മോദിക്കൊപ്പം വേദി പങ്കിടുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്കു കൂക്കിവിളി
Friday, August 22, 2014 12:19 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പമുള്ള ചടങ്ങുകളില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്കു നേരെ ബിജെപി പ്രവര്‍ത്തകരുടെ കൂക്കുവിളിയും അപമാനവും തുടര്‍ക്കഥയാകുന്നു. ഇതുവരെ മൂന്നു മുഖ്യമന്ത്രിമാര്‍ ഇത്തരത്തില്‍ അപമാനം നേരിട്ടു. ഇതേത്തുടര്‍ന്നു മോദിക്കൊപ്പം വേദി പങ്കെടുക്കേണ്ടിയിരുന്ന മഹാരാഷ്ട്രയിലെ ഒരു ചടങ്ങില്‍നിന്നു മുമ്പൊരിക്കില്‍ ഇത്തരത്തില്‍ അപമാനിതനാകേണ്ടി വന്ന മുഖ്യമന്ത്രി പ്രഥ്വിരാജ് ചൌഹാന്‍ പിന്‍മാറി. ഇതിനു മുമ്പു സോലാപൂരില്‍ നടന്ന ഒരു ചടങ്ങില്‍ മോദിക്കൊപ്പം പങ്കെടുക്കവേയാണു ചൌഹാന്‍ അപമാനിതനായത്. ഇതു മുന്‍ നിര്‍ത്തിയാണ് പൊതു ചടങ്ങില്‍ നിന്നു വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചതെന്നു ചൌഹാന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

പൊതുചടങ്ങില്‍ ഹരിയാന മുഖ്യമന്ത്രി ഭുപീന്ദര്‍ ഹൂഡയെ അപമാനിച്ചതിനു പിന്നാലെ ഇന്നലെ ജാര്‍ഖണ്ഡില്‍ പ്രധാനമന്ത്രിക്കൊപ്പം റാലിയില്‍ പങ്കെടുത്ത മുഖ്യമന്ത്രി ഹേമന്ത് സോറനെയും കൂക്കി വിളിച്ചു. മോദിക്കനുകൂല മുദ്രാവാക്യം മുഴക്കിയ ബിജെപി പ്രവര്‍ത്തകര്‍ റാഞ്ചിയില്‍ നടന്ന റാലിക്കിടെ സോറനെ കൂക്കിവിളിക്കുകയായിരുന്നു. പ്രധാനമന്ത്രിയുള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങില്‍ വേദിയെ ബഹുമാനിക്കുന്നു എന്നാണു ഹേമന്ത് സോറന്‍ ഇതിനോടു പ്രതികരിച്ചത്.

ചടങ്ങില്‍ പങ്കെടുക്കുന്നതിനു മുമ്പുതന്നെ അപമാനിതനാക്കാന്‍ ഇടവരുത്തരുതെന്നു സോറന്‍ മോദിയോടു അഭ്യര്‍ഥിച്ചിരുന്നു. പ്രധാനമന്ത്രിക്കൊപ്പമുള്ള പരിപാടികളില്‍നിന്നു വിട്ടു നില്‍ക്കാന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരോടു പാര്‍ട്ടി ഉന്നത നേതൃത്വം നിര്‍ദേശം നല്‍കി. അതതു സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ പ്രോട്ടോകോള്‍ അനുസരിച്ചുള്ള സഹകരണം മാത്രം മതിയെന്നാണു ദേശീയ നേതാക്കള്‍ വ്യക്തമാക്കുന്നത്. ജമ്മുകശ്മീര്‍ മുഖ്യമന്ത്രിക്കും സമാന അനുഭവങ്ങള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്.


കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ജനപ്രതിനിധികളും മോദിയോടൊപ്പമുള്ള ചടങ്ങളുകളില്‍ അപമാനിക്കപ്പെടുന്നു എന്ന പരാതി രൂക്ഷമായ സാഹചര്യത്തിലാണു കേന്ദ്രനേതൃത്വം ഇടപെട്ടു നിര്‍ദേശം നല്‍കിയത്. മോദി പങ്കെടുത്ത ദേശീയപാത അഥോറിറ്റിയുടെ ചടങ്ങില്‍ ഹരിയാന മുഖ്യമന്ത്രി ഭുപീന്ദര്‍സിംഗ് ഹൂഡ അപമാനിക്കപ്പെട്ടുവെന്ന പരാതിയുടെ പശ്ചാത്തലത്തിലാണു കോണ്‍ഗ്രസ് മോദിക്കെതിരേ നിലപാട് കടുപ്പിച്ചത്.

അതേസമയം, പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ എയര്‍പോര്‍ട്ടിലെത്തി സ്വീകരിക്കുന്നതടക്കമുള്ള പ്രോട്ടോക്കോള്‍ ചടങ്ങുകള്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പാലിക്കും. നരേന്ദ്ര മോദിയോടൊപ്പമുള്ള ഔദ്യോഗിക ചടങ്ങുകളിലും പങ്കെടുക്കും. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിക്കുന്നതും ബിജെപി പ്രവര്‍ത്തകര്‍ അധികമെത്താന്‍ സാധ്യതയുമുള്ള പരിപാടികള്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ബഹിഷ്കരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.