ഡല്‍ഹി കൂട്ടമാനഭംഗം ഒരു ചെറിയ സംഭവമെന്ന അരുണ്‍ ജയ്റ്റ്ലിയുടെ പ്രസ്താവന വിവാദമായി
ഡല്‍ഹി കൂട്ടമാനഭംഗം ഒരു ചെറിയ സംഭവമെന്ന അരുണ്‍ ജയ്റ്റ്ലിയുടെ പ്രസ്താവന വിവാദമായി
Saturday, August 23, 2014 12:21 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടമാനഭംഗ കേസിനെപ്പറ്റി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ പരാമര്‍ശം വ്യാപക പ്രതിഷേധമുയര്‍ത്തി. ഇത്രയും ചെറിയ ഒരു സംഭവത്തിന്റെ പേരില്‍ രാജ്യത്തെ ടൂറിസം മേഖലയില്‍ ദശലക്ഷം ഡോളറിന്റെ നഷ്ടമുണ്ടായി എന്നാണു ജയ്റ്റ്ലി പറഞ്ഞത്. കഴിഞ്ഞദിവസം സംസ്ഥാന ടൂറിസം മന്ത്രിമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണു ജയ്റ്റ്ലി ഇക്കാര്യം പറഞ്ഞത്.

എന്നാല്‍, പ്രസ്താവന വിവാദമായതോടെ ടൂറിസം മേഖലയെ ബാധിക്കുന്ന പ്രശ്നത്തെപ്പറ്റിയാണു താന്‍ സംസാരിച്ചതെന്നും ഉപയോഗിച്ച വാക്കുകള്‍ തെറ്റായിപ്പോയെന്നും ജയ്റ്റ്ലി പറഞ്ഞു. ഡല്‍ഹി സംഭവത്തെ വിലകുറച്ചു കാണിക്കാന്‍വേണ്ടിയല്ല താന്‍ അങ്ങനെ പറഞ്ഞതെന്നും, സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ക്കു നേരേ താന്‍ എന്നും ശക്തമായി പ്രതികരിച്ചിട്ടുണ്െടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നികുതിയിളവും സ്ത്രീസുരക്ഷയുമാണു വിനോദസഞ്ചാര മേഖലയുടെ വികസനത്തിനു പ്രധാന ഘടകങ്ങള്‍ എന്നും സംസ്ഥാന ടൂറിസം മന്ത്രിമാരുടെ യോഗത്തില്‍ ജയ്റ്റ്ലി പറഞ്ഞിരുന്നു. ജയ്റ്റ്ലി മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുളളവരുടെ ആവശ്യത്തിന് പിന്നാലെ പരമാര്‍ശത്തെ അപലപിച്ച് ദേശീയ വനിതാ കമ്മീഷനും രംഗത്തെത്തി. ഇതോടെയാണ് അരുണ്‍ ജയ്റ്റ്ലി ഖേദം പ്രകടിപ്പിച്ചത്. തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിവാദ പരാമര്‍ശങ്ങള്‍ ഒഴിവാക്കിയാണു കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ജയ്റ്റ്ലിയുടെ പ്രസംഗം പ്രസിദ്ധീകരിച്ചത്.

ജയ്റ്റ്ലിയുടെ വാക്കുകള്‍ തന്നെ അത്യധികം വേദനിപ്പിച്ചതായി ഡല്‍ഹിയില്‍ ബസില്‍ കൂട്ടമാനഭംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു. തെരഞ്ഞെടുപ്പു വേളയില്‍ പെണ്‍കുട്ടിയുടെ പേര് പ്രചാരണത്തിനുപയോഗിച്ചവര്‍ അധികാരത്തിലെത്തിയപ്പോള്‍ ഇതിനെ ഒരു ചെറിയ സംഭവമെന്നു തള്ളിക്കളയുകയാണെന്നും അവര്‍ പറഞ്ഞു. ജയ്റ്റ്ലിയുടെ വാക്കുകള്‍ തങ്ങളില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചതായി പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. ഒരു മാനഭംഗവും ചെറുതല്ല. ഇത്തരത്തിലുള്ള ഓരോ സംഭവവും രാജ്യത്തിനു മാനക്കേടുണ്ടാക്കുന്നതാണ്. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ രാജ്യം മാത്രമല്ല ലോകം മുഴുവനും കാതോര്‍ത്തിരിക്കുകയാണ് എന്നു രാഷ്ട്രീയക്കാര്‍ ഓര്‍മിക്കണമെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും നിര്‍ഭാഗ്യകരമായ സംഭവം എന്നാണു കോണ്‍ഗ്രസ് നേതാവ് റഷീദ് ആല്‍വി ജയ്റ്റ്ലിയുടെ പരാമര്‍ശത്തെ വിശേഷിപ്പിച്ചത്. ഏതെങ്കിലും പെണ്‍കുട്ടി മാനഭംഗത്തിനിരയായിട്ടുണ്െടങ്കില്‍ അതെല്ലാം രാജ്യത്തെ കളങ്കപ്പെടുത്തുന്നതാണ്. ഒരു മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം പരാമര്‍ശങ്ങള്‍ സര്‍ക്കാരിന്റെ അഭിപ്രായം കൂടി ആയി കണക്കാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു കേന്ദ്രമന്ത്രി തന്നെ ഇത്തരമൊരു പരാമര്‍ശം നടത്തിയത് അങ്ങേയറ്റം അപലപനീയമായിപ്പോയെന്നു ദേശീയ വനിതാ കമ്മീഷന്‍ അംഗം നിര്‍മലാ സാവന്ത് പറഞ്ഞു. ജയ്റ്റ്ലിയുടെ വിവാദ പരാമര്‍ശത്തിനെതിരേ എന്‍എസ്യുഐയും രംഗത്തെത്തി. സംഭവത്തില്‍ പ്രതിഷേധിച്ചു ദേശീയ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അരുണ്‍ ജയ്റ്റ്ലിയുടെ വസതിയിലേക്കു മാര്‍ച്ച് നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.