ആയുധങ്ങള്‍ മറിച്ചുവിറ്റവര്‍ക്കു കഠിനശിക്ഷ നല്‍കാത്തതിനു കോടതിയുടെ രൂക്ഷവിമര്‍ശനം
Wednesday, August 27, 2014 12:44 AM IST
ന്യൂഡല്‍ഹി: ഓര്‍ഡനന്‍സ് ഫാക്ടറിയില്‍നിന്നു തോക്കും മറ്റും വാങ്ങി മറിച്ചു വില്ക്കുന്ന സൈനിക ഉദ്യോസ്ഥര്‍ക്കു കഠിനമായ ശിക്ഷ നല്‍കാത്ത കേന്ദ്രസര്‍ക്കാരിനും സേനയ്ക്കും സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. ഇവരെ സൈനികവിചാരണ ചെയ്യാത്തതെന്തെന്നും ഇക്കാര്യത്തിലുള്ള നട പടികളെന്തെന്നു വിശദീകരിക്കണമെന്നും കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആയുധങ്ങള്‍ മറിച്ചുവില്‍ക്കുന്നതിനെക്കുറിച്ച് അന്വേഷണം നടത്താത്തതെന്തെന്നും കോടതി ചോദിച്ചു.

ഉന്നത ഉദ്യോഗസ്ഥര്‍ സ്വകാര്യ ഉപയോഗത്തിനെന്നു പറഞ്ഞു വാങ്ങുന്ന ആയുധങ്ങള്‍ രാജസ്ഥാനിലും ജമ്മു -കാഷ്മീരിലും മറിച്ചുവില്‍ക്കുന്നതു വ്യാപകമാണെന്ന പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റീസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തിനും സേനയ്ക്കുമെതിരേ വിമര്‍ശനം നടത്തിയത്. ആയുധങ്ങള്‍ മറിച്ചുവില്‍ക്കുന്നുണ്െടന്നു സര്‍ക്കാരും സമ്മതിച്ചു. 500 രൂപ മുതലുള്ള നിസാര പിഴകള്‍ ഈടാക്കിയും താക്കീത് നല്‍കിയുമാണു കുറ്റം ചെയ്തവരെ വിട്ടയിച്ചിരിക്കുന്നത്. മദ്യപിച്ചതിന്റെ പേരില്‍ പുറത്തു നടക്കുന്ന ബഹളങ്ങള്‍ക്കുപോലും കീഴ്റാങ്കിലുള്ളവരെ പിരിച്ചുവിടുന്ന സൈന്യം കുറ്റക്കാരായ കേണല്‍മാര്‍ക്കെതിരെയും ബ്രിഗേഡിയര്‍മാര്‍ക്കെതിരേയും ജനറല്‍മാര്‍ക്കെതിരേയും അച്ചടക്കനടപടി സ്വീകരിക്കാത്തതെന്നു കോടതി ചോദിച്ചു.


എവിടെയാണു നിങ്ങളുടെ അച്ചടക്കം. സൈന്യം അച്ചടക്കമുള്ളവരായിരിക്കണമെന്നാണു വ്യവസ്ഥ. എന്നാല്‍, ഇവിടെ സൈനിക ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി ആയുധകച്ചവടം ചെയ്തിരിക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി. സൈനിക ഉദ്യോഗസ്ഥര്‍ക്ക് സ്വകാര്യ ഉപയോഗത്തിനായി ഒമ്പത് എം എം പിസ്റള്‍, 0.30 ബോള്‍ട്ട് ആക്ഷന്‍ റൈഫിള്‍ എന്നിവ ഓര്‍ഡനന്‍സ് ഫാക്ടറിയില്‍നിന്ന് വാങ്ങാം. എന്നാല്‍ അവ സൈനികരല്ലാത്തവര്‍ക്കു വില്‍ക്കാന്‍ പാടില്ലെന്നാണു വ്യവസ്ഥ. അതു മറികടന്ന് ആയുധങ്ങള്‍ വിറ്റഴിച്ചെന്നു കണ്െടത്തിയിട്ടും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ചെറിയ പിഴയും താക്കീതും നല്‍കി വിട്ടയച്ച സംഭവമാണ് കോടതിയിലെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.