മദ്യപിച്ചു വാഹനമോടിച്ചാല്‍ പിഴ 25,000 രൂപ
മദ്യപിച്ചു വാഹനമോടിച്ചാല്‍  പിഴ 25,000 രൂപ
Monday, September 15, 2014 12:09 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: മദ്യപിച്ചു വാഹനമോടിച്ചു പിടിക്കപ്പെട്ടാല്‍ പിഴ 25,000 രൂപ. അല്ലെങ്കില്‍ മൂന്നു മാസത്തില്‍ കുറയാത്ത ജയില്‍ ശിക്ഷ. അതുമല്ലെങ്കില്‍ ആറു മാസത്തേക്കു ലൈസന്‍സ് റദ്ദാകും. റോഡപകടങ്ങള്‍ നിയന്ത്രിക്കുന്നതിനായി പരിഷ്കരിച്ച റോഡ് സേഫ്റ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ബില്ലിന്റെ കരടിലാണ് ഈ നിര്‍ദേശങ്ങള്‍. അലക്ഷ്യമായി വാഹനം ഓടിക്കുന്നതുമൂലം കുട്ടികള്‍ മരിക്കാനിടയായാല്‍ മൂന്നു ലക്ഷം രൂപ വരെ പിഴയും ഏഴു വര്‍ഷം വരെ തടവുശിക്ഷയും നല്‍കാന്‍ ബില്‍ നിര്‍ദേശിക്കുന്നു.

മദ്യപിച്ചു വാഹനമോടിക്കുന്നതിലും അലക്ഷ്യമായി വാഹനമോടിക്കുന്നതു മൂലമുണ്ടാകുന്ന അപകടങ്ങളില്‍ കുട്ടികള്‍ക്കു മരണമോ ഗുരുതരമായ പരിക്കോ ഉണ്ടായാലും കടുത്ത ശിക്ഷ ഉറപ്പാക്കുന്ന വിധത്തിലാണു പുതിയ ബില്ലിനു കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്. മദ്യപിച്ചു വാഹനമോടിക്കുന്നതിനു പിടിക്കപ്പെട്ടാല്‍ ആദ്യം 25,000 രൂപയോ മൂന്നു മാസം തടവോ ആണു ശിക്ഷയെങ്കില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ വീണ്ടും പിടിക്കപ്പെട്ടാല്‍ 50,000 രൂപ പിഴയോ ഒരു വര്‍ഷം വരെ തടവോ ഇവ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടിവരും. ഇതോടൊപ്പം ഒരു വര്‍ഷത്തേക്കു ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും.

മൂന്നാം തവണയും പിടിക്കപ്പെട്ടാല്‍ ആജീവനാന്ത കാലത്തേക്കു ലൈസന്‍സ് റദ്ദാക്കുകയും വാഹനം കസ്റഡിയിലെടുക്കുകയും ചെയ്യണമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ മദ്യപിച്ചു വാഹന മോടിച്ചാല്‍ ആദ്യതവണതന്നെ തടവും പിഴയും ലൈസന്‍സ് റദ്ദാക്കലുമെല്ലാം ഒന്നിച്ച് അനുഭവിക്കേണ്ടിവരും. അപകടത്തില്‍ കുട്ടികള്‍ മരിച്ചാല്‍ ഡ്രൈവറുടെ അശ്രദ്ധയാണു കാരണമെങ്കില്‍ കുറഞ്ഞത് ഏഴു വര്‍ഷം തടവും മൂന്നു ലക്ഷം രൂപ പിഴയുമാണു ശിക്ഷ. കുട്ടികളെ കയറ്റിയ വാഹനം അപകടകരമായി ഓടിച്ചാല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്നു മാത്രമല്ല, 15,000 രൂപയും പിഴയും നല്‍കണം.


വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ പെറ്റി അടിച്ചു രക്ഷപ്പെടാമെന്നു വിചാരിക്കേണ്ട. 4000 രൂപ വരെ പിഴ ഈടാക്കാനാണു ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഹെല്‍മറ്റ് ധരിക്കാത്തതിനുള്ള കുറ്റത്തിനും പിഴ 2500 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. ട്രാഫിക് സിഗ്നല്‍ ലംഘിക്കുന്നതും ആംബുലന്‍സിനു തടസമുണ്ടാക്കുന്നതും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതും ഒക്കെ 5000 രൂപ പിഴ ഈടാക്കാവുന്ന കുറ്റങ്ങളാണ്. ഇതേ കുറ്റങ്ങള്‍ ആവര്‍ത്തിച്ചാല്‍ പിഴ 10,000 രൂപയും 15,000 രൂപയുമായി വര്‍ധിക്കുകയും ലൈസന്‍സ് റദ്ദാക്കപ്പെടുകയും ചെയ്യും.

വാഹന ങ്ങളുടെ രൂപകല്പനയിലെ അപാകതമൂലം അപകടമുണ്ടായാല്‍ അഞ്ച് ലക്ഷം രൂപ വരെയാകും പിഴ. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കുന്ന ബില്ലിലെ നിര്‍ദേശങ്ങളില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തേടുന്നതിനായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.