 26, 2014 12:04 AM IST
സീതാപുര്‍: ഇന്ത്യന്‍ വ്യോമസേനയുടെ ധ്രുവ് ഹെലികോപ്റ്റര്‍ ഉത്തര്‍പ്രദേശിലെ സീതാപ്പൂരില്‍ തകര്‍ന്നു വീണു പൈലറ്റും സഹ പൈലറ്റും ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. ബറേലിയില്‍നിന്ന് അലഹാബാദിലേക്കു പോയ ഹെലികോപ്റ്റര്‍ ഇന്നലെ വൈകുന്നേരം അഞ്ചോടെ അടാരിയ പ്രദേശത്തെ മണിപൂര്‍വ ഗ്രാമത്തിലാണു തകര്‍ന്നുവീണത്.

കോപ്റ്റര്‍ തകരുന്നതിനു തൊട്ടു മുമ്പു പൈലറ്റ് അടിയന്തര സന്ദേശം നല്‍കിയതായും തുടര്‍ന്നു റഡാറുമായുള്ള ബന്ധം നിലച്ചതായും വ്യോമസേനാ വക്താവ് ഡല്‍ഹിയില്‍ അറിയിച്ചു. ഹെലികോപ്റ്ററില്‍ പൈലറ്റിനെയും സഹ പൈലറ്റിനെയും കൂടാതെ അഞ്ച് വ്യോമസേനാംഗങ്ങള്‍കൂടി ഉണ്ടാ യിരുന്നതായി അദ്ദേഹം പ റഞ്ഞു. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ വിംഗ് കമാന്‍ഡര്‍, സ്ക്വാഡ്രണ്‍ ലീഡര്‍, ജൂണിയര്‍ വാറന്റ് ഓഫീസര്‍, സര്‍ജന്റ്, ഒരു എല്‍എസി എന്നിവര്‍ ഉള്‍പ്പെടുന്നു.


തകര്‍ന്നുവീണ ഹെലികോപ്റ്റര്‍ തീഗോളമായി മാറിയ തായി ദൃക്സാക്ഷികള്‍ പറഞ്ഞു. ബറേലിയില്‍നിന്നു 160ഉം ലക്നോയില്‍നിന്നു 90ഉം കിലോമീറ്റര്‍ അകലെയാണു സീതാപുര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.