കാഷ്മീര്‍ പ്രളയം: രണ്ടര ലക്ഷം പേരെ രക്ഷപ്പെടുത്തി
കാഷ്മീര്‍ പ്രളയം: രണ്ടര ലക്ഷം പേരെ രക്ഷപ്പെടുത്തി
Tuesday, September 16, 2014 11:49 PM IST
ജമ്മു/ശ്രീനഗര്‍: ഭൂമിയിലെ പറുദീസയെ തരിപ്പണമാക്കിയ പ്രളയത്തില്‍നിന്ന് 2,26,000 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചു. പ്രളയബാധിത പ്രദേശങ്ങളില്‍ ദിവസങ്ങളായി പെയ്തിരുന്ന മഴ ശമിച്ചതോടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കി. എന്നാല്‍, രണ്ടാഴ്ച പിന്നിട്ടിട്ടും ചില പ്രദേശങ്ങളിലെ ജലനിരപ്പ് പത്ത് അടിക്കു മുകളിലാണ്.

ഇതിനിടെ, അവസാനത്തെ വ്യക്തിക്കു വരെ ദുരിതാശ്വാസം ലഭിക്കുന്നുണ്െടന്ന് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ ഉറപ്പുവരുത്തണമെന്നു സുപ്രീംകോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റീസ് ആര്‍.എം. ലോധ അധ്യക്ഷനായ ബെഞ്ചാണ് പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തരസഹായം ഫലപ്രദമായി നല്‍കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേ ഇക്കാര്യം വ്യക്തമാക്കിയത്. ജലനിരപ്പ് സാവധാനത്തില്‍ കുറയുന്നുണ്ട്. എന്നാല്‍, ജലജന്യ അസുഖങ്ങള്‍ വര്‍ധിച്ചുവരുന്നതായി കരസേനാ വക്താവ് കേണല്‍ എസ്.ഡി. ഗോസ്വാമി പറഞ്ഞു.

ദുരിതാശ്വസ ക്യാമ്പുകളില്‍ ശുദ്ധജലം എത്തിക്കുന്നതായിനായി നാലു ലക്ഷം ലിറ്റര്‍ ജലം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള 20 ആര്‍ഒ പ്ളാന്റുകള്‍ ഹൈദരാബാദില്‍നിന്നും ഒരു ലക്ഷം ലിറ്റര്‍ ജലം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള നാല് ആര്‍ഒ പ്ളാന്റുകള്‍ ഡല്‍ഹിയില്‍നിന്നും ശ്രീനഗറില്‍ എത്തിച്ചിട്ടുണ്ട്. ആശുപത്രികളിലും ദുരിതാശ്വാസ ക്യാമ്പുകളിലും വൈദ്യുതി ലഭ്യമാക്കാന്‍ 3-5 കിലോവാട്ട് ശേഷിയുള്ള 30 ജനറേറ്റുകള്‍ ലഭ്യമാക്കിയിട്ടിട്ടുണ്ട്. ടെക്സ്റൈല്‍ മന്ത്രാലയം, റെഡ് ക്രോസ് സൊസൈറ്റി, ജാര്‍ഖണ്ഡ്, പഞ്ചാബ് സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവ നല്‍കിയ 33,000 പുതപ്പുകള്‍ ശ്രീനഗറില്‍ വ്യോമമാര്‍ഗം എത്തിച്ചതായും അദ്ദേഹം പറഞ്ഞു.


ഇതിനിടെ, കാഷ്മീര്‍ താഴ്വരയില്‍ ശ്രീനഗറിനും ബാരാമുള്ളയ്ക്കും ഇടയ്ക്കു ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. രാജ്ബാഗ്, ജവഹര്‍നഗര്‍ പ്രദേശത്ത് പമ്പ് സെറ്റ് ഉപയോഗിച്ച് വെള്ളംവറ്റിക്കല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഒഎന്‍ജിസിയുടെ രണ്ട് വലിയ പമ്പുസെറ്റും 30 വാട്ടര്‍ പമ്പുകളുമാണ് ഇതിനായി ഉപയോഗിക്കുന്നത്. അഗ്നിശമന സേനയും ജവഹര്‍നഗര്‍, ഗോഗ്ളിബാഗ് പ്രദേശത്തു വെള്ളം വറ്റിക്കുന്നുണ്ട്. ഝലം നദിയിലെ ജലനിരപ്പ് കഴിഞ്ഞ അഞ്ചുദിവസമായി കുറയുന്നുണ്െടന്നും അധികൃതര്‍ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.