കെഎസ്ആര്‍ടിസി ആറുമാസത്തെ കണക്കുകള്‍ ഹാജരാക്കണമെന്നു ഹൈക്കോടതി
Wednesday, August 27, 2014 12:46 AM IST
കൊച്ചി: കെഎസ്ആര്‍ടിസി കഴിഞ്ഞ ആറു മാസത്തെ വരവു-ചെലവു കണക്കുകള്‍ ഹാജരാക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. കഴിഞ്ഞ ജൂലൈ വരെയുള്ള കണക്കുകളാണു ഹാജരാക്കേണ്ടത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണു സര്‍വീസില്‍നിന്നു വിരമിച്ചവരുടെ പെന്‍ഷന്‍ തടഞ്ഞുവച്ചിരിക്കുന്നതെന്ന കോര്‍പറേഷന്റെ നിലപാടിനെത്തുടര്‍ന്നാണു വിശദമായ കണക്കുകള്‍ ഹാജരാക്കാന്‍ ജസ്റീസ് സി.കെ. അബ്ദുള്‍ റഹിം ഉത്തരവിട്ടത്.

ദൈനംദിന നടത്തിപ്പുചെലവ്, ജീവനക്കാരുടെ ശമ്പളം, റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍, പെന്‍ഷന്‍, അപകട നഷ്ടപരിഹാരം എന്നിവയടക്കമുള്ള കണക്കുകളാണു നല്‍കേണ്ടത്. സെപ്റ്റംബര്‍ ഒന്നിനു മുന്‍പ് പൂര്‍ണമായിട്ടല്ലെങ്കിലും പെന്‍ഷന്‍ നല്‍കാനും കോടതി ഉത്തരവിട്ടു. ഇക്കാര്യം എംഡി അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. നിരവധി തവണ ആവശ്യപ്പെട്ടിട്ടും കോര്‍പറേഷന്‍ കുടിശിക കൊടുക്കാന്‍ തയാറായിട്ടില്ലെന്നും കോടതി ഓര്‍മിപ്പിച്ചു.


ജൂണ്‍, ജൂലൈ മാസത്തെ പെന്‍ഷന്‍ കുടിശികയാണ്. ഇപ്പോള്‍ ഓഗസ്റിലെയും കൊടുക്കാനുണ്ട്. സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുമെന്നും ആ തുകയില്‍നിന്നു പെന്‍ഷന്‍ നല്‍കുമെന്നും കോര്‍പറേഷന്‍ അറിയിച്ചു. ജോലി ചെയ്യുന്നവര്‍ക്കു കൃത്യമായി ശമ്പളം കൊടുക്കുമ്പോള്‍ പെന്‍ഷന്‍കാരോടു വിവേചനം കാണിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.