രാമനാഥപുരത്തു ബസിനു തീ പിടിച്ച് അഞ്ചു പേര്‍ മരിച്ചു
Monday, September 1, 2014 12:09 AM IST
രാമനാഥപുരം: തമിഴ്നാട്ടില്‍ രാമനാഥപുരത്തു തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിനു തീ പിടിച്ച് അഞ്ചുപേര്‍ മരിച്ചു. ആറുപേര്‍ക്കു പരിക്കേറ്റു. ബസിനു പിന്നില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നു പോലീസ് അറിയിച്ചു. ബംഗാളില്‍നിന്നുള്ള തീര്‍ഥാടകരായിരുന്നു ബസിലുണ്ടായിരുന്നത്. തിരുപ്പതിയില്‍നിന്നു കന്യാകുമാരിയിലേക്കുള്ള യാത്രാമധ്യേയാണു അപകടമുണ്ടായത്.

ബസിനു പിന്നിലെ തീ കണ്ണാടിയിലൂടെ കണ്ട ഡ്രൈവര്‍ ബസ് നിര്‍ത്തി യാത്രരോടു പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. യാത്രക്കാര്‍ ഇറങ്ങുന്നതിനിടെ ഡിക്കിയില്‍ സൂക്ഷിച്ചിരുന്ന രണ്ടു ഗ്യാസ് സിലിണ്ടറുകളിലേക്കു തീ വ്യാപിച്ചു പൊട്ടിത്തെറിച്ചു. തീരപ്രദേശത്തുനിന്നുള്ള ശക്തിയേറിയ കാറ്റില്‍ തീ ആളിപ്പടര്‍ന്നതിനാല്‍ ബസിനു പിന്നിലിരുന്ന 11 പേര്‍ക്കു രക്ഷപ്പെടാനായില്ല. പരിക്കേറ്റവരെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.


ബസില്‍ 80 യാത്രക്കാരുണ്ടായിരുന്നു. പശ്ചിമബംഗാളിലെ ഹൂഗ്ളി, മിഡ്നാപുര്‍ ജില്ലകളില്‍നിന്നു കഴിഞ്ഞ 22നാണു സംഘം യാത്രതിരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.