കുറ്റവാളികള്‍ മത്സരിക്കുന്നതു തടയാന്‍ കര്‍ശന നടപടി
Friday, August 29, 2014 11:29 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഗുരുതരമായ കുറ്റകൃത്യം ചെയ്ത നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതു തടയാന്‍ ജനപ്രാതിനിധ്യ നിയമം കര്‍ശനമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നടപടി. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട മന്ത്രിമാരെ ഒഴിവാക്കണമെന്നു സുപ്രീംകോടതി ഉപദേശിച്ചതിനു പിന്നാലെയാണു കേന്ദ്രം നിയമ പരിഷ്കരണത്തിനു നീക്കം തുടങ്ങിയിരിക്കുന്നത്. ഗുരുതരമായ കുറ്റം ചെയ്തവരെ 13 വര്‍ഷംവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യരാക്കുന്നതിനാണു നിയമമന്ത്രാലയം ശിപാര്‍ശ ചെയ്യുന്നത്.

കുറ്റം ചുമത്തിയവരെയും ശിക്ഷിക്കപ്പെട്ടവരെയും മന്ത്രിസഭകളില്‍ ഉള്‍പ്പെടുത്തരുതെന്ന കാര്യത്തില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും തീരുമാനമെടുക്കണമെന്നു കഴിഞ്ഞ ദിവസമാണു സുപ്രീംകോടതി ഉത്തരവിട്ടത്.

നരേന്ദ്ര മോദി മന്ത്രിസഭയിലെ 12 പേരാണു കേസുകളില്‍ പ്രതികളായിട്ടുള്ളത്. ഇതില്‍ 13 കേസുകളുള്ള ഉമാ ഭാരതി അടക്കം എട്ടു മന്ത്രിമാര്‍ ഗുരുതരമായ കുറ്റങ്ങളില്‍ വിചാരണ നേരിടുന്നു. ഈ സാഹചര്യത്തില്‍ സുപ്രീം കോടതിയില്‍നിന്നുണ്ടായ നിര്‍ദേശം കേന്ദ്ര സര്‍ക്കാരിനെ കുഴപ്പത്തിലാക്കിയിരുന്നു. സുപ്രീം കോടതിയുത്തരവ് ബിജെപി സര്‍ക്കാരിനുള്ള തിരിച്ചടിയാണെന്നു കോണ്‍ഗ്രസ് ആരോപിക്കുകയും ചെയ്തിരുന്നു.


കുറ്റങ്ങള്‍ ചെയ്തവരെ ഒഴിവാക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപടിയെടുക്കുമോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല. ഏഴു വര്‍ഷത്തിലധികം ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകരുതെന്നാണു നിയമ മന്ത്രാലയത്തിന്റെ പുതിയ ശിപാര്‍ശ. ശിക്ഷ കാലാവധി പൂര്‍ത്തിയാക്കി ആറു വര്‍ഷം പൂര്‍ത്തിയായാല്‍ മാത്രമേ തെരഞ്ഞെടുപ്പില്‍ മത്സരിക്കാവൂ.

പുതിയ നിര്‍ദേശങ്ങളോടെ നിയമ മന്ത്രാലയം തയാറാക്കിയ ഭേദഗതി ബില്‍ പ്രധാനമന്ത്രിയുടെ പരിഗണനയ്ക്കു കൈമാറിക്കഴിഞ്ഞു. പ്രധാനമന്ത്രിയുടെയും മന്ത്രസഭാ യോഗത്തിന്റെയും അംഗീകാരം ലഭിച്ചശേഷം അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.