കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ
Monday, September 1, 2014 12:05 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 100 ശതമാനത്തില്‍നിന്നു 107 ശതമാനമാക്കി വര്‍ധിപ്പിക്കാന്‍ കേന്ദ്ര ധന മന്ത്രാലയം ശിപാര്‍ശ ചെയ്തു. ഇതിനു കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കുന്നതോടെ 30 ലക്ഷം കേന്ദ്രജീവനക്കാര്‍ക്കും 50 ലക്ഷം പെന്‍ഷന്‍കാര്‍ക്കും പ്രയോജനകരമാകും. കഴിഞ്ഞ ഫെബ്രുവരിയിലാണു കേന്ദ്രസര്‍ക്കാര്‍ ക്ഷാമബത്ത 90 ശതമാനത്തില്‍നിന്നു നൂറു ശതമാനമാക്കി ഉയര്‍ത്തിയത്.


ആറു മാസത്തെ ഉപഭോക്തൃ വിലസൂചികയും നാണ്യപ്പെരുപ്പ നിരക്കും വിലയിരുത്തിയാണ് ആറു മാസം കൂടുമ്പോള്‍ കൂട്ടി നിശ്ചയിക്കുന്നത്. ഇത്തവണ ജൂലൈ ഒന്നു മുതലുള്ള മുന്‍കാല പ്രാബല്യം നല്‍കാന്‍ തന്നെയാണു ധനമന്ത്രാലയം ശിപാര്‍ശ ചെയ്തിരിക്കുന്നത്. എന്നാല്‍, നൂറു ശതമാനത്തിനു മുകളില്‍ ഡിഎ എത്തിയ സാഹചര്യത്തില്‍ ക്ഷാമബത്ത അടിസ്ഥാനശമ്പളത്തോടൊപ്പം ചേര്‍ക്കണമെന്നാണു കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ യൂണിയന്‍ ആവശ്യപ്പെടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.