കേരളത്തില്‍ നിന്ന് 14 അധ്യാപകര്‍ക്ക് ദേശീയ അവാര്‍ഡ്
കേരളത്തില്‍ നിന്ന് 14 അധ്യാപകര്‍ക്ക് ദേശീയ അവാര്‍ഡ്
Thursday, August 21, 2014 12:46 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: രാജ്യത്തെ മികച്ച അധ്യാപകര്‍ക്കുള്ള പുരസ്കാരങ്ങള്‍ അധ്യാപകദിനമായ സെപ്റ്റംബര്‍ അഞ്ചിനു രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിതരണം ചെയ്യും. കേരളത്തില്‍ നിന്നു 14 അധ്യാപകര്‍ അവാര്‍ഡിനര്‍ഹരായി. ഇത്തവണ 374 പേരാണു വിവിധ സംസ്ഥാനങ്ങളില്‍ നിന്നു പുരസ്കാരത്തിന് അര്‍ഹരായിരിക്കുന്നത്. 20 പുരസ്കാരങ്ങള്‍ സംസ്കൃതം, പേര്‍ഷ്യന്‍, അറബി ഭാഷാധ്യാപകര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. പ്രൈമറി, മിഡില്‍ ക്ളാസ്, സെക്കന്‍ഡറി വിഭാഗത്തില്‍ നിന്നുള്ള അധ്യാപകരെയാണു പുരസ്കാരത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

ഇതിനു പുറമേ വിവിധ സ്കൂളുകളിലെ ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്കു പരിശീലനം നല്‍കുന്ന അധ്യാപര്‍ക്കായി 43 പ്രത്യേക അവാര്‍ഡുകളുമുണ്ട്. അവാര്‍ഡിനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍ക്കു തങ്ങളെ അനുഗമിക്കുന്ന ഒരു ബന്ധുവിനോടൊപ്പം ഡല്‍ഹിയില്‍ താമസ സൌകര്യം സര്‍ക്കാര്‍ സംവിധാനത്തില്‍ ഏര്‍പ്പെടുത്തും.

തിരുവനന്തപുരം ജില്ലയിലെ എലഞ്ചിയം ഞരനീലികാണി ഗവണ്‍മെന്റ് യുപിഎസിലെ പ്രധാനാധ്യാപകന്‍ വി. വേണുകുമാരന്‍ നായര്‍, കൊല്ലം മരതൂര്‍കുളങ്ങര എസ്എന്‍ യുപി സ്കൂളിലെ ജി. ശിവപ്രസാദ്, പത്തനംതിട്ട അയിരൂര്‍ എല്‍പിഎസിലെ പ്രധാനാധ്യാപിക ഉഷാ കുമാരി, കോട്ടയം കറുകച്ചാല്‍ നെടുമണ്ണി അല്‍ഫോന്‍സ യുപിഎസിലെ പ്രധാനാധ്യാപകന്‍ പി.ഒ ചാക്കോ, മലപ്പുറം മണ്ണഴി എയുപി സ്കൂളിലെ പി.വി മോഹനന്‍, കണ്ണൂര്‍ കോട്ടില ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നാരായണന്‍ ആരിയംവല്ലി, കണ്ണൂര്‍ എടയന്നൂര്‍ കാനാട് എല്‍പി സ്കൂളിലെ വി. രാജേഷ്, കൊല്ലം പുലാമണ്‍ മാര്‍ത്തോമ്മാ ഗേള്‍സ് ഹൈസ്കൂളിലെ പ്രധാനാധ്യാപകന്‍ എ.വി ജോര്‍ജ്, പത്തനംതിട്ട പുതുശേരി എം.ജി.ഡി ഹൈസ്കൂളിലെ സൂസന്‍ ഐസക്, തൊടുപുഴ കരിമണ്ണൂര്‍ സെന്റ് ജോസഫ്സ് എച്ച്എസ്എസിലെ പ്രധാനാധ്യാപകന്‍ ജോസഫ് ജോണ്‍, എറണാകുളം പുത്തന്‍കുരിശ് മഹാത്മാ ഗാന്ധി മെമ്മോറിയല്‍ ഹൈസ്കൂളിലെ ടി.എം വര്‍ഗീസ്, തൃശൂര്‍ മണമംഗലം സെന്റ് സെബാസ്റ്യന്‍സ് എച്ച്എസിലെ എം. പീതാംബരന്‍, പാലക്കാട് പേരൂര്‍ ഗാന്ധി സേവാ സദനം ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററിലെ ഡോ. കെ. ഹരികുമാര്‍, മലപ്പുറം വള്ളികുന്ന് സിബി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കെ.ടി മനോജ് എന്നിവാരാണ് പുരസ്കാരത്തിന് കേരളത്തില്‍ നിന്ന് അര്‍ഹരായ അധ്യാപകര്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.