തമിഴ്നാട്ടില്‍ സ്കൂളില്‍ കുട്ടികള്‍ വെന്തുമരിച്ച സംഭവം: സ്കൂള്‍ മാനേജര്‍ക്കു ജീവപര്യന്തം
Thursday, July 31, 2014 12:11 AM IST
തഞ്ചാവൂര്‍: കുംഭകോണത്തെ കാശിറാം സ്ട്രീറ്റിലെ സ്കൂളിനു തീപിടിച്ച് 94 കുട്ടികള്‍ വെന്തുമരിച്ച സംഭവത്തില്‍ ശ്രീകൃഷ്ണ എയ്ഡഡ് പ്രൈവറ്റ് സ്കൂള്‍ ഉടമയും മാനേജരുമായ പുലവാര്‍ പളനിസ്വാമിയെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 2004ലായിരുന്നു ദുരന്തം.

പളനിസ്വാമിയുടെ ഭാര്യയും സ്കൂള്‍ ജീവനക്കാരിയുമായ സരസ്വതി, സ്കൂള്‍ ഹെഡ്മിസ്ട്രസ് ശാന്തലക്ഷ്മി എന്നിവരെ അഞ്ചു വര്‍ഷം കഠിന തടവിനും ജഡ്ജി എം.എന്‍. മുഹമ്മദ് അലി ശിക്ഷിച്ചു. 11 പേരെ വെറുതേ വിട്ടു. സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ ചുമതലയുണ്ടായിരുന്ന വിജയലക്ഷ്മി, പാചകക്കാരി വാസന്തി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ബാലാജി, പേഴ്സണല്‍ അസിസ്റന്റ് ദുരൈരാജ്, വിദ്യാഭ്യാസ ഓഫീസിലെ ജീവനക്കാരായ ശിവപ്രകാശം, താണ്ടവന്‍ എന്നിവര്‍ക്ക് അഞ്ചുവര്‍ഷവും വ്യാജരേഖചമച്ചതിനു ചാര്‍ട്ടേഡ് എന്‍ജിനിയര്‍ ജയചന്ദ്രനു രണ്ടുവര്‍ഷവും തടവുശിക്ഷ വിധിച്ചു. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരായ ബി. പളനിസ്വാമി, ആര്‍. നാരായണസ്വാമി, ജെ. രാധാകൃഷ്ണന്‍, കെ. ബാലകൃഷ്ണന്‍, മാധവന്‍, വി. ബാലസുബ്രഹ്മണ്യന്‍, അധ്യാപിക പി.ദേവി, ആര്‍. മഹാലക്ഷ്മി, ടി. അന്താണിയമ്മാള്‍, കുംഭകോണം മുനിസിപ്പല്‍ കമ്മീഷണര്‍ ആര്‍. സത്യമൂര്‍ത്തി, ടൌണ്‍ പ്ളാനിംഗ് ഓഫീസര്‍ കെ. മുരുഗന്‍ എന്നിവരെയാണു വെറുതെവിട്ടത്. 11 പേരെ വെറുതെവിട്ടതിനെതിരേ കുട്ടികളുടെ മാതാപിതാക്കള്‍ കോടതിക്കുമുന്നില്‍ പ്രതിഷേധിച്ചു. വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഇവര്‍ പറഞ്ഞു.


2004 ജൂലൈ 16നായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തം. സ്കൂളിലെ ഉച്ചഭക്ഷണ മുറിയില്‍നിന്നു തീപടര്‍ന്ന് മേല്‍ക്കൂ ര അടര്‍ന്നുവീണാണ് 94 കുട്ടികള്‍ മരിച്ചത്. 18 കുട്ടികള്‍ക്കു പൊ ള്ളലേറ്റിരുന്നു. സരസ്വതി നഴ്സറി ആന്‍ഡ് പ്രൈവറ്റ് സ്കൂള്‍, ശ്രീകൃഷ്ണ ഗേള്‍സ് ഹൈസ്കൂള്‍ എന്നിവയാണ് ഇവിടെയുള്ളത്. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പാലിക്കാ തെയാണ് സ്കൂള്‍ നിര്‍മിച്ചതെന്ന് അന്വേഷണത്തില്‍ കണ്െടത്തിയിരുന്നു. അപകടസമയത്ത് 700 കുട്ടികളാണ് സ്കൂളിലുണ്ടായിരുന്നത്.

ദുരന്തത്തിനുശേഷം സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകളിലെ സുരക്ഷയെക്കുറിച്ച് പഠിക്കാനും നിര്‍ദേശം സമര്‍പ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ ജുഡീഷല്‍ കമ്മീഷനെ നിയമിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.