ഈ വര്‍ഷം 5.5 ശതമാനം വളര്‍ച്ച ലക്ഷ്യം: ജയ്റ്റ്ലി
ഈ വര്‍ഷം 5.5 ശതമാനം വളര്‍ച്ച  ലക്ഷ്യം: ജയ്റ്റ്ലി
Sunday, August 31, 2014 11:30 PM IST
ന്യൂഡല്‍ഹി: രാജ്യം മികച്ച സാമ്പത്തികവളര്‍ച്ചയുടെ പാതയിലാണെന്നും ഈ വര്‍ഷം ഇന്ത്യ 5.5 ശതമാനം സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിടുന്നതായും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ഏപ്രില്‍-ജൂണ്‍ കാലത്ത് 5.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കാനായത് ഇതിനുള്ള ശുഭ സൂചനയാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഉള്ളിവില നിയന്ത്രിക്കുന്നതിനായി പ്രത്യേക പദ്ധതികള്‍ രൂപീകരിക്കുമെന്നു പറഞ്ഞ ധനമന്ത്രി രാജ്യത്ത് വിലക്കയറ്റം തുടച്ചു നീക്കുന്നതിനു പ്രഥമ പരിഗണന നല്‍കുമെന്നും ചൂണ്ടിക്കാട്ടി. വിലക്കയറ്റ നിയന്ത്രണവുമായി ബന്ധപ്പെട്ടു സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.


റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ വെട്ടിക്കുറയ്ക്കുമെന്നു പ്രതീക്ഷ പ്രകടിപ്പിച്ച അദ്ദേഹം വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള സൌകര്യങ്ങള്‍ സര്‍ക്കാര്‍ വര്‍ധിപ്പിക്കുമെന്നും പറഞ്ഞു. കല്‍ക്കരിപ്പാടം അഴിമതിക്കേസിലെ സുപ്രീംകോടതിയുടെ നിലപാട് മറ്റ് അഴിമതിക്കേസുകളില്‍ ശക്തമായ നിലപാടെടുക്കുന്നതിനു സഹായകമാകും. ഇന്‍ഷ്വറന്‍സ് ബില്ലില്‍ വരുത്തേണ്ട ഭേദഗതികളെക്കുറിച്ചു പ്രത്യേക കമ്മിറ്റി ചിന്തിച്ചുവരുകയാണ്. വരുന്ന പാര്‍ലമെന്റ് സെഷനില്‍ ഈ ബില്‍ പാസാക്കാന്‍ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അരുണ്‍ ജയ്റ്റ്ലി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.