വിജിലന്‍സ് കമ്മീഷണര്‍മാരാക്കാന്‍ ഉദ്യോഗസ്ഥരെ മാത്രം പരിഗണിക്കുന്നത് എന്തുകൊണ്െടന്നു സുപ്രീംകോടതി
Friday, September 19, 2014 11:57 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: മുഖ്യ വിജിലന്‍സ് കമ്മീഷണറായും വിജിലന്‍സ് കമ്മീഷണര്‍മാരായും നിയമിക്കാന്‍ ഉദ്യോഗസ്ഥരെ മാത്രം പരിഗണിക്കുന്നത് എന്തുകൊണ്ടാണെന്നു സുപ്രീംകോടതി. നിയമന നടപടികളില്‍ സുതാര്യത ഉണ്ടാകുന്നില്ലെന്നും സ്വജനപക്ഷപാതവും പാദസേവയുമാണ് ഇതില്‍ മാനദണ്ഡങ്ങളാകുന്നതെന്നും ചീഫ് ജസ്റീസ് ആര്‍.എം. ലോധ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിമര്‍ശിച്ചു. കേസില്‍ കോടതിയുടെ തീരുമാനമുണ്ടാകുന്നതു വരെ പുതിയ സിവിസി നിയമന കാര്യത്തില്‍ നടപടിയെടുക്കരുതെന്നും കേന്ദ്രസര്‍ക്കാരിനോടു സുപ്രീംകോടതി നിര്‍ദേശിച്ചു.

മുഖ്യ വിജിലന്‍സ് കമ്മീഷണറെയും വിജിലന്‍സ് കമ്മീഷണര്‍മാരെയും ലോക്പാല്‍ മാതൃകയില്‍ നിയമിക്കണമെന്ന പൊതുതാത്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. കേസില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും നിര്‍ദേശിച്ചു. അതേസമയം, ഉന്നതപദവിയിലേക്കുള്ള നിയമനമായതിനാല്‍ പൊതുജനങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിക്കാനാവില്ലെന്നും ഇതിനായി പരസ്യം ചെയ്താല്‍ അപേക്ഷകള്‍ ധാരാളം ലഭിക്കുമെന്നും അതു പരിശോധിക്കുന്നതു പ്രായോഗികമല്ലെന്നും കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി അറിയിച്ചു.


വിവിധ വകുപ്പു സെക്രട്ടറിമാര്‍ നിര്‍ദേശിച്ച 120 പേരുടെ പട്ടികയില്‍ പരിശോധന പൂര്‍ത്തിയാക്കി 20 പേരുടേതാക്കിയെന്നും അതില്‍ നിന്ന് അഞ്ചു പേരുടെ ചുരുക്കപ്പട്ടികയാക്കി നിയമന സമിതിക്കു കൈമാറുമെന്നും അറ്റോര്‍ണി ജനറല്‍ വിശദമാക്കി. നിയമന നടപടികള്‍ പൂര്‍ത്തിയാകണമെങ്കില്‍ ഒരു മാസമെങ്കിലും സമയം വേണ്ടിവരും. നിയമനം സംബന്ധിച്ച കേസ് കോടതി പരിഗണിക്കുന്നതിനാല്‍ പുതിയ സിവിസി നിയമന കാര്യത്തില്‍ അന്തിമതീരുമാനമെടുത്തിട്ടില്ലെന്നും എജി വ്യക്തമാക്കി. ഇതിനു പേരുകള്‍ നിര്‍ദേശിക്കാന്‍ സെക്രട്ടറിമാര്‍ക്ക് എന്തു മാനദണ്ഡമാണുള്ളതെന്നായിരുന്നു ജസ്റീസുമാരായ കുര്യന്‍ ജോസഫ്, ആര്‍.എഫ്. നരിമാന്‍ എന്നിവര്‍കൂടി ഉള്‍പ്പെട്ട ബെഞ്ച് ചോദിച്ചത്. ഇക്കാര്യത്തില്‍ ഒക്ടോബര്‍ ഒന്‍പതിനു വിശദീകരണം നല്‍കണമെന്നും കേസ് വീണ്ടും ഒക്ടോബര്‍ 14നു പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.