കല്‍ക്കരിപ്പാടം അഴിമതി: പ്രത്യേക കോടതി ജഡ്ജിയെ നിയമിച്ചു
കല്‍ക്കരിപ്പാടം അഴിമതി: പ്രത്യേക കോടതി ജഡ്ജിയെ നിയമിച്ചു
Saturday, July 26, 2014 12:13 AM IST
ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസിന്റെ വിചാരണയ്ക്കായി രൂപീകരിക്കുന്ന പ്രത്യേക കോടതിയുടെ ചുമതല അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഭരത് പരാശരന്. കേസിലെ സ്പെഷല്‍ പ്രോസിക്യൂട്ടറായി മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍.എസ്. ചീമയെയും സുപ്രീംകോടതി നിയോഗിച്ചു.

നിയമനം സംബന്ധിച്ച നടപടിക്രമങ്ങള്‍ക്കായി രണ്ടാഴ്ചയ്ക്കുള്ളില്‍ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തു. കേസില്‍ ദൈനംദിന വിചാരണയ്ക്കു നിര്‍ദേശം നല്‍കിയതിനു പുറമേ സുപ്രീംകോടതിയൊഴികെ മറ്റൊരു സ്ഥാപനത്തിനും വിചാരണയില്‍ ഇടപെടാന്‍ അധികാരമില്ലെന്നും ചീഫ് ജസ്റീസ് ആര്‍.എം. ലോധയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ജസ്റീസ് മദന്‍ ബി. ലോകുര്‍, ജസ്റീസ് കുര്യന്‍ ജോസഫ് എന്നിവരാണ് ബഞ്ചിലെ മറ്റംഗങ്ങള്‍.


കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും വിവരങ്ങളും ചണ്ഡിഗഡ് സ്വദേശിയായ അഡ്വ. ആര്‍.എസ്. ചീമയ്ക്കു കൈമാറണം. സഹായികളെ നിയോഗിക്കാന്‍ അദ്ദേഹത്തിനു പൂര്‍ണസ്വാതന്ത്യ്രം സുപ്രീംകോടതി അനുവദിച്ചു. കല്‍ക്കരിപ്പാടം അനുമതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ടു വിവിധ കോടതികളുടെ പരിഗണനയിലുള്ള മുഴുവന്‍ കേസുകളും പ്രത്യേക കോടതിയിലേക്കു മാറ്റാനും നിര്‍ദേശമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.