കാഷ്മീരില്‍ മൂന്നു ജയ്ഷ് ഇ മുഹമ്മദ് തീവ്രവാദികളെ സൈന്യം വധിച്ചു
Wednesday, September 3, 2014 12:22 AM IST
ശ്രീനഗര്‍: കാഷ്മീരിലെ പുല്‍വാമ ജില്ലയില്‍ മൂന്നു ജയ്ഷെ മുഹമ്മദ് തീവ്രവാദികളെ സൈന്യം ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. ഹന്‍ജന്‍ ഗ്രാമത്തിലെ ഒളിസങ്കേതത്തില്‍ തിങ്കളാഴ്ച രാത്രി മുതല്‍ കഴിയുകയായിരുന്ന തീവ്രവാദികളെ സൈന്യവും കാഷ്മീര്‍ പോലീസും സംയുക്തമായി നടത്തിയ ആക്രമണത്തിലാണു വധിച്ചത്. ഒരു സെല്‍ഫ് ലോഡിംഗ് റൈഫിളും (എസ്എല്‍ആര്‍) ഒരു എകെ 47 റൈഫിളും മറ്റ് ആയുധങ്ങളും പോലീസ് കണ്െടടുത്തു.

ഹന്‍ജന്‍ ഗ്രാമത്തില്‍ തീവ്രവാദികള്‍ ഒളിവില്‍ കഴിയുന്ന വിവരമറിഞ്ഞാണു സൈന്യവും പോലീസും സംയുക്ത തെരച്ചില്‍ നടത്തിയത്. സൈനികനീക്കം അറിഞ്ഞ തീവ്രവാദികള്‍ അത്യാധുനിക ആയുധങ്ങളുപയോഗിച്ചു സൈന്യത്തെ ആക്രമിച്ചു. തുടര്‍ന്നു കൂടുതല്‍ സൈന്യമെത്തി പ്രദേശം വളഞ്ഞു പ്രതിരോധനിര തീര്‍ത്തു തീവ്രവാദികള്‍ക്കു നേരേ ആക്രമണം നടത്തുകയായിരുന്നു. ഇരുട്ടു മൂലം സൈന്യത്തിന് ഇടയ്ക്കു തീവ്രവാദി വേട്ട നിര്‍ത്തിവയ്ക്കേണ്ടിവന്നു. തീവ്രവാദികള്‍ തമ്പടിച്ചിരുന്ന~ഒരു വീട്ടില്‍നിന്ന് ഇടയ്ക്കിടെ വെടിവയ്പ് തുടര്‍ന്നു. തീവ്രവാദികളുടെ ഒളിസങ്കേതം മനസിലാക്കിയ സൈന്യം ചൊവ്വാഴ്ച വെളുപ്പിനു കനത്ത ആക്രമണം നടത്തി. ഒരു തീവ്രവാദി തുടക്കത്തിലേ കൊല്ലപ്പെട്ടു. പിന്നീട് രണ്ടു തീവ്രവാദികളെയും കൊലപ്പെടുത്തി. തീവ്രവാദികള്‍ ഒളിച്ചിരുന്ന വീട് ഏറ്റുമുട്ടലില്‍ പൂര്‍ണമായും തകര്‍ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.