രാജ്നാഥ് സിംഗിന്റെ മകനെച്ചൊല്ലി കേന്ദ്രത്തില്‍ അസ്വാരസ്യം
Thursday, August 28, 2014 11:54 PM IST
സെബി മാത്യു

ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ മകന്‍ പങ്കജ് സിംഗിനെതിരായ ആരോപണങ്ങളെച്ചൊല്ലി കേന്ദ്രമന്ത്രിസഭയ്ക്കുള്ളില്‍ അസ്വാരസ്യം പുകയുന്നു. പങ്കജ് സിംഗിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു പറഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും രംഗത്തുവന്നു. ആരോപണങ്ങളുടെ ഉത്ഭവം മന്ത്രിസഭയ്ക്കുള്ളില്‍നിന്നു തന്നെയാണെന്ന അഭ്യൂഹങ്ങളാണുള്ളത്. സംഭവവുമായി ബന്ധപ്പെട്ടു തന്റെ ആശങ്കകളുമായി രാജ്നാഥ് സിംഗ് ആര്‍എസ്എസ് നേതൃത്വത്തെയും സമീപിച്ചു. പാര്‍ട്ടി ഭരണത്തിലേറിയശേഷം അധ്യക്ഷ സ്ഥാനമൊഴിഞ്ഞു കേന്ദ്രമന്ത്രിസഭയില്‍ ചേര്‍ന്ന രാജ്നാഥ് സിംഗിന്റെ പാര്‍ട്ടിക്കുള്ളിലെ പിടി അയഞ്ഞു പോകുന്നതിന്റെ ഭാഗമാണു മകനു തെരഞ്ഞെടുപ്പു സീറ്റു കിട്ടാതെ പോയതിനു പിന്നിലെന്നും സൂചനയുണ്ട്. ഉത്തര്‍പ്രദേശ് നിയമസഭയിലേക്കു നോയിഡ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരുന്ന പങ്കജിനു മോശം സ്വഭാവം കാരണം പ്രധാനമന്ത്രി മോദി ഇടപെട്ട് സീറ്റ് നിഷേധിക്കുകയായിരുന്നു എന്നായിരുന്നു ആരോപണം. പോലീസ് നിയമനങ്ങള്‍ക്കായി പങ്കജ് കൈക്കൂലി വാങ്ങിയെന്നും ആരോപണമുയര്‍ന്നിരുന്നു.

മകനെതിരെയോ കുടുംബാംഗങ്ങള്‍ക്കെതിരേയോ ഉള്ള ആരോപണങ്ങള്‍ സത്യമെന്നു തെളിഞ്ഞാല്‍ രാഷ്ട്രീയം നിര്‍ത്തി വീട്ടിലിരിക്കും എന്നാണു രാജ്നാഥ് സിംഗ് ഈ സംഭവത്തോട് അത്യന്തം വൈകാരികമായി പ്രതികരിച്ചത്. എന്നാല്‍, ഇത്തരം ആരോപണങ്ങള്‍ക്കു പിന്നില്‍ പാര്‍ട്ടിക്കകത്തു നിന്നോ പുറത്തുനിന്നോ ഉള്ള ആരെയെങ്കിലും സംശയിക്കുന്നുണ്േടാ എന്നു ചോദിച്ച പത്രപ്രവര്‍ത്തകര്‍ക്കു വ്യക്തമായ ഉത്തരം നല്‍കാതെ രാജ് നാഥ് സിംഗ് ഒഴിഞ്ഞുമാറുകയായിരുന്നു. ആരോപണങ്ങള്‍ക്കു പിന്നില്‍ കേന്ദ്ര മന്ത്രി സഭയിലെ തന്നെ മുതിര്‍ന്ന അംഗമാണെന്ന ആരോപണവും പ്രചരിക്കുന്നുണ്ടായിരുന്നു. പങ്കജിനെതിരായ ആരോപണങ്ങള്‍ ശുദ്ധ നുണയാണെന്നും വ്യക്തിഹത്യക്കൊപ്പം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നിറക്കിയ പ്രസ്താവനയില്‍ പറയുന്നു.


പ്രധാനമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ആരോപണങ്ങളെപ്പറ്റി കേട്ട അദ്ദേഹം അമ്പരക്കുകയാണുണ്ടായത്. ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിംഗും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇരുവരും ആരോപണങ്ങളെ അടിസ്ഥാനരഹിതമെന്നു പറഞ്ഞു തള്ളിക്കളയുകയാണുണ്ടായതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. മൂന്നാഴ്ചയോളമായി പങ്കജിനെക്കുറിച്ചു മാധ്യമങ്ങളില്‍ മോശമായ പ്രചാരണം നടക്കുന്നു. എല്ലാ ആരോപണങ്ങളെയുംപോലെ ഇതും കെട്ടടങ്ങും എന്നാണു വിചാരിച്ചിരുന്നത്. എന്നാല്‍, ചിലര്‍ ആരോപണങ്ങള്‍ പൊടിപ്പും തൊങ്ങലും വച്ചു പ്രചരിപ്പിക്കുകയാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ ബിജെപി ജനറല്‍ സെക്രട്ടറിയാണു പങ്കജ് സിംഗ്. ആരോപണത്തെ തുടര്‍ന്ന് 62 വയസുള്ള വ്യവസായി വിമല ബത്താമിനെയാണു നോയിഡയില്‍ ബിജെപി സ്ഥാനാര്‍ഥിയാക്കിയത്. 35കാരിയും എംബിഎ ബിരുദധാരിയുമായി കാജല്‍ ശര്‍മയാണു നോയിഡയിലെ സമാജ്വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി. രാജേന്ദ്ര അവാനയാണു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. 11 നിയമസഭാ സീറ്റുകളിലേക്കും ഒരു ലോക്സഭാ സീറ്റിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിഎസ്പി മത്സരിക്കുന്നില്ലെന്നു തീരുമാനിച്ചിരുന്നു.

ആരോപണങ്ങളുടെ യാഥാര്‍ഥ്യമറിയാന്‍ പൊതുജനങ്ങള്‍ക്കു താത്പര്യമുണ്െടന്നു കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മകനെതിരായ ആരോപണങ്ങള്‍ ശുദ്ധ നുണയാണെങ്കില്‍ ആരാണ് ഇത് ഉയര്‍ത്തിവിടുന്നതെന്ന് തെളിയിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്െടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോപണങ്ങളില്‍ അത്രയേറെ വേദനിച്ചിട്ടാവണം രാഷ്ട്രീയജീവിതം അവസാനിപ്പിക്കും എന്നു വരെ രാജ്നാഥ് സിംഗ് പറയാന്‍ തയാറായതെന്നും അജയ് മാക്കന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.