ഇന്ദു മേനോനും കെ.വി. രാമനാഥനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
ഇന്ദു മേനോനും കെ.വി. രാമനാഥനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
Saturday, August 23, 2014 12:22 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: യുവ എഴുത്തുകാര്‍ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിനു മലയാളിയായ ഇന്ദു മേനോനും ബാലസാഹിത്യ പുരസ്കാരത്തിനു കെ.വി രാമനാഥനും അര്‍ഹരായി. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണു പുരസ്കാരം.

ബാലസാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കാണു കെ.വി രാമനാഥനു പുരസ്കാരം. 24 ഇന്ത്യന്‍ ഭാഷകളില്‍ നിന്നു തെരഞ്ഞെടുത്തവര്‍ക്കാണു ബാലസാഹിത്യ പുരസ്കാരം ലഭിച്ചിരിക്കുന്നത്. ബാല സാഹിത്യ രംഗത്തു ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയിട്ടുള്ള കെ.വി. രാമനാഥന്റെ പ്രധാന കൃതികള്‍ അപ്പുക്കുട്ടനും ഗോപിയും, അത്ഭുത വാനരന്മാര്‍, അത്ഭുത നീരാളി, സ്വര്‍ണത്തിന്റെ ചിരി, വിഷവൃക്ഷം, അജ്ഞാതലോകം, സ്വര്‍ണമുത്ത് എന്നിവയാണ് പ്രധാന കൃതികള്‍. കുട്ടികളെ വിസ്മയിപ്പിക്കുന്ന നിരവധി കഥകള്‍, നോവലുകള്‍, ശാസ്ത്രസാഹിത്യ രചനകള്‍ എന്നിവയിലൂടെ ബാലസാഹിത്യ രംഗത്ത് ശ്രദ്ധേയനായി.




മലയാള ബാലസാഹിത്യത്തിന്റെ ചരിത്രത്തെക്കുറിച്ചു മലയാള ബാലസാഹിത്യം ഉദ്ഭവവും വളര്‍ച്ചയും എന്ന വൈജ്ഞാനിക ഗ്രന്ഥവും രചിച്ചിട്ടുണ്ട്. ചുംബനശബ്ദ താരാവലി എന്ന ചെറുകഥാ സമാഹാരമാണു ഇന്ദുമേനോനെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. കവിയും സിനിമ സംവിധായകനുമായ രൂപേഷ് പോള്‍ ആണു ഭര്‍ത്താവ്്. മക്കള്‍ ഗൌരി മരിയ, ആദിത്യ.

13 കവിതാ സമാഹാരങ്ങള്‍ക്കും മൂന്നു നോവലുകള്‍ക്കും നാലു കഥാ സമാഹാരങ്ങള്‍ക്കും ഒരു ഉപന്യാസവും ഉള്‍പ്പടെ 21 ഇന്ത്യന്‍ ഭാഷകളില്‍ നിന്നു തെരഞ്ഞെടുത്ത എഴുത്തുകാര്‍ക്കാണു യുവ സാഹിത്യ പുരസ്കാരം നല്‍കിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.