റബര്‍ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്താന്‍ കേന്ദ്രമന്ത്രി കേരളത്തിലേക്ക്
Thursday, July 31, 2014 12:18 AM IST
ന്യൂഡല്‍ഹി: റബര്‍ കര്‍ഷകരുടെ ആശങ്ക പരിഹരിക്കാനായി കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ ഇടപെടുന്നു. പാര്‍ലമെന്റ് സമ്മേളനത്തിനുശേഷം സംസ്ഥാനത്തെത്തുന്ന മന്ത്രി റബര്‍ കര്‍ഷകരുള്‍പ്പടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തും. റബറിന്റെ വിലയിടിവുമൂലം കേരളത്തിലെ കര്‍ഷകര്‍ക്കുണ്ടായ ആശങ്ക മന്ത്രിയെ ധരിപ്പിച്ചതായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ ഡല്‍ഹിയില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ റബര്‍ കര്‍ഷകരുമായും റബര്‍ വ്യവസായ മേഖലയില്‍നിന്നുള്‍പ്പടെയുള്ള വിദഗ്ധരുമായും നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങളും മന്ത്രിയെ ധരിപ്പിച്ചതായി മുരളീധരന്‍ പറഞ്ഞു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഓഗസ്റ് 30, 31 തീയതികളില്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തുമെന്നും മുരളീധരന്‍ അറിയിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണു ഷാ എത്തുന്നത്. ഒക്ടോബര്‍ മുതല്‍ കേരളത്തില്‍ ബിജെപി പഞ്ചായത്ത് തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മുരളീധരന്‍ പറഞ്ഞു. അയ്യായിരം പേര്‍ പങ്കെടുക്കുന്ന ബിജെപി ഭാരവാഹിയോഗത്തില്‍ ഷാ പങ്കെടുക്കും.

ദൈവദശകത്തിന്റെ ശതാബ്ദി വര്‍ഷത്തോടനുബന്ധിച്ചു ദേശീയ തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കണമെന്ന ബിജെപി സംസ്ഥാന സമിതിയുടെ ആവശ്യം കേന്ദ്ര ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീപാദ് നായിക് അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലും കേരളത്തിലും കേന്ദ്രസാംസ്കാരിക വകുപ്പിന്റെ അടിസ്ഥാനത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കും.


ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ലിബിയയില്‍ നഴ്സുമാരുടെ എണ്ണം 990 ആണെന്ന് കണക്കെടുത്തിട്ടുണ്ട്. ഇതില്‍ 58 പേര്‍ മാത്രമാണ് തിരികെ നാട്ടിലേക്ക് മടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചത്. ഇവരുടെ യാത്രാ രേഖകളും ടിക്കറ്റുകളും തയാറാക്കിത്തുടങ്ങിയപ്പോള്‍ മറ്റു 22 പേര്‍ കൂടി മടങ്ങാന്‍ തയാറായി. ഇങ്ങനെ 80 നഴ്സുമാര്‍ മാത്രമാണ് മടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. 910 പേര്‍ നാട്ടിലേക്ക് മടങ്ങാന്‍ താത്പര്യമില്ലെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയതായി വി. മുരളീധരന്‍ പറഞ്ഞു.

പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അമിത്ഷാ കേരളത്തില്‍ സന്ദര്‍ശനം നടത്തുമെന്നു കേരളത്തിന്റെ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവുവും അറിയിച്ചു. .

കേന്ദ്ര സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, മുന്‍ എംപിയും തമിഴ്നാട് മുന്‍ പാര്‍ട്ടി പ്രസിഡന്റുമായ സി.എന്‍ രാധാകൃഷ്ണനുമൊപ്പം ദക്ഷിണേന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നല്‍കിയ ഉച്ചവിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.