അനന്തമൂര്‍ത്തി മരിച്ച ദിവസം പടക്കം പൊട്ടിച്ച അഞ്ചുപേര്‍ അറസ്റില്‍
Thursday, August 28, 2014 1:06 AM IST
മംഗലാപുരം: ജ്ഞാനപീഠം പുരസ്കാര ജേതാവും മുതിര്‍ന്ന കന്നഡ സാഹിത്യകാരനുമായ ഡോ.യു.ആര്‍. അനന്തമൂര്‍ത്തിയുടെ മരണവാര്‍ത്തയറിഞ്ഞു പടക്കം പൊട്ടിച്ച് ആഹ്ളാദപ്രകടനം നടത്തിയ സംഭവത്തില്‍ അഞ്ചു പേരെ പോലീസ് അറസ്റ് ചെയ്തു.

സംഘ്പരിവാര്‍ സംഘടനയായ ബജ്രംഗ്ദളിന്റെ പ്രവര്‍ത്തകരായ ഉജോഡിയിലെ കെ.ബി. മനോജ് പൂജാരി(30), ശക്തിനഗര്‍ സ്വദേശി വിജേഷ് പൂജാരി(24), ആംബ്ളാമൊഗറു സ്വദേശി ശരത് ഷെട്ടി(20), പമ്പ്വെല്‍ സ്വദേശികളായ അനില്‍, ഉമേഷ് എന്നിവരാണ് അറസ്റിലായത്.

കഴിഞ്ഞ 22ന് വൈകുന്നേരം അനന്തമൂര്‍ത്തിയുടെ മരണവാര്‍ത്തയറിഞ്ഞ സംഘം മംഗലാപുരം കദ്രി വെല്‍ക്കം ആര്‍ച്ചിനു സമീപം സംഘടിച്ചു പടക്കം പൊട്ടിച്ച് ആഹ്ളാദം പ്രകടിപ്പിക്കുകയായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പുവേളയില്‍ അനന്തമൂര്‍ത്തി നരേന്ദ്രമോദിക്കെതിരേ നടത്തിയ പ്രസ്താവനയാണ് അദ്ദേഹത്തിന്റെ മരണം ആഘോഷിക്കാന്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചതത്രെ.


നരേന്ദ്രമോദി പ്രധാനമന്ത്രിയായാല്‍ രാജ്യം ആപത്തിലാകുമെന്നും താന്‍ രാജ്യം വിട്ടുപോകുമെന്നും അനന്തമൂര്‍ത്തി പറഞ്ഞിരുന്നു.

എന്നാല്‍, പ്രസ്താവന അദ്ദേഹം പിന്നീടു പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍, ബിജെപിയുള്‍പ്പെടെയുള്ള സംഘ്പരിവാര്‍ സംഘടനകള്‍ അനന്തമൂര്‍ത്തിയെ ശത്രുവായി കണ്ടു പിന്നീടു പ്രചാരണങ്ങള്‍ അഴിച്ചുവിടുകയായിരുന്നു.

തെരഞ്ഞെടുപ്പു ഫലം വന്നതിനുശേഷം ബിജെപി പ്രവര്‍ത്തകര്‍ മംഗലാപുരത്തുനിന്നു ശ്രീലങ്കയിലേക്കുള്ള വിമാന ടിക്കറ്റ് അയച്ചുകൊടുത്താണ് അനന്തമൂര്‍ത്തിയോടു പ്രതികാരം ചെയ്തത്.

അനന്തമൂര്‍ത്തിയുടെ മരണം ആഘോഷമാക്കിയവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.