ഗഡ്കരിയുടെ വീട്ടില്‍ ചാര ഉപകരണങ്ങള്‍: വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് രാജ്നാഥ് സിംഗ്
ഗഡ്കരിയുടെ വീട്ടില്‍ ചാര ഉപകരണങ്ങള്‍: വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് രാജ്നാഥ് സിംഗ്
Thursday, July 31, 2014 12:56 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ വീട്ടില്‍ ചാര ഉപകരണങ്ങള്‍ കണ്െടത്തിയെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. മന്ത്രിമാരുടെ വീടുകളില്‍ നിന്നു വിവരം ചോര്‍ത്തുന്നുവെന്നു വരുന്ന വാര്‍ത്തകളില്‍ സത്യമില്ല. ഇത്തരം റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണെന്നും ഗഡ്കരി തന്നെ വ്യക്തമാക്കിയിട്ടുണ്െടന്നും ആഭ്യന്തരമന്ത്രി വിശദീകരിച്ചു. ഗഡ്കരിയുടെ വീട്ടില്‍ നിന്നും സംഭാഷണങ്ങള്‍ ചോര്‍ത്തുന്ന ഉപകരണങ്ങള്‍ കണ്െടത്തിയെന്ന വാര്‍ത്തയും അദ്ദേഹം നിഷേധിച്ചു.

ഗഡ്ഗരിയുടെ ഫോണില്‍ നിന്നു വിവരം ചോര്‍ത്തിയെന്നും അദ്ദേഹത്തിന്റെ കിടപ്പുമുറിയില്‍ നിന്നു സംഭാഷണം ചോര്‍ത്തുന്ന ഉപകരണം കണ്െടത്തിയെന്നും ആരോപിച്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്യസഭയില്‍ ബഹളം വച്ചതിനെത്തുടര്‍ന്നു ചോദ്യോത്തര വേളയ്ക്കിടെ രണ്ടു തവണ സഭ നിര്‍ത്തിവച്ചു. സംഭവത്തില്‍ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിയുടെ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യമുന്നയിച്ചു. എന്നാല്‍ സംഭവത്തില്‍ ഇതുവരെ മന്ത്രിയോ മറ്റാരെങ്കിലുമോ പരാതി നല്‍കിയിട്ടില്ലെന്നു സഭയില്‍ രാജ്നാഥ് സിംഗ് വ്യക്തമാക്കി.

ഇന്നലെ രാജ്യസഭ തുടങ്ങിയപ്പോള്‍ തന്നെ കോണ്‍ഗ്രസിലെ ആനന്ദ് ശര്‍മയാണു കാബിനറ്റ് മന്ത്രിമാരുടെ വിവരം ചോര്‍ത്തുന്നതു വളരെ ഗൌരവപരമായ കാര്യമാണെന്നും ഇക്കാര്യം സഭയില്‍ ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ വസ്തുതകളെ മറച്ചു പിടിക്കാന്‍ ശ്രമിക്കുകയാണെന്നു കോണ്‍ഗ്രസിലെ സത്യവ്രത ചതുര്‍വേദി ആരോപിച്ചു. യുപിഎ ഭരണത്തിലിരുന്ന കാലത്ത് അരുണ്‍ ജെയ്റ്റ്ലിയുടെ ഫോണ്‍ ചോര്‍ത്തി എന്നാരോപണമുണ്ടായിരുന്നതായി ആനന്ദ് ശര്‍മ ചൂണ്ടിക്കാട്ടിയപ്പോള്‍ യാഥാര്‍ഥ്യവും ഭാവനയും രണ്ടാണെന്നായിരുന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ വിശദീകരണം. എന്നാല്‍, വിഷയം ശൂന്യവേളയില്‍ ചര്‍ച്ച ചെയ്യാമെന്നു പറഞ്ഞ ചെയര്‍മാന്‍ ഹമീദ് അന്‍സാരി ചോദ്യോത്തര വേള ആരംഭിക്കുകയായിരുന്നു.


എന്നാല്‍, സംഭവത്തില്‍ ആഭ്യന്തര മന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തരാകാതിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ മുദ്രാവാക്യം വിളിച്ചു. ബഹളത്തെത്തുടര്‍ന്ന് 15 മിനിറ്റോളം സഭ നിര്‍ത്തിവച്ചു. വീണ്ടും സഭ കൂടിയശേഷം പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്നു സഭ ഉച്ചവരെ വീണ്ടും നിര്‍ത്തിവച്ചു. തന്നെച്ചൊല്ലിയുള്ള വിഷയത്തില്‍ പാര്‍ലമെന്റില്‍ ബഹളമുയര്‍ന്നപ്പോള്‍ നിതിന്‍ ഗഡ്കരിയും സഭയില്‍ ഹാജരായിരുന്നു. പാര്‍ലമെന്റിനു പുറത്തിറങ്ങിയപ്പോള്‍ റിപ്പോര്‍ട്ടുകള്‍ തെറ്റായതും അടിസ്ഥാനരഹിതവുമാണെന്നു ഗഡ്കരി മാധ്യമങ്ങളോടു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.