കുട്ടികളെ കടത്തിയ കേസ്: കേരളത്തിനു സുപ്രീംകോടതി നോട്ടീസ്
Monday, September 1, 2014 12:06 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: അന്യസംസ്ഥാനത്തുനിന്നു കുട്ടികളെ കടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി കേരളത്തിനു നോട്ടീസ് അയച്ചു. കേസിലെ അമിക്കസ് ക്യൂറി അപര്‍ണ ഭട്ട് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ജസ്റീസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ജുവനൈല്‍ ജസ്റീസ് നിയമത്തിന്റെ കീഴില്‍ ഓര്‍ഫനേജുകള്‍ കൂണുകള്‍ പോലെ സംസ്ഥാനത്തുണ്ടാകുകയാണെന്നും ഇത്തരത്തിലുള്ളവയുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടണമെന്നുമാണ് അപര്‍ണ ഭട്ട് അപേക്ഷ നല്‍കിയത്.

ജാര്‍ഖണ്ഡ്, ബംഗാള്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍നിന്ന് 600 കുട്ടികളെ അനധികൃതമായി കൊണ്ടുവന്നതു മനുഷ്യക്കടത്ത് തന്നെയാണെന്നും ഇന്ത്യന്‍ ശിക്ഷാനിയമം 370, 370 എ പ്രകാരം കുറ്റകരമാണെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മുക്കം അനാഥാലയത്തിനും വെട്ടത്തൂര്‍ അന്‍വറുള്‍ ഓര്‍ഫനേജിനും വേണ്ടിയാണെന്നു സംഭവത്തില്‍ പിടിയിലായ മൂന്നു പേര്‍ സമ്മതിച്ചിട്ടുമുണ്ട്. ഇത്തരത്തില്‍ കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ കൂണുകള്‍പോലെ അനാഥാലയങ്ങള്‍ ഉണ്ടായിട്ടുണ്െടന്നും വളരെ ആസൂത്രിതമായ രീതിയില്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നു കുട്ടികളെ കടത്തുന്നുണ്െടന്നും അപര്‍ണ വ്യക്തമാക്കുന്നു.


വിദേശത്തുനിന്നു പണം ലഭിക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തില്‍ കുട്ടികളെ അനധികൃതമായി എത്തിക്കുന്നത്. അനാഥാലയങ്ങളും കുട്ടികള്‍ക്കായുള്ള മറ്റു സ്ഥാപനങ്ങളും രജിസ്റര്‍ ചെയ്യണമെന്നും ലൈസന്‍സ് നേടണമെന്നും നിര്‍ബന്ധമാണ്. എന്നാല്‍, ഈ രജിസ്ട്രേഷന്‍ കേരളം നിര്‍ബന്ധമാക്കിയിട്ടില്ല. 2010ല്‍ കേരള സര്‍ക്കാര്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത സംഘടനകള്‍ക്ക് മറ്റു രജിസ്ട്രേഷന്‍ വേണ്െടന്നു നിയമ ഭേദഗതി കൊണ്ടുവന്നിരുന്നു. ഇതാണ് മനുഷ്യക്കടത്തു വര്‍ധിക്കുന്നതിനുള്ള കാരണമെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.