കാഷ്മീരില്‍ രണ്ടു ലക്ഷം പേരെ ഒഴിപ്പിച്ചു
കാഷ്മീരില്‍ രണ്ടു ലക്ഷം പേരെ ഒഴിപ്പിച്ചു
Monday, September 15, 2014 12:08 AM IST
ശ്രീനഗര്‍: കാഷ്മീരില്‍ പ്രളയത്തിലകപ്പെട്ട രണ്ടു ലക്ഷം പേരെ സൈന്യവും ദേശീയ ദുരന്ത നിവാരണ സേനയും(എന്‍ഡിആര്‍എഫ്) ചേര്‍ന്ന് ഒഴിപ്പിച്ചു. രാവിലെ പെയ്ത മഴ രക്ഷാപ്രവര്‍ത്തനത്തിനു തടസം സൃഷ്ടിച്ചെങ്കിലും ഇന്നലെ 60,000 പേരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. പ്രളയത്തില്‍ ഇപ്പോഴും ഒരു ലക്ഷത്തിലേറെപ്പേര്‍ കുടുങ്ങിക്കിടക്കുകയാണ്. അനൌദ്യോഗിക കണക്കുപ്രകാരം പ്രളയത്തില്‍ 250 പേര്‍ മരിച്ചിട്ടുണ്ട്.

ഇന്നലെ രാവിലെ എട്ടരയ്ക്ക് ആരംഭിച്ച മഴ ഒരു മണിക്കൂര്‍ നീണ്ടു. തുടര്‍ന്നു സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനം 11.15 വരെ നിര്‍ത്തിവച്ചു. അഞ്ചു ദിവസത്തിനുശേഷമാണു മഴയുണ്ടായത്. രണ്ടാഴ്ചയായി പ്രളയം തുടരുന്നതിനാല്‍ സാംക്രമികരോഗങ്ങള്‍ പടരുമെന്ന ഭീതിയിലാണു കാഷ്മീര്‍ താഴ്വര. ജലനിരപ്പു താഴ്ന്നെങ്കിലും താഴ്വരയാകെ മാലിന്യങ്ങളും മൃഗങ്ങളുടെ ജഡങ്ങളും അടിഞ്ഞിരിക്കുകയാണ്. ശുദ്ധമായ കുടിവെള്ളം ഒരിടത്തും കിട്ടാനില്ലാത്ത അവസ്ഥയാണ്. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനും കാഷ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും സ്ഥിതിഗതികള്‍ സംബന്ധിച്ചു ചര്‍ച്ച നടത്തി. കേന്ദ്രം കൂടുതല്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.


പലയിടത്തും ജനങ്ങള്‍ പ്രതിഷേധത്തിലാണ്. പ്രളയത്തിലകപ്പെട്ടവര്‍ക്ക് അവശ്യവസ്തുക്കളുമായി എത്തിയ ഹെലികോപ്റ്ററുകള്‍ക്കു നേരേ കല്ലേറുണ്ടായി. ക്രമസമാധാന പാലനത്തിനായി രണ്ടു ബറ്റാലിയന്‍ ആംഡ് പോലീസിനെ കാഷ്മീരില്‍ എത്തിച്ചിട്ടുണ്ട്. ശ്രീനഗറിലെ പ്രളയമേഖലകളില്‍ പോലീസ് വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പുനഃസ്ഥാപിച്ചു.

കാഷ്മീര്‍ മേഖലയില്‍ 60 ശതമാനവും ജമ്മു മേഖലയില്‍ 85 ശതമാനവും വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചുവെന്നു മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അറിയിച്ചു.

കാഷ്മീരില്‍ 109 വര്‍ഷത്തിനിടെ ഏറ്റവും ദുരന്തം വിതച്ച പ്രളയത്തില്‍ സംസ്ഥാനത്തിന് 5400-5700 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്െടന്നാണു കണക്കാക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.