ഡല്‍ഹിയിലും കൃഷിസമൃദ്ധിയുടെ ഓണവുമായി തോമസ് മാഷ്
ഡല്‍ഹിയിലും കൃഷിസമൃദ്ധിയുടെ  ഓണവുമായി തോമസ് മാഷ്
Wednesday, September 3, 2014 12:31 AM IST
പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: ഓണക്കാലത്തു ഡല്‍ഹിയിലെ വീട്ടിലും മുന്‍ ഭക്ഷ്യമന്ത്രി കെ.വി തോമസിന് നാട്ടിമ്പുറത്തെ കാര്‍ഷിക സമൃദ്ധി. തലസ്ഥാനത്തെ തന്റെ സര്‍ക്കാര്‍ വസതിയുടെ പറമ്പില്‍ നിറയെ കുലച്ചുനില്‍ക്കുന്ന വാഴകളാണ് തോമസിന്റെ സന്തോഷം. ഓണക്കാലത്തു തന്നെ വാഴക്കുലകള്‍ വെട്ടിയെടുക്കാന്‍ പാകമായതാണ് ഏറെ ആനന്ദദായകമെന്നു തോമസ് പറഞ്ഞു. അതിനാല്‍ തന്നെ 240 കായകളുള്ള വലിയ പൂവന്‍കുല ഇന്നു കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്കു സമ്മാനിക്കും. വലിയ റോബസ്റ കുലയിലൊന്നു മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനും ഇന്നു തന്നെ നല്‍കും. ശേഷിക്കുന്ന കുലകള്‍ ഡല്‍ഹിയിലെ തന്റെ സുഹൃത്തുക്കള്‍ക്കു നല്‍കാനാണു തോമസ് മാഷ് ആലോചിക്കുന്നത്. കൃഷിഫലങ്ങള്‍ അടക്കം ഓണക്കാലത്തു സുഹൃത്തുക്കള്‍ക്കു തന്റെ വക ഓണക്കിറ്റുകള്‍ കൊടുത്തയയ്്ക്കുന്ന പതിവും അദ്ദേഹത്തിനുണ്ട്.

റോബസ്റ, പൂവന്‍, ഞാലിപൂവന്‍ തുടങ്ങിയ ഇനങ്ങളിലായി മൊത്തം 16 വാഴക്കുലകളാണു മാഷിന്റെ വീട്ടുപരിസരത്തു വിളവെടുക്കാന്‍ തയാറായി നില്‍ക്കുന്നത്. വളക്കൂറുള്ള മണ്ണും പരിപാലിക്കാന്‍ നല്ല ജോലിക്കാരെയും കിട്ടുന്നതിനാല്‍ നാട്ടിലെ കൃഷിയേക്കാള്‍ മികച്ച ഫലവും ഡല്‍ഹിയില്‍ കിട്ടുന്നു. വലിപ്പത്തില്‍ മാത്രമല്ല രുചിയിലും ഇവിടുത്തെ പറമ്പിലെ വാഴക്കുലകള്‍ക്കു തലയെടുപ്പുണ്ട്. സോണിയയ്ക്കും മന്‍മോഹനും കൊടുക്കുന്ന കുലകള്‍ ഇക്കൂട്ടത്തിലെ മുമ്പന്മാരുമാണ്.


ഡല്‍ഹി ബി.ആര്‍. മേത്ത ലെയ്നിലെ തോമസ് മാഷിന്റെ പതിനേഴാം നമ്പര്‍ വസതിക്കു പിന്നിലേക്കു നടന്നാല്‍ കേരളത്തിലെ ഏതോ നല്ല കര്‍ഷകന്റെ കൃഷിയിടത്തിലെത്തിയ പ്രതീതിയാണ്. മന്ത്രിയായതു മുതല്‍ കഴിഞ്ഞ ആറു വര്‍ഷവും താമസിക്കുന്ന ഈ വിട്ടുപരിസരത്തു മാഷ് മുടങ്ങാതെ കൃഷി നടത്തുന്നു. വയലാര്‍ രവിയുടേത് അടക്കം ഡല്‍ഹിയിലെ എംപിമാരുടെ മറ്റു പല ഔദ്യോഗിക വസതികളിലും ഇതുപോലെ മോശമല്ലാത്ത കൃഷി നടത്താറുണ്ട്. നാടന്‍ പച്ചക്കറികളാണു തോമസ് മാഷിന്റെ കൃഷികളില്‍ മുമ്പന്‍.

മരച്ചീനി (കപ്പ) മുതല്‍ പച്ചമുളക്, ഇഞ്ചി, കാബേജ്, കോളിഫ്ളവര്‍, വെണ്ട, വഴുതന, ചീര എന്നിവ മുതല്‍ സവോള വരെയുള്ള കൃഷികള്‍. സീസണ്‍ അനുസരിച്ചാണു എല്ലാ കൃഷിയും നടത്തുക. ഇതിനു പുറമേ നിറയെ മുരിങ്ങയ്ക്കകള്‍ കായ്ക്കുന്ന വലിയ മുരിങ്ങ മുതല്‍ കിലോക്കണക്കിനു കറിവേപ്പില വെട്ടിയെടുക്കാവുന്ന വലിയ കറിവേപ്പുകള്‍ വരെ മാഷിന്റെ ചെറിയ കൃഷിഭൂമിയില്‍ സമൃദ്ധി വിളയിക്കുന്നു.

നല്ല പോലെ പരിപാലിച്ചാല്‍ വിളവെടുപ്പിന്റെ സമയത്തു ഇത്രയേറെ സന്തോഷവും ആത്മസംതൃപ്തിയും തരുന്ന മറ്റൊന്നും ജീവിതത്തില്‍ കിട്ടില്ലെന്നും മാഷ് സാക്ഷ്യം പറയുന്നു. ഭക്ഷ്യസുരക്ഷ നിയമം പാസാക്കിയതു പോലെയുള്ള സംതൃപ്തിയാണു കൃഷിയിലും കിട്ടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.