കല്യാണ്‍ സിംഗ് രാജസ്ഥാന്‍ ഗവര്‍ണര്‍
കല്യാണ്‍ സിംഗ് രാജസ്ഥാന്‍ ഗവര്‍ണര്‍
Wednesday, August 27, 2014 12:39 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: നാലു സംസ്ഥാനങ്ങളിലേക്കു മുതിര്‍ന്ന ബിജെപി നേതാക്കളെ ഗവര്‍ണര്‍മാരായി നിയമിച്ചു രാഷ്ട്രപതി ഉത്തരവിറക്കി. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗിനെ രാജസ്ഥാനിലും ഗുജറാത്ത് അസംബ്ളി സ്പീക്കര്‍ വാജുഭായ് വാലയെ കര്‍ണാടകയിലും മുന്‍ കേന്ദ്രമന്ത്രി സി. വിദ്യാസാഗര്‍ റാവുവിനെ മഹാരാ ഷ്ട്രയിലും മഹിളാ മോര്‍ച്ച നേതാവ് മൃദുല സിന്‍ഹയെ ഗോവയിലുമാണ് നിയമിച്ചത്. രാജസ്ഥാനില്‍ ഗവര്‍ണറായിരുന്ന മാര്‍ഗരറ്റ് ആല്‍വയും കര്‍ണാടകയില്‍ എച്ച്.ആര്‍. ഭരദ്വാജും കാലാവധി പൂര്‍ത്തിയാക്കിയ ഒഴിവിലും മഹാരാഷ്ട്രയില്‍ കെ. ശങ്കരനാരായണനും ഗോവയില്‍ ബി.സി. വാഞ്ചുവും രാജിവെച്ച ഒഴിവിലുമാണ് നിയമനങ്ങള്‍. കേരളത്തിലേക്ക് ആരെ നിയോഗിക്കണമെന്ന കാര്യത്തില്‍ രണ്ടു ദിവസത്തിനകം കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിക്ക് ശിപാര്‍ശ നല്‍കും.


ബാബറി മസ്ജിദ് പൊളിച്ച സംഭവവുമായി ബന്ധപ്പെട്ടു യുപി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിംഗ് കേസിലെ മുഖ്യപ്രതികളിലൊരാളാണ്. ഇടക്കാലത്ത് പാര്‍ട്ടി വിട്ട കല്യാണ്‍ സിംഗ് പിന്നീടു ബിജെപിയിലേക്കു തിരിച്ചത്തുെകയായിരുന്നു. സജീവ രാഷ്ട്രീയം വിട്ട് ഗവര്‍ണര്‍ പദവി സ്വീകരിക്കാന്‍ ആദ്യം വിസമ്മതിച്ച അദ്ദേഹം പിന്നീട് വഴങ്ങുകയായിരുന്നു. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവിനെ പാര്‍ട്ടി ഗവര്‍ണറാക്കുമെന്നു പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഇത്തവണയും അദ്ദേഹത്തിന്റെ പേരു പുതിയ ഗവര്‍ണര്‍മാരുടെ ലിസ്റില്‍ ഉള്‍പ്പെട്ടില്ല. അദ്ദേഹത്തെ കര്‍ണാടകാ ഗവര്‍ണറാക്കുമെന്നായിരുന്നു നേരത്തേയുണ്ടായിരുന്ന സൂചനകള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.