സര്‍വകലാശാലകളില്‍ ഹിന്ദി പഠനം: വിവാദ സര്‍ക്കുലര്‍ റദ്ദാക്കി
Friday, September 19, 2014 12:47 AM IST
ന്യൂഡല്‍ഹി: സര്‍വകലാശാലകളില്‍ ഹിന്ദി പഠനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള യുജിസിയുടെ വിവാദ സര്‍ക്കുലര്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ഇതുസംബന്ധിച്ചു പുതുക്കിയ സര്‍ക്കുലര്‍ ഇന്നിറക്കുമെന്നു യുജിസി ചെയര്‍മാന്‍ വേദ് പ്രകാശ് അറയിച്ചു.

സര്‍വകലാശാലകളിലെ ബിരുദ കോഴ്സുകളില്‍ മുഖ്യഭാഷകളിലൊന്നായി ഹിന്ദി പഠിപ്പിക്കണമെന്നായിരുന്നു വിവാദ സര്‍ക്കുലര്‍. ഇതിനെതിരേ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത രൂക്ഷമായി പ്രതികരിച്ചിരുന്നു. സര്‍ക്കുലര്‍ നിയമവിരുദ്ധമാണെന്നും അവര്‍ കുറ്റപ്പെടുത്തി. മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് സമാനമായ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും തമിഴ്നാടിനെ ഒഴിവാക്കിയിരുന്നു. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഹിന്ദി പഠനം നിര്‍ബന്ധിതമാക്കാന്‍ വീണ്ടും സജീവ നീക്കം തുടങ്ങിയതാണ് ജയലളിതയെ ചൊടിപ്പിച്ചത്. നീക്കത്തിനെതിരേ എന്‍ഡിഎ ഘടകകക്ഷികളായ പിഎംകെയും എംഡിഎംകെയും നേരത്തെ തന്നെ രംഗത്തുവന്നിരുന്നു. നിര്‍ബന്ധിത ഹിന്ദി പഠനത്തില്‍ ഡിഎംകെയും എതിര്‍പ്പ് അറിയിക്കുകയുണ്ടായി. ഈ പ്രതിഷേധങ്ങളെത്തുടര്‍ന്നാണു സര്‍ക്കുലര്‍ പിന്‍വലിച്ചത്.


കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ സോഷ്യല്‍ മീഡിയയില്‍ ഹിന്ദി ഉപയോഗിക്കണമെന്ന നിര്‍ദേശത്തിനെതിരെയും തമിഴ്നാട്ടില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.