ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് കരസേനാ മേധാവിയായി ചുമതലയേറ്റു
ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് കരസേനാ മേധാവിയായി ചുമതലയേറ്റു
Friday, August 1, 2014 11:56 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പെന്‍ഷന്‍പറ്റി വന്ന പഴയ പട്ടാളക്കാരുടെ പതിവു പീരങ്കിക്കഥകളുടെ അകമ്പടി വേണ്ട റിട്ടയേര്‍ഡ് സുബേദാര്‍ രാംപാല്‍ സിംഗ് സുഹാഗിനു ബിഷാനിലെ തെരുവുകളിലൂടെ ഇനി നെഞ്ചു വിരിച്ചു നടക്കാന്‍. ഇന്ത്യയുടെ 26-ാം കരസേനാ മേധാവിയായി തന്റെ മകന്‍ ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് ഇന്നലെ ചുമതലയേറ്റപ്പോള്‍ ഒരു ജീവിത കാലം മുഴുവന്‍ കാലാള്‍ പടയില്‍ അംഗമായിരുന്ന രാംപാല്‍ സിംഗ് സുഹാഗ് അഭിമാനത്തോടെ നീട്ടിയൊരു സല്യൂട്ടടിച്ചു.

മൂന്നു തലമുറ ഇന്ത്യന്‍ സൈനിക സേവന രംഗത്തുള്ള കുടുംബമാണ് 84കാരനായ രാംപാല്‍ സിംഗിന്റേത്. രണ്ടു തലമുറ വരെ എല്ലാവരും സാധാരണ പട്ടാളക്കാരായിരുന്നു. എന്നാല്‍, തന്റെ മക്കളെ സൈനിക രംഗത്ത് ഉന്നത രംഗത്തെത്തിക്കണമെന്ന അതിയായ മോഹമുണ്ടായിരുന്നു അദ്ദേഹത്തിന്. ഇന്ത്യന്‍ കരസേനയുടെ മേധാവിയായി ദല്‍ബീര്‍ സിംഗ് സുഹാഗ് ചുമതലയേറ്റെടുത്തതോടെ ആ കുടുംബത്തിലെ നക്ഷത്രത്തിളക്കങ്ങള്‍ ഇരട്ടിയായി. 18-ാം കാലാള്‍ റെജിമെന്റില്‍നിന്നു വിരമിച്ച രാംപാല്‍ സുഹാഗിന്റെ ഇളയ മകന്‍ ദല്‍ബീര്‍ സിംഗ് സുഹാഗും രണ്ടു മരുമക്കളും ഇപ്പോള്‍ സൈന്യത്തില്‍ ഉന്നത പദവികളിലുണ്ട്. ഹരിയാനയിലെ ജജ്ജര്‍ ജില്ലയിലെ ബിഷാന്‍ ആണ് ഇവരുടെ സ്വന്തം ഗ്രാമം.

മുന്‍ മേധാവി ജനറല്‍ ബിക്രം സിംഗ് സ്ഥാനമൊഴിഞ്ഞതോടെയാണു 59കാരനായ സുഹഗ് പുതിയ മേധാവിയായത്. 30 മാസത്തേക്കാണ് നിയമനം. കഴിഞ്ഞ ഡിസംബറില്‍ കിഴക്കന്‍ കരസേനാ കമാന്‍ഡറായി സ്ഥാനമേല്‍ക്കുന്നതിനു മുമ്പ് അദ്ദേഹം ആര്‍മി സ്റാഫിന്റെ സഹ തലവനായിരുന്നു.


യുപിഎ സര്‍ക്കാരിന്റെ കാലത്ത്് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഡോ.മന്‍മോഹന്‍ സിംഗ് ഉള്‍പ്പെട്ട സമിതിയാണ് സുഹാഗിനെ കരസേനാ മേധാവിയായി തെരഞ്ഞെടുത്തത്. എന്നാല്‍, ആസാമിലെ ഇന്റലിജന്റ്സ് ഓപ്പറേഷനുമായി ബന്ധപ്പെട്ടു മുന്‍ കരസേന മേധാവി ജനറല്‍ വി.കെ സിംഗ് ചില എതിര്‍പ്പുകളുയര്‍ത്തിയതിനെത്തുടര്‍ന്നു നിയമനം നീണ്ടു പോകുകയായിരുന്നു. സുഹാഗിനെതിരേ കരസേനാ മേധാവിയായിരിക്കെ വി. കെ സിംഗ് എടുത്ത നടപടിയ്ക്ക് നിയമസാധുതയില്ലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാംഗ്മൂലം നല്‍കിയതും നിയമനം അന്തിമമാണെന്നു പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്ലി പ്രസ്താവന നടത്തിയതും പിന്നീടു സുഹാഗിനു തുണയാവുകയായിരുന്നു.

രാജ്യത്തിന്റെ സുരക്ഷയ്ക്കായി സദാ സന്നദ്ധരാണ് ഇന്ത്യന്‍ സൈനികരെന്നും അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍ ഗവണ്‍മെന്റിനു ബാധ്യസ്ഥതയുണ്െടന്നും പുതിയ കരസേനാ മേധാവിക്കു സ്ഥാനം കൈമാറിയ ശേഷം ജനറല്‍ ബിക്രം സിംഗ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.