ഉത്തരാഖണ്ഡില്‍ ഉലഞ്ഞതു ബിജെപിയുടെ കോട്ട
Saturday, July 26, 2014 12:12 AM IST
പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: ബിജെപി നേതാക്കളായ രമേഷ് പൊഖ്റിയാല്‍, അജയ് താംത എന്നിവര്‍ ലോക്സഭയിലേക്കു ജയിച്ചതിനെത്തുടര്‍ന്നാണു ഉത്തരാഖണ്ഡ് നിയമസഭയിലേക്കുള്ള രണ്ടു സീറ്റില്‍ ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്. പരമ്പരാഗതമായി ബിജെപിയുടെ ഉറച്ചകോട്ടയായി അറിയപ്പെടുന്ന ഡോയിവാലയില്‍ കോണ്‍ഗ്രസിന്റെ ഹിരാ സിംഗ് ബിഷ്ത് 6,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു അട്ടിമറി വിജയം നേടിയത്.
ബിജെപിയുടെ മുന്‍ മുഖ്യമന്ത്രിയും എംപിയുമായ രമേഷ് പൊഖ്റിയാലിന്റെ സിറ്റിംഗ് സീറ്റായ ഡോയിവാലയില്‍ 20 വര്‍ഷത്തിനു ശേഷമാണു കോണ്‍ഗ്രസ് ജയം. സോമേശ്വറില്‍ കോണ്‍ഗ്രസിലെ രേഖ ആര്യ 9,000 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണു വിജയിച്ചത്. തങ്ങളുടെ നെടുങ്കോട്ടയില്‍ കോണ്‍ഗ്രസ് നേടിയ മികച്ച വിജയം ബിജെപിക്കു വലിയ തിരിച്ചടിയായി.


ട്രെയിന്‍ ചാര്‍ജ് മുതല്‍ പച്ചക്കറികള്‍ വരെയുള്ളവയുടെ വിലക്കയറ്റവും കോണ്‍ഗ്രസിനെ കടത്തി വെട്ടിയ സാമ്പത്തിക നയസമീപനങ്ങളുമാണു ജനത്തെ മാറ്റി ചിന്തിപ്പിക്കാന്‍ കാരണമായതെന്നു നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ പ്രധാന പ്രശ്നങ്ങളില്‍ പ്രതികരിക്കാതിരുന്ന മുന്‍ പ്രധാനമന്ത്രിയെ മന്‍മോഹന്‍ സിംഗിന്റെ അതേ പാതയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൌനിയായതും ബിജെപിക്കു ക്ഷീണമായി. നല്ല നാളെകള്‍ വാഗ്ദാനം ചെയ്തു അധികാരത്തിലേറിയ മോദി, ജനജീവിതം കൂടുതല്‍ ദുഃസഹമാക്കുകയാണു ചെയ്യുന്നതെന്നാണു പ്രതിപക്ഷം ലോക്സഭയില്‍ കുറ്റപ്പെടുത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.