കലാകാരന്മാര്‍ക്കു രാഷ്ട്രപതിഭവന്‍ തുറന്നു കൊടുക്കുന്നു
കലാകാരന്മാര്‍ക്കു രാഷ്ട്രപതിഭവന്‍ തുറന്നു കൊടുക്കുന്നു
Thursday, July 31, 2014 12:11 AM IST
ജോര്‍ജ് കള്ളിവയലില്‍

ന്യൂഡല്‍ഹി: കലാകാരന്മാര്‍ക്കും മറ്റും ഇനി രാഷ്ട്രപതിഭവനില്‍ താമസിച്ചു സര്‍ഗസൃഷ്ടി നടത്താം. സര്‍ഗഭാവനകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ കലാകാരന്മാരെ ക്ഷണിച്ചുവരുത്തി ഒരാഴ്ച വരെ താമസിപ്പിച്ചു കലാസൃഷ്ടി നടത്താന്‍ അവസരമൊരുക്കുമെന്നു രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അറിയിച്ചു. രാഷ്ട്രപതിഭവനില്‍ പ്രത്യേക അതിഥിമന്ദിരങ്ങള്‍ ഇതിനായി ഒരുക്കിയിട്ടുണ്ട്. കലാകാരന്മാര്‍ക്കു പുറമേ നൂതന ആശയങ്ങളും കണ്ടുപിടുത്തങ്ങളും നടത്തുന്നവര്‍ക്കും മറ്റും ഇതേപോലെ അവസരം നല്‍കും. ദേശീയ പുരസ്കാരങ്ങള്‍ നേടുന്നവരടക്കം ഇതിനായി തെരഞ്ഞെടുക്കപ്പെടുന്നവരുടെ ചെലവുകള്‍ രാഷ്ട്രപതിഭവന്‍ മുടക്കും: രാഷ്ട്രപതിയായി ചുമതലയേറ്റതിന്റെ രണ്ടാം വര്‍ഷത്തിലേക്കു കടന്നതിന്റെ ഭാഗമായി ഇന്നലെ വൈകുന്നേരം മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചയിലാണു പ്രണാബ് മുഖര്‍ജി ഇക്കാര്യം വ്യക്തമാക്കിയത്.

രാഷ്ട്രപതിഭവന്‍ അങ്കണത്തില്‍ 1,800 പേര്‍ക്കിരിക്കാവുന്ന വലിയൊരു സ്വീകരണമുറി നിര്‍മിക്കുമെന്നും പ്രണാബ് മുഖര്‍ജി അറിയിച്ചു. വിദേശ രാഷ്ട്രത്തലവന്മാര്‍ അടക്കമുള്ളവര്‍ക്കു മഴക്കാലത്തു ഔദ്യോഗിക വരവേല്‍പു നല്‍കുന്നതിനു ഈ ഹാള്‍ ഉപയോഗപ്പെടുത്തും. രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ നിലവിലുള്ള ചെറിയ ഓഡിറ്റോറിയത്തിനു സമീപത്തായിരിക്കും പുതിയ വലിയ ഓഡിറ്റോറിയം നിര്‍മിക്കുക.


രാഷ്ട്രപതിഭവനില്‍ പുതുതായി ആരംഭിച്ച മ്യൂസിയം ചൊവ്വാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. വെളളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെയാണു സന്ദര്‍ശന സമയം. വിപുലമായ തോതിലുള്ള പുതിയ മ്യൂസിയത്തിനു അടുത്തയാഴ്ച രാഷ്ട്രപതി തറക്കല്ലിടും. ചരിത്രമുറങ്ങുന്ന രാഷ്ട്രപതി ഭവന്‍ മന്ദിരത്തിന്റെ ശരിയായ ചരിത്രരേഖ തയാറാക്കി വരുംതലമുറയ്ക്കായി അവതരിപ്പിക്കുമെന്നു പ്രണാബ് അറിയിച്ചു.രാജ്യത്തെ കോളജ് വിദ്യാര്‍ഥികളോട് അടുത്തയാഴ്ച രാഷ്ട്രപതി തത്സമയം സംവദിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.