വനിതാ ജഡ്ജിയെ പീഡിപ്പിച്ചെന്ന കേസ്: അന്വേഷണസമിതി സ്റേ ചെയ്തു
Saturday, August 30, 2014 12:33 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: വനിതാ ജഡ്ജിയെ ഹൈക്കോടതി ജഡ്ജി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ മധ്യപ്രദേശ് ഹൈക്കോടതി രൂപീകരിച്ച ആഭ്യന്തരസമിതി സുപ്രീംകോടതി സ്റേ ചെയ്തു.

പരാതി പരിശോധിക്കാന്‍ രൂപീകരിച്ച സമിതി നിഷ്പക്ഷമല്ലെന്നു ചൂണ്ടിക്കാട്ടി പരാതിക്കാരിയായ ഗ്വാളിയറിലെ ജില്ലാ ജഡ്ജി നല്‍കിയ ഹര്‍ജി പരിഗണിച്ചാണു കോടതിയുടെ നടപടി. വനിതാ ജഡ്ജിയുടെ പരാതിയില്‍ സ്വീകരിച്ച നടപടികളെ കുറിച്ചു മധ്യപ്രദേശ് ഹൈക്കോടതി രജിസ്ട്രാറോട് സുപ്രീംകോടതി വിശദീകരണം തേടിയിട്ടുണ്ട്.

മധ്യപ്രദേശ് ഹൈക്കോടതിയിലെ ജസ്റീസ് എസ്.കെ. ഗാംഗ്ലെ തന്നെ ലൈംഗികമായ പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി രജിസ്ട്രാര്‍ക്കു നല്‍കിയ പരാതിയെക്കുറിച്ചു വേണ്ട രീതിയില്‍ അന്വേഷണം നടത്തിയില്ലെന്നും ജഡ്ജിക്കെതിരേ നടപടിയെടുക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റീസ് തയാറായില്ലെന്നുമാണു വനിത ജഡ്ജി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.


ഹൈക്കോടതിയിലെ തന്നെ ജഡ്ജിമാരെ ഉള്‍പ്പെടുത്തി രൂപീകരിച്ച ആഭ്യന്തരസമിതിയില്‍ വിശ്വാസമില്ലെന്നും ഹൈക്കോടതിയിലെ മുന്‍ ചീഫ് ജസ്റീസുമാരെ ഉള്‍പ്പെടുത്തി മറ്റൊരു സമിതി രൂപീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.